ഇടുക്കിയില്‍ ഒക്ടോബര്‍ 16 ന് സിപിഎം ഹര്‍ത്താല്‍; ഭൂ-കര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന്
ഇടുക്കിയില്‍ ഒക്ടോബര്‍ 16-ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സിപിഎം. ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും ഭൂമിയിന്മേലുള്ള അവകാശങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
പരിസ്ഥിതിലോല പ്രദേശമായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ വിശദമായ ഭൂപടം പ്രസിദ്ധീകരിക്കുക, ഏലംമല റിസര്‍വിനെ വനഭൂമിയായി തരംതിരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച എച്ച്ആര്‍എംഎല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുക, ആനത്താരകളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പിന്‍വലിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ കളക്ടറുടെ ഉത്തരവ് പിന്‍വലിക്കുക, വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍മ്മിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കണമെന്ന ഉത്തരവ് പിന്‍വലിക്കുക, കര്‍ഷകദ്രോഹപരമായ മറ്റ് കളക്ടര്‍ ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സിപിഎം മുന്നോട്ട് വെക്കുന്നുണ്ട്.
പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് അറിയിച്ചു. സമാധാനപരമായ പ്രതിഷേധമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ജനജീവിതം സ്തംഭിക്കാന്‍ സാധ്യതയുണ്ട്. ഹര്‍ത്താല്‍ ദിനം പൊതുവായ വാണിജ്യ സ്ഥാപനങ്ങള്‍, പ്രാദേശിക വിപണികള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവ സാധാരണയായി അടച്ചിടും.
പ്രാദേശിക കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടാനോ വളരെ പരിമിതമായ തോതില്‍ മാത്രം നടക്കാനോ സാധ്യതയുണ്ട്. അവശ്യ സേവനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുള്ളതായി അറിയിച്ചതിനാല്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള വാഹനങ്ങള്‍, അഗ്‌നിശമന സേന, പൊലീസ്, ജലവിതരണവുമായി ബന്ധപ്പെട്ട അടിയന്തര സേവന സംവിധാനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
98 വില്ലേജുകളിലായി 8,590.60 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് പരിസ്ഥിതിലോല പ്രദേശത്തെക്കുറിച്ച് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാടിനെ അട്ടിമറിക്കുന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം എന്നാണ് സിപിഎം ആരോപിക്കുന്നത്. വനഭൂമിയും റവന്യൂ ഭൂമിയും സംബന്ധിച്ച കാര്യങ്ങളിലുള്ള അവ്യക്തത ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു.
ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ എത്രയും വേഗം പരിഹാരം കാണണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഹര്‍ത്താലിന് മുന്നോടിയായി ഒക്ടോബര്‍ 15ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്താന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications
