Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ടാം ക്ലാസുകാരനായ ഞാൻ അമ്മയോട് ചോദിച്ചു; ആരാണ് രാജൻ'? അടിയന്തരാവസ്ഥ ഓർത്തെടുത്ത് മന്ത്രി എംബി രാജേഷ്

ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമെന്ന് വിളിക്കാവുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 50 വർഷം തികയുകയാണ്. ക്രൂരമായ മനുഷ്യാവകാശലംഘനങ്ങൾക്ക് ഇക്കാലത്ത് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ സാധാരണക്കാരായ മനുഷ്യർ മുതൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും കലാകാരന്മാരുമൊക്കെയുണ്ട്. അടിയന്തരാവസ്ഥയെ കുറിച്ച് ഓർക്കുമ്പോൾ കേരളം ഒരിക്കലും മറക്കാത്ത പേരാണ് രാജൻ എന്ന വിദ്യാർത്ഥിയുടേത്.

അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മ പങ്കുവെച്ച് മന്ത്രി എംബി രാജേഷ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് താൻ രണ്ടാം ക്ലാസിൽ പഠിക്കുകയാണെന്നും അന്ന് രാജനെ കുറിച്ചുളള മുദ്രാവാക്യങ്ങൾ കേട്ടിരുന്നുവെന്നും അമ്മയോട് അതേക്കുറിച്ച് താൻ ചോദിച്ചിരുന്നുവെന്നും എംബി രാജേഷ് കുറിക്കുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. സന്ധ്യക്ക് വിളക്കുവെച്ചാൽ കുട്ടികളെല്ലാം കുളിയും കഴിഞ്ഞ് നാമം ചൊല്ലണമെന്നത് വീട്ടിലെ ചിട്ടയാണ്. അതിനൊരുങ്ങി വീടിന്റെ കോലായിലിരിക്കുമ്പോഴാണ് നാട്ടിൻപുറത്തെ സന്ധ്യയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് അകലെ നിന്ന് ഒരാരവം പതുക്കെ അടുത്തടുത്തു വന്നത്. വീട്ടിൽനിന്ന് അല്പം മാത്രം അകലെയുള്ള റോഡിലൂടെ ഒരു ജാഥ പോവുകയാണ്. ആ ജാഥയിൽ ഉയരുന്ന ചോദ്യം "എവിടെ ഞങ്ങടെ രാജനെവിടെ, മറുപടി പറയൂ കരുണാകരാ" എന്നാണ്. രണ്ടാം ക്ലാസുകാരനായ ഞാൻ അമ്മയോട് ആരാണ് രാജൻ എന്ന് ചോദിച്ചു. പോലീസ് പിടിച്ചുകൊണ്ടുപോയ ശേഷം പിന്നീട് ലോകം കണ്ടിട്ടില്ലാത്ത കോഴിക്കോട് ആർ ഇ സി വിദ്യാർത്ഥിയായ രാജനെക്കുറിച്ച് അമ്മ പറഞ്ഞ കൂട്ടത്തിലാണ് ഞാൻ അടിയന്തിരാവസ്ഥ എന്ന വാക്ക് ആദ്യം കേൾക്കുന്നത്. അപ്പോഴേക്കും അടിയന്തിരാവസ്ഥ പിൻവലിച്ചുകഴിഞ്ഞിരിക്കണം.

mbr

അക്കാലത്തെ മറ്റൊരോർമ ചളവറ ഹൈസ്‌കൂളിലെ ഒരു കുട്ടിയെ പോലീസുകാർ മോഷണക്കുറ്റം ആരോപിച്ച് പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത് നാട്ടിലാകെ ഭീതിയുണ്ടാക്കിയതാണ്. ചെറിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പച്ച ഈർക്കിൽ കയറ്റിയും നഖങ്ങളിൽക്കിടയിൽ മൊട്ടുസൂചി കയറ്റിയുമൊക്കെ പീഡിപ്പിച്ചതിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ കേട്ടത് ഇപ്പോഴും നടുക്കമുള്ള ഓർമയാണ്. അന്ന് ചളവറ ഹൈസ്‌കൂളിൽ നിന്ന് 'വിദ്യാർത്ഥി ഐക്യം' മുദ്രാവാക്യവുമായി അഞ്ച് കിലോമീറ്റർ നടന്ന് ഒരു വിദ്യാർത്ഥിജാഥ ഞങ്ങളുടെ യു പി സ്‌കൂളിലെത്തിയതും ബെല്ലടിച്ച് അവർ സ്‌കൂൾ വിട്ടതും ഓർമയുണ്ട്. പോലീസ് മർദ്ദനത്തിനെതിരായ പ്രതിഷേധമായിരുന്നു. ആ സംഭവം അടിയന്തിരാവസ്ഥക്കു ശേഷമാണെന്ന് തോന്നുന്നു. ഭരണകൂടവും പൊലീസും ചേർന്ന് നാട്ടിലാകെ തേർവാഴ്ച നടത്തിയ ഒരു ഇരുണ്ട കാലം. എന്റെ ശൈശവ സ്മരണകളിൽ ഭയം നിറച്ച ചില ഓർമകളാണിവയൊക്കെ.

