'പട്ടിയെ പോലെ തല്ലും, പട്ടിണിക്കിടും, ഭർത്താവിന്റെ അച്ഛനും മോശമായി പെരുമാറി', ഞെട്ടിച്ച് വിപഞ്ചികയുടെ കുറിപ്പ്
കൊല്ലം സ്വദേശിനി വിപഞ്ചിക മണിയേയും മകളേയും ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് കേട്ടാല്‍ നെഞ്ച് തകരുന്ന വിവരങ്ങള്‍. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്ന് കൊടിയ പീഡനങ്ങളാണ് വിപഞ്ചിക നേരിടേണ്ടി വന്നത് എന്നാണ് കുടുംബം ആരോപിക്കുന്നത്. വിപഞ്ചിക മരണത്തിന് മുന്‍പ് പങ്കുവെച്ച കുറിപ്പ് പറയുന്നതും മറ്റൊന്നല്ല.
ജൂലൈ 8നാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലുളള അപ്പാര്‍ട്ട്‌മെന്റില്‍ 33കാരിയായ വിപഞ്ചികയേയും ഒന്നര വയസ്സുളള മകള്‍ വൈഭവിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ മുറിയിലെ ഊഞ്ഞാല്‍ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം.
മരണത്തിന് മുന്‍പ് താന്‍ അനുഭവിച്ച കൊടിയ പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിപഞ്ചിക പോസ്റ്റ് ഇട്ടിരുന്നു. ഭര്‍ത്താവ് നിതീഷ് വലിയവീട്ടില്‍, ഭര്‍തൃസഹോദരി നീതു ബെന്നി, അമ്മായിഅച്ഛനായ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് വിപഞ്ചിക ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കൊല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിപഞ്ചിക മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

''എല്ലാം ഞാന്‍ നിശബ്ദമായി സഹിക്കുകയായിരുന്നു. വിവാഹം അവര്‍ കരുതിയത് പോലെ ഗംഭീരമായല്ല നടത്തിയത്, സ്ത്രീധനം കുറവായിരുന്നു, കാര്‍ തന്നില്ല അങ്ങനെ പലതും പറഞ്ഞായിരുന്നു പീഡനം. എന്നെ വീടില്ലാത്തവളെന്നും കാശില്ലാത്ത വീട്ടിൽ നിന്ന് വന്നവളെന്നും ജീവിക്കാന്‍ വേണ്ടി തെണ്ടുന്നവളെന്നും വിളിക്കുമായിരുന്നു. അവരുടെ കയ്യില്‍ ഇഷ്ടം പോലെ പണം ഉണ്ടായിരുന്നിട്ട് കൂടി തന്റെ ശമ്പളത്തിന് വേണ്ടി ഉപദ്രവിക്കുമായിരുന്നു'', വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
നാലര വര്‍ഷം മുന്‍പായിരുന്നു വിപഞ്ചികയും നിതീഷും തമ്മിലുളള വിവാഹം. 7 മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഭര്‍ത്താവും വീട്ടുകാരും പട്ടിണിക്കിടുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു. പട്ടിയെപ്പോല ഭര്‍ത്താവ് തന്നെ തല്ലിച്ചതച്ചിരുന്നു. മാത്രമല്ല പോണ്‍ വീഡിയോകള്‍ കണ്ട് അത് പോലുളള ലൈംഗിക വൈകൃതങ്ങള്‍ക്കും ഭര്‍ത്താവ് തന്നെ ഇരയാക്കിയിരുന്നുവെന്നും ഭര്‍ത്താവിന്റെ അച്ഛനും മോശമായി തന്നോട് പെരുമാറിയിരുന്നു എന്നും വിപഞ്ചിക ആരോപിക്കുന്നു.
ഇക്കാര്യം നിതിഷിനോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, ഞാന്‍ നിന്നെ കല്യാണം കഴിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, എന്റെ അച്ഛന് കൂടി വേണ്ടിയാണ് എന്നായിരുന്നുവെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു. വിപഞ്ചികയുടേത് ആത്മഹത്യയല്ല കൊലപാതകം ആണെന്നാണ് കുടുംബം ആരോപിക്കുന്നത്. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അത് ക്ഷമിക്കാന്‍ പോലും മകള്‍ തയ്യാറായിരുന്നു എന്നുമാണ് വിപഞ്ചികയുടെ അമ്മ പറയുന്നത്.












Click it and Unblock the Notifications