'സുരക്ഷാ കാരണങ്ങള്‍'; മീഡിയാ വണ്‍ ചാനലിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക്
കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക്. സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞിരിക്കുന്നതായി ചാനല്‍ അറിയിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. എന്നാല്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ചാനല്‍ വ്യക്തമാക്കുന്നു. ഉത്തരവിനെതിരെ ചാനല്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
Recommended Video
മീഡിയാ വൺ ചാനൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ:
'' പ്രിയപ്പെട്ട പ്രേക്ഷകരേ... മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.
പ്രമോദ് രാമൻ
എഡിറ്റർ, മീഡിയവൺ

മീഡിയാ വണ്ണിന്റെ ലൈസന്‍സ് പുതുക്കാനുളള നടപടികള്‍ ഈ മാസം 19ന് വാര്‍ത്താ വിതരണ മന്ത്രാലയവുമായി ആരംഭിച്ചതാണ് എന്ന് ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പറയുന്നു. ''അത് എല്ലാ വര്‍ഷവും നടക്കുന്ന ലൈസന്‍സ് പുതുക്കലിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ് അതിലുണ്ടായിരുന്നത്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് കേന്ദ സര്‍ക്കാര്‍ ചാനലിന് നോട്ടീസ് നല്‍കി. അതിന് കൃത്യമായ മറുപടി സ്ഥാപനം നല്‍കി''. ലൈസന്‍സ് റദ്ദാക്കുന്ന തരത്തില്‍ പ്രകോപനപരമായ ഒന്നും തന്നെ അതില്‍ ഇല്ലെന്നും പ്രമോദ് രാമന്‍ വ്യക്തമാക്കി.
എന്താണ് സുരക്ഷാ പ്രശ്‌നം എന്നുളള വ്യക്തമായ മറുപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പ്രമോദ് രാമന്‍ പറഞ്ഞു. മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം വിലക്കിയതിന് എതിരെ മാധ്യമ രംഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത് രണ്ടാം തവണയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടയപ്പെടുന്നത്. 2020 മാര്‍ച്ചില്‍ ദില്ലി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ മീഡിയാ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ വാര്‍ത്താ ചാനലുകളാണ് വിലക്ക് നേരിട്ടത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇരുചാനലുകളും തെറ്റായ വാര്‍ത്തകള്‍ നല്‍കി എന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.












Click it and Unblock the Notifications