പിന്നീട് ഹൈസ്‌കൂളിലും കോളേജിലുമെത്തിയപ്പോൾ അടിയന്തിരാവസ്ഥയെക്കുറിച്ച് കേട്ടും വായിച്ചും കൂടുതൽ മനസ്സിലാക്കി. കക്കയം ക്യാമ്പിൽ കരുണാകരന്റെ വിശ്വസ്ത കിങ്കരന്മാരായിരുന്ന ജയറാം പടിക്കലും ലക്ഷ്മണയും പുലിക്കോടനും മറ്റും ഉരുട്ടിക്കൊന്ന രാജനെക്കുറിച്ചും ലോക്കപ്പുകളിൽ അസ്ഥി നുറുങ്ങിയ അനേകം മനുഷ്യരെക്കുറിച്ചും വിറയാർന്ന അക്ഷരങ്ങളില്‍ വേദനയോടെയും രോഷത്തോടെയും വായിച്ചു. മകനെത്തേടിയലഞ്ഞ പ്രൊഫ. ഈച്ചര വാര്യരുടെയും മകനെ കാത്തുകാത്തിരുന്ന് മനോനില തെറ്റിയ അദ്ദേഹത്തിന്റെ ഭാര്യയുടെയും നെഞ്ചുകലങ്ങുന്ന ദുഃഖം എന്നെ പൊള്ളിച്ചിട്ടുണ്ട്.

രാജനെ അറസ്റ്റ് ചെയ്ത് ഉരുട്ടിക്കൊല്ലാൻ കാരണമായതായി കരുതുന്ന 'കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ' എന്ന പാട്ട് റേഡിയോയിൽ കേൾക്കുമ്പോഴെല്ലാം കക്കയം ക്യാമ്പും ഇന്ദിരാഗാന്ധിയും കരുണാകരനും പടിക്കലും പുലിക്കോടനും ഓർമയിലെത്തും. ഇന്ദിരയുടെ അർധഫാസിസ്റ്റ് വാഴ്ചയുടെ ഭീകരതയോടുള്ള രോഷം കനത്തു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ പട്ടിണിപ്പാവങ്ങളായ പതിനായിരങ്ങളുടെ ചേരികളും കൂരകളും ഡൽഹിയിലെ തുർക്മാൻ ഗേറ്റിൽ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയതും പുരുഷന്മാരെ മുഴുവൻ പിടിച്ചുകൊണ്ടുപോയി നടത്തിയ നിർബന്ധിത വന്ധ്യംകരണവുമെല്ലാം ഇന്ദിരയും ഇരുട്ടും ഒരുമിച്ചുവാണ സ്വേച്ഛാധിപത്യത്തിന്റെ കൊടും പാതകങ്ങളിൽ ചിലതു മാത്രം.

പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്, ഈയിടെ അന്തരിച്ച വിഖ്യാത സംവിധായകൻ ഷാജി എൻ കരുണിന്റെ മഹത്തായ സിനിമ 'പിറവി' പുറത്തിറങ്ങുന്നത്. രാജൻ സംഭവത്തെ മുൻനിർത്തി, കാണാതായ മകനെ തേടിയുള്ള അച്ഛന്റെ അന്വേഷണത്തിന്റെ ഉള്ളുലയ്ക്കുന്ന അനുഭവമാണ് ആ സിനിമ. എന്തിനാണ് എന്റെ കുട്ടിയെ മഴയത്ത് നിർത്തിയിരിക്കുന്നത് എന്ന, മനോനില തെറ്റിയ അമ്മയുടെ ചോദ്യം കേട്ടാൽ ആരാണ് കരഞ്ഞുപോകാത്തത് ? അക്കാലത്ത് കോളേജ് മാഗസിന് വേണ്ടി സംവിധായകൻ ഷാജി എൻ കരുണിനെ ഞാനും കോളേജിലെ എന്റെ സീനിയർ ആയിരുന്ന മധുവും (ഇപ്പോൾ പാലക്കാട് എൽ എ തഹസിൽദാർ) കൂടി ഇന്റർവ്യൂ ചെയ്യുകയുണ്ടായി. പിറവിയിലെ അച്ഛനെ അവിസ്മരണീയമാക്കിയ മഹാനടന്‍ പ്രേംജിയെയുംഞങ്ങള്‍ അന്ന്‍ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി.

