ഞാൻ ശ്വേതയെ വിശ്വസിച്ചിരുന്നു .കാര്യമായിട്ട് വിശ്വസിച്ചിരുന്നു';രമേശ് പിഷാരടി പറയുന്നു
താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം നടി ശ്വേത മേനോൻ പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇരുവരുടേയും സ്വകാര്യ സംഭാഷണമാണ് നടി പങ്കുവെച്ചത്. ഇപ്പോഴിതാ ആദ്യമായി ആ സംഭവത്തിൽ പ്രതികരിക്കുകയാണ് അദ്ദേഹം. മനോരമ ന്യൂസ് നേരെ ചൊവ്വെ പരിപാടിയിലാണ് പ്രതികരണം. വായിക്കാം
'ഞാൻ ശ്വേതയെ വിശ്വസിച്ചിരുന്നു .കാര്യമായിട്ട് വിശ്വസിച്ചിരുന്നു, അത്രേ ഉള്ളൂ.
അന്നത്തെ ഒരു മണിക്കൂർ കൊണ്ട് അവിടുന്ന് പോയ ഒരാളാണ് ഞാൻ. അന്നത്തെ ദിവസം ഞാനും മാണി സി കാപ്പൻ സാറും ഞങ്ങൾ എംഎൽഎ ആയതിൻ്റെ ഷീൽഡ് വാങ്ങാനായിപോയതാണ്. വിളിച്ചുവരുത്തിയതാണ്. ഞങ്ങൾക്ക് ഇത് തന്നു. ഒരു മണിക്കൂർ ആയപ്പോൾ എനിക്ക് പാലക്കാടേക്ക് പോകണം. അങ്ങനെ ഞാൻ പോയി, വൈകീട്ട് എത്താറായപ്പോൾ ജഗദീഷ് ഏട്ടൻ വിളിച്ച് പറഞ്ഞു ഇപ്പോഴുള്ള ടീം മുഴുവൻ രാജി വെച്ചു പോയി ,നിങ്ങൾ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് ആകണം എന്ന് എല്ലാരും പറഞ്ഞുവെന്ന്. അവിടെ നടന്ന പ്രോസസുകളൊക്കെ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാൻ പറഞ്ഞു ചേട്ടാ രണ്ടര മാസം കേട്ടോ, എനിക്കതിൽ കൂടുതൽ പറ്റില്ല. ഞാൻ വേറെ ഭാരിച്ച ഉത്തരവാദിത്വത്തിൽ നിൽക്കുകയാണ്. ഉടനെ തന്നെ ഇലക്ഷൻ നടത്തണം ഞാൻ പിന്മാറും എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ അത് ആയത്. അതിന്റെ ഒരു പ്രാഥമിക മീറ്റിംഗ് ഒക്കെ കഴിഞ്ഞപ്പോൾ തന്നെയാണ് എൻറെ അഡ്ഹോക്ക് കമ്മിറ്റി വാലിഡ് അല്ല എന്നുള്ള രീതിയിലുള്ള കേസ് കൊടുത്തതും കമ്മിറ്റിക്ക് സ്റ്റേ വന്നതും. അതിനെതിരെ വീണ്ടും നിയമപോരാട്ടം നടത്താൻ എനിക്ക് തോന്നിയില്ല.
സംഘടനയുടെ നേതൃത്വത്തിൽ നിന്ന് ആദ്യമായിട്ട് കേസ് കിട്ടിയ ഒരാൾ ഞാനാണ്.ആ സംഘടനയുടെ നേതൃത്വം കേസ് കൊടുത്ത ഒരേ ഒരു മെമ്പർ ആയി ഞാൻ പരിണമിച്ചു, ഞാൻ അതിന്റെ പുറകെ പോയില്ല ,ഞാൻ അപ്പോൾ തന്നെ അത് വിട്ടു.
കലയിൽ നമ്മുക്ക് ഇഷ്ടമില്ലാത്തതിനെ നമ്മൾ അവഗണിക്കും. പൊളിറ്റിക്സിൽ ഒരു എനിമിറ്റി ഉണ്ട് . മറ്റൊന്ന് ഞാൻ സിനിമയിൽ ഉണ്ടായിരുന്ന ഒരാളാണല്ലോ. അതായത് സർഫിന്റെ കമ്പനി ചായപ്പൊടി ഇറക്കിയാൽ എത്ര നല്ല ചായപ്പൊടി ആണെങ്കിലും നമുക്ക് അതിലൊരു പത കണ്ടാൽ പോലും ഒരു സംശയം തോന്നുമല്ലോ. അതുപോലെ ഈ സിനിമാ നടൻ എംഎൽഎ ആയതുകൊണ്ട് എന്നെ മൈക്രോസ്കോപ്പ് വെച്ചാ നാട്ടുകാർ നോക്കുന്നത്. എംഎൽഎ എന്നുള്ള രീതിയിൽ ഇതിനൊരു കുറവുണ്ടോ, കൃത്യമായിട്ടാണോ കാര്യങ്ങൾ പോകുന്നത് എന്നുള്ളത് അവർ നോക്കുന്നുണ്ട്', രമേശ് പിഷാരടി പറഞ്ഞു.


Click it and Unblock the Notifications
