മോളി കണ്ണമാലിയെ അമ്മ സഹായിക്കാത്തതിന് കാരണമുണ്ട്; വിശദീകരിച്ച് ഇടവേള ബാബു... പക്ഷേ
അമ്മ സഹായിച്ചില്ല എന്ന് മോളി കണ്ണമാലിയുടെ മകന്‍ വെളിപ്പെടുത്തിയ പിന്നാലെയാണ് ഇടവേള ബാബുവിന്റെ പ്രതികരണം

കൊച്ചി: അസുഖ ബാധിതയായി കിടപ്പിലായ നടി മോളി കണ്ണമാലിയുടെ ചികില്‍സ ഒട്ടേറെ സുമനസുകളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ള പലരും സഹായിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അവരുടെ മകന്‍ ജോളി പറഞ്ഞിരുന്നു. അതേസമയം, താരസംഘടനയായ അമ്മയില്‍ സഹായം ചോദിച്ചിരുന്നുവെന്നും എന്നാല്‍ കിട്ടിയില്ലെന്നുമാണ് ജോളി ആരോപിച്ചത്.
ഇതാകട്ടെ, അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് അമ്മയ്ക്ക് സഹായിക്കാന്‍ കഴിയാത്തത് എന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചിരിക്കുകയാണിപ്പോള്‍. സാര്‍ക്ക് ലൈവിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്...

ട്യൂബ് വഴിയാണ് ഭക്ഷണം
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ദിവസങ്ങളോളം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. അല്‍പ്പം ഭേദമായതിനാല്‍ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത് എന്ന് മകന്‍ ജോളി പറയുന്നു.

സഹായിച്ചവര്‍ ഇവര്‍
അസുഖം പൂര്‍ണായി ഭേദമായിട്ടില്ല. കൃത്രിമ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഇനിയും ആശുപത്രിയില്‍ പോകണം. അസുഖം ഭേദമാകാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് താരം ദിയ സന ഉള്‍പ്പെടെയുള്ളവര്‍ സഹായം തേടിയുള്ള പോസ്റ്റ് പങ്കുവച്ചത് ഉപകാരമായി. ഫിറോസ് കുന്നംപറമ്പിലിന് പുറമെ, സിനിമാ രംഗത്ത് നിന്ന് നടന്‍ ബാല, പ്രേംകുമാര്‍ എന്നിവരെല്ലാം സഹായിച്ചുവെന്നും ജോളി പറഞ്ഞു.

താരസംഘടനയെ സമീപിച്ചു, പക്ഷേ
സിനിമാ രംഗത്ത് നിന്ന് കൂടുതല്‍ പേര്‍ സഹായിച്ചിട്ടില്ല. താരസംഘടനയെ സമീപിച്ചിരുന്നു. അവഹേളിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. അംഗത്വമില്ലാത്തവര്‍ക്ക് സഹായമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എല്ലാവരും സഹായിച്ചിട്ട് നാല് ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു. അതിനേക്കാള്‍ ചെലവായിട്ടുണ്ടെന്നും ജോളി വിശദീകരിച്ചു. തൊട്ടുപിന്നാലെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്.

ആ ജനറല്‍ ബോഡിക്ക് ശേഷം
നേരത്തെ സംഘടനയില്‍ അംഗമല്ലാത്തവരെ സഹായിച്ചിരുന്നു. ഒരു ജനറല്‍ ബോഡിയില്‍ ഇത് വിഷയമായി. പുറത്തുള്ളവരെ സഹായിക്കാനാണ് സംഘടന എങ്കില്‍ ഞങ്ങള്‍ അംഗങ്ങളാകുന്നതില്‍ അര്‍ഥമില്ലല്ലോ എന്ന് പലരും പ്രതികരിച്ചു. ആ ജനറല്‍ ബോഡിക്ക് ശേഷമാണ് നേരിട്ട് സഹായിക്കുന്നതിന് നിയന്ത്രണം വച്ചത്. എന്നാല്‍ വ്യക്തിപരമായി സഹാക്കാറുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

സഹായിച്ചത് ഇങ്ങനെ
സംഘടനയുടെ പുറത്തുള്ളവരെ വ്യക്തിപരമായി സഹായിക്കാറുണ്ട്. മോളി ചേച്ചിക്ക് എന്റെ അറിവില്‍ തന്നെ നാലഞ്ച് പേരില്‍ നിന്ന് സഹായം എത്തിച്ചു. അമ്മ എന്ന സംഘടനയ്ക്ക് സഹായിക്കാന്‍ പരിമിതിയുണ്ട്. സംഘടന സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ല. നാലഞ്ചുപേര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ പലര്‍ക്കും മെസ്സേജ് അയച്ചിരുന്നു. അവരൊക്കെ അത്യാവശ്യം സഹായിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

വീടുവച്ച് കൊടുക്കാന്‍ നോക്കി
സാധ്യമാകുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാം നമ്മുടെ പരിധിയില്‍ അല്ലല്ലോ. അമ്മയില്‍ അഞ്ഞൂറോളം അംഗങ്ങളുണ്ട്. ഇതില്‍ നൂറില്‍പരം ആളുകള്‍ക്ക് മെംബര്‍ഷിപ്പ് വെറുതെ കൊടുത്തതാണ്. നടന്ന് എല്ലാവരെയും ചേര്‍ക്കുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് മോളി കണ്ണമാലി സിനിമാ രംഗത്തുണ്ടായിരുന്നില്ല. അവര്‍ക്ക് ഒരു വീട് വച്ച് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇടവേള ബാബു പറഞ്ഞു.

മോഹന്‍ലാല്‍ സ്ഥലത്തില്ല
രേഖകള്‍ കൃത്യമല്ലാത്തത് കൊണ്ടാണ് മോളി കണ്ണമാലിക്ക് വീട് വച്ച് കൊടുക്കാന്‍ പറ്റാതിരുന്നത്. അമ്മ സഹായിക്കണമെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരണം. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. എനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഓണ്‍ലൈനില്‍ മീറ്റിങ് നടത്തിയിരുന്നെങ്കിലും ശരിയാകുന്നില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്ന രീതിയിലൊക്കെ മോളി കണ്ണമാലിയെ സഹായിക്കുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.












Click it and Unblock the Notifications