'എത്ര വലിയ പുലിയേയും സ്നേഹത്തോടെ മെരുക്കും'; അമ്മയില്‍ ഇടവേള ബാബു വളർന്നതെങ്ങനെ,സിനിമയില്‍ 38 വര്‍ഷം
തിരുവനന്തപുരം: ഒരു വാര്‍ത്താ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിമര്‍ശനമാണ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നേരിട്ടുകൊണ്ടിരിക്കുന്നത്. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തു പോവുകയും കൂടി ചെയ്തതോടെ വിവാദങ്ങള്‍ക്ക് ശക്തിയേറി. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഒരു ഖേദപ്രകടനവും നടത്താന്‍ ഇടവേള ബാബു ഇതുവരെ തയ്യാറായിട്ടുമില്ല.

വിവാദമായ പരാമര്‍ശങ്ങള്‍
ട്വന്റി-ടന്റി എന്ന സിനിമയേ കുറിച്ചും അതിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് ആധാരമായത്. ഇതേ തുടര്‍ന്നാണ് രൂക്ഷ പ്രതികരണവുമായി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. വിഡ്ഡി എന്ന അഭിസംബോധനയോടെയായിരുന്നു ഇടവേള ബാബുവിനെതിരെയുള്ള പാർവതിയുടെ കടുത്ത വിമർശനം

അമ്മയുടെ ജനറല്‍ സെക്രട്ടറി
മലയാള സിനിമകള്‍ എടുത്ത് നോക്കുമ്പോള്‍ അത്ര ശക്തമല്ലാത്താ സാന്നിധ്യം അല്ലാതിരിന്നിട്ടും താരങ്ങളെ നിയന്ത്രിക്കുന്ന അമ്മയെന്ന സംഘടനയുടെ സെക്രട്ടറി പദത്തില്‍ കഴിഞ്ഞ 21 വര്‍ഷമായി ഇരിക്കുന്ന വ്യക്തിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് തുടങ്ങിയ മലയാള സിനിമയിലെ മഹാരാഥന്മാര് വന്നു പോയിട്ടും തന്റെ കസേരയില്‍ ഇളക്കം തട്ടാതെ കാത്തു സൂക്ഷിച്ച ഇടവേള ബാബുവിനെ അണിയറക്കളികളില്‍ ഒരു വിഡ്ഡിയായി കണാന്‍ കഴിയില്ലെന്നാണ് സിനിമാ രംഗത്തെ പലരും വ്യക്തമാക്കുന്നത്.

ഏത് വലിയ പുലിയായാലും
എന്നെ എല്ലാവർക്കും ഇഷ്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിക്കും എല്ലാവരെയും ഇഷ്ടമാണ്. ആരെയും നിയന്ത്രിക്കാനോ ആജ്ഞാപിക്കാനോ ഞാൻ പോകാറില്ല. മലയാള സിനിമയിലെ ഏത് വലിയ പുലിയായാലും ഞാന്‍ സ്നേഹത്തോടെ പറഞ്ഞാല്‍ കേള്‍ക്കാറുണ്ടെന്നാണ് ഇടവേള ബാബു തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

38 വര്‍ഷം
വളരെ ചെറിയ റോളുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന താരമാണ് ഇന്ന് ഇടവേള ബാബു. എന്നാല്‍ 38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് അദ്ദേഹത്തിന് മലയാള സിനിമയില്‍ ഉള്ളത്.തീര്‍ത്തും അവിചാരിതമായിട്ടാണ് എംകോം ബിരുദധാരിയായ ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. അച്ഛൻ പൊലീസ് വകുപ്പിലും അമ്മ സംഗീത അദ്ധ്യാപികയുമായിരുന്നു.

ഇടവേളയില്‍
1982 ല്‍ മോഹന്‍ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെയാണ് ബാബു എന്ന ഇരിങ്ങാലക്കുടക്കാരാന്‍ സിനിമയിലേക്ക് എത്തുന്നത്.ഇരങ്ങാലക്കുടക്കാരന് തന്നെയായ ഇന്നസെന്റായിരുന്നു ബാബുവിനെ സംവിധായകന് മോഹന്‍ പരിചയപ്പെടുത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ബാബു പിന്നീട് മലയാള സിനിമക്ക് ഇടവേള ബാബുവായി മാറുകയായിരുന്നു.

ഭരണസമിതിയിലേക്ക്
1994 ല്‍ അമ്മ രൂപീകൃതമായ അന്ന് മുതല്‍ തന്നെ ഇടവേള ബാബു താരസംഘടനയില്‍ അംഗമാണ്. തുടക്കത്തില്‍ എംജി സോമന് പ്രസിഡന്റും ടിപി മാധവന് ജനറല്‍ സെക്രട്ടറിയുമായിട്ടായിരുന്നു സംഘടന പ്രവര്‍ത്തിച്ചത്. ഗണേഷ് കുമാര്‍ ഇടപെട്ടാണ് ഇടവേള ബാബുവിനെ ഭരണസമിതിയിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് ക്യാപ്ടൻ രാജുവിന്റെ പ്രോത്സാഹനത്തോടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി.

മമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയും മോഹൻലാലും ജനറൽ സെക്രട്ടറിമാരായി മാറി മാറി എത്തുമ്പോൾ, ബാബു ജോയിന്റ് സെക്രട്ടറിയായി തന്നെ തുടരുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ കോടതി വ്യവഹാരങ്ങളിലേക്ക് സംഘടന എത്തപ്പെട്ടതോടെ സൂപ്പര്‍ താരങ്ങള്‍ക്ക് ആ പദവി ഒരു തലവേദയായതോടെ സെക്രട്ടറി പദവി ബാബുവിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

തന്റെ ഇഷ്ടക്കാരോട്
തന്റെ ഇഷ്ടക്കാരോടുള്ള കടുത്ത വിശ്വാസവും അടുപ്പവുമാണ് ബാബുവിനെ ശ്രദ്ധേയമാക്കുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം ഉണ്ടായാലും ഷൂട്ടിങ് മുടങ്ങാന്‍ ഒരു കാരണവശാലും പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിക്കാരനാണ് ഇടവേള ബാബു. ആദ്യം ഷൂട്ടിംഗ്, പിന്നീട് സമവായം എന്ന പ്രഖ്യാപിത നിലപാടാണ് തന്നെ സമപിക്കുന്നവരോട് ബാബു പറയുക

വിമര്‍ശനങ്ങള്‍
താരസംഘടനയില്‍ എന്ത് പ്രശ്നത്തിനുമുള്ള പരിഹാരം ഇടവേള ബാബുവില്‍ ഉണ്ടെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുക. സാമ്പത്തികത്തിൽ തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരെ ബാബുവിന്റെ കൈയില്‍ ഉണ്ടെന്ന് സാരം. എന്നാല്‍ വിവാദങ്ങളുടെ കാര്യത്തിലും ഒട്ടും പിറകിലല്ല ഇടവേള ബാബു. തിലകന് വിഷയം മുതല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ചോദ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

മൊഴി മാറ്റിയത്
ഏറ്റവും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിയിലെ വിചാരണ വേളയില്‍ സാക്ഷി മൊഴി മാറ്റി നല്കിയതും ഇതേ ജനറല്‍ സെക്രട്ടറിയാണ്. മൊഴി മാറ്റിയതല്ല, പൊലീസ് തെറ്റായി രേഖപ്പെടുത്തിയ മൊഴി കോടതിയില്‍ ശരിയായി പറയുകയാണുണ്ടെയാതെന്ന ന്യായീകരണമാണ് ഇതിന് അദ്ദേഹം പറഞ്ഞത്.