മകനെ തേടി അച്ഛൻ ആഭ്യന്തരമന്ത്രിയെ കാണാൻ ചെല്ലുമ്പോൾ കലണ്ടറിലെ 1987 എന്ന വർഷത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നത് അടിയന്തിരാവസ്ഥയിലെ സംഭവം എന്ന് തുറന്നുപറയാനുള്ള അങ്ങയുടെ ധൈര്യമില്ലായ്മയും കാപട്യവുമല്ലേ എന്ന് മീശ മുളച്ചിട്ടില്ലാത്ത ഞാൻ തെല്ലൊരഹങ്കാരത്തോടെ ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു. "ഏതു കാലത്തും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് അടിയന്തിരാവസ്ഥ എന്ന് കാണിക്കാനാണ് അത് ചെയ്തത്. നിങ്ങളെപ്പോലുള്ളവരെ എനിക്ക് ഒന്നും ബോധ്യപ്പെടുത്താനില്ല" എന്ന് അദ്ദേഹം പറഞ്ഞത് എനിക്കന്ന് ബോധ്യമായിരുന്നില്ല.

ഷാജി എൻ കരുൺ പറഞ്ഞത് ശരിയായിരിക്കുന്നു. ഇന്ന് അടിയന്തിരാവസ്ഥയുടെ അൻപതാം വാര്‍ഷികത്തിലെത്തി നിൽക്കുമ്പോൾ, ഇന്ദിരയിൽ നിന്ന് മോദിയിലേക്കെത്തുമ്പോൾ ചരിത്രം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. അർധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വറചട്ടിയിൽ നിന്ന് നവ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ എരിതീയിലേക്ക് രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇന്നും ബുൾഡോസറുകൾ കൂരകൾ ഇടിച്ചുനിരത്തുന്നുണ്ട്. പോലീസും അന്വേഷണ ഏജൻസികളും രാത്രിയുടെ അന്ത്യയാമങ്ങളിൽ വാതിലുകളിൽ മുട്ടുന്നുണ്ട്. സഞ്ജീവ് ഭട്ടിനെപ്പോലെ പോലീസ് പിടിച്ചുകൊണ്ടുപോയ പലരും പുറംലോകത്തിന്റെ വെളിച്ചം കാണുന്നില്ല.

ഭരണകൂടത്തെ വിമർശിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരും ഇന്നും ജയിലുകളിൽ നരകിക്കുന്നുണ്ട്. അന്ന് രാജനാണെങ്കിൽ ഇന്ന് ഫാ. സ്റ്റാൻ സ്വാമിയെയും സായിബാബയെയും പോലുള്ളവര്‍ ജയിലിലും ഭരണകൂട പീഡനങ്ങൾക്കിരയായും മരിച്ചുവീഴുന്നുണ്ട്. 'നാവടക്കൂ പണിയെടുക്കൂ' എന്ന മുദ്രാവാക്യം ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ട്. 'ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ' എന്ന അധികാര ഗർജനം മോദി എന്ന ഭേദഗതിയോടെ ആവർത്തിക്കപ്പെടുന്നുണ്ട്. പക്ഷെ അന്നത്തെപ്പോലെ ഇന്നും പൊരുതുന്ന മനുഷ്യരുണ്ട്. അവരിലൂടെ പുലരുന്ന പ്രതീക്ഷകളും. അടിയന്തിരാവസ്ഥയിൽ വൈലോപ്പിള്ളി എഴുതിയ പ്രത്യാശാഭരിതമായ വരികൾ ഇന്നും ഊർജമാണ്.
"അടങ്ങുകെന്നമ്മേ, മലനാടേ
മക്കളടങ്ങില്ലീ മൂർഖരൊഴിവോളം
മരിച്ചവർ വന്ന് നയിപ്പൂ
ലോകരെച്ചരിത്രമക്കഥ പറയുന്നൂ"

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+