ഇവിടെ ഇനി പ്രേമം പൂക്കില്ല, ലഹരിയും: സഹികെട്ടപ്പോള്‍ പ്രേമപ്പാലം അടച്ചുപൂട്ടി
ആലുവ: അല്‍ഫോണ്‍സ് പുത്രന്‍ - നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെ പ്രശസ്തമാകുകയും പിന്നീട് 'പ്രേമം പാലം' എന്നറിയപ്പെടുകയും ചെയ്ത ആലുവയിലെ അക്വാഡക്ട് പാലം അടച്ചുപൂട്ടി. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് പെരിയാർവാലി അധികൃതർ അടച്ചുപൂട്ടിയത്. പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം കൂടിയായിരുന്നു ഇത്.
പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലം ദീർഘനാളായി സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായിരുന്നു. മയക്കുമരുന്ന് മാഫിയയുടെ സജീവമായ സാന്നിധ്യം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ശല്യമായിരുന്നു. അതോടൊപ്പം തന്നെ വലിയ തോതില്‍ പ്രണയിതാക്കളും എവിടെ എത്താറുണ്ടായിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ പാലം അടച്ച് പൂട്ടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിക്കുകയായിരുന്നു.

പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പു ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഗേറ്റിന്റെ താക്കോല്‍ അധികൃതരുടെ കൈവശം സൂക്ഷിക്കും. പാലം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലറായ ടിന്റു രാജേഷ് നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പറവൂർ, ആലങ്ങാട് മേഖലകളിലേക്ക് പെരിയാർ വാലി കനാലിൽ നിന്ന് കാർഷിക ആവശ്യത്തിനായി വെള്ളം കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ പാലം നിർമ്മിക്കുന്നത്. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിലേക്കുള്ള വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി പിന്നീട് ഇത് ചെറിയ റോഡായും ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഉളിയന്നൂരില്‍ പുതിയ പാലം നിർമ്മിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറയുകയും ചെയ്തു.
പ്രേമം സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വരെ നാട്ടുകാർക്ക് മാത്രമായിരുന്നു ഈ പാലത്തിനെ കുറിച്ച് അറിവുണ്ടായിരുന്നത്. എന്നാല്‍ പ്രേമം വലിയ ഹിറ്റായി മാറിയതോടെ പുറത്ത് നിന്നുള്ളവരും വലിയ തോതില്‍ എത്താന്‍ തുടങ്ങി. ഇതോടെയാണ് പാലം പ്രേമപ്പാലം എന്ന് അറിയപ്പെടാന്‍ തുടങ്ങി. റീല്‍സുകാർക്കും ഇഷ്ടപ്പെട്ട ലൊക്കേഷനായി ഇത് മാറിയിരുന്നു.
ഉളിയന്നൂർ സ്വദേശി കൂടിയായ ബിഎ അബ്ദുള്‍ മുത്തലിഭ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ പാലത്തില്‍ മിനുക്ക് പണികള്‍ നടത്തി 'പെരിയാർ ഏരിയൽ വോക്‌വേ' എന്ന പേരില്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ മുത്തലിബ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ ആ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.












Click it and Unblock the Notifications