'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ
തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രചചരണങ്ങൾ തള്ളി കെ സുധാകരൻ. തികച്ചും വ്യാജമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഈ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. 'ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ പ്രതിബദ്ധത തുടരും.സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരായി ശക്തമായ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്.ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ
'തിരഞ്ഞെടുപ്പ് ദിവസം അടിസ്ഥാനരഹിതവും, വ്യാജവുമായ വാർത്തകൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കേരളകൗമുദി പോലെയുള്ള ചില മാധ്യമങ്ങളുടെ സമീപനം അത്യന്തം ഖേദകരമാണ്. ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം വിടുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്യുമെന്ന തരത്തിലുള്ള വാർത്തകൾ പൂർണ്ണമായും അസത്യമാണ്. ഇത്തരം കെട്ടുകഥകൾ സൃഷ്ടിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് പത്രധർമ്മത്തിന് യോജിച്ചതല്ല.
സത്യവും ഉത്തരവാദിത്വവും ആയിരിക്കണം മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം. എന്നാൽ, അത് പാലിക്കുന്നതിൽ ചില മാധ്യമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുന്നു. സത്യത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന ശ്രമങ്ങളെ ഒരിക്കലും അനുവദിക്കില്ല. ജനങ്ങൾ സത്യാവസ്ഥ തിരിച്ചറിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള എന്റെ പ്രതിബദ്ധത തുടരും.സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരായി ശക്തമായ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്.ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും'.
നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതുമുതൽ കടുത്ത അതൃപ്തിയിലാണ് സുധാകരനെന്നും ഇന്ന് വൈകീട്ടോടെ അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തുമെന്നായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കണ്ണൂരിലെ വിമതരെ കൂട്ടി പുതിയ പാർട്ടി രൂപീകരിക്കുകയാണ് ലക്ഷ്യം, ഉടൻ തന്നെ പാർട്ടി പ്രഖ്യപനവും ഉണ്ടാകുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു. അതേസമയം സുധാകരൻ നേരിട്ട് ആ വാർത്തകൾ തള്ളിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അൃപ്തി സുധാകരൻ പ്രകടമാക്കിയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് സുധാകരൻ ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നേതൃത്വം തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications