കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ വീണ്ടും മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2018-2019 അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇവിടത്തെ പാരിസ്ഥിതിക അനുമതിക്കുള്ള തടസങ്ങള്‍ നീക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്ലാസുകള്‍ തുടങ്ങുന്നതിനാവശ്യമായ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജിന് കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ചു നടന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി., ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

iduki

2014 സെപ്റ്റംബര്‍ ഒന്നിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കിയിരുന്നു. 2014ല്‍ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളോയും 2015ല്‍ 50 വിദ്യാര്‍ത്ഥികളേയുമാണ് പ്രവേശിപ്പിച്ചത്. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ ഇടപെടുകയും അവരെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു.

മലയോര മേഖലയായ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകത മനസിലായ ഈ സര്‍ക്കാര്‍ അവിടത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബൃഹത് പദ്ധതി ആവിഷ്‌കരിച്ചു. ഇത് വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചുകൂട്ടിയത്.

ഒന്നാം വര്‍ഷ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങുന്നതിനാവശ്യമായ പ്രീ ക്ലിനിക്കല്‍ സൗകര്യങ്ങള്‍ നിലവിലുണ്ട്. മതിയായ കിടക്കകളുള്ള ആശുപത്രിയില്ലാത്തതാണ് ഏറ്റവും പ്രധാന കുറവായി അന്ന് എം.സി. ചൂണ്ടിക്കാണിച്ചിരുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ക്ലിനിക്കല്‍ പോസ്റ്റിംഗിന് ആവശ്യമായ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 60 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിന്റെ ഘടന ആയിക്കഴിഞ്ഞു. രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പത്തോളജി, മൈക്രോ ബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയുള്‍ക്കൊള്ളുന്ന 10 കോടിയുടെ അക്കാഡമിക് ബ്ലോക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും.

എം.സി.ഐ. ചൂണ്ടിക്കാണിച്ച മറ്റൊരു കുറവായ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റേയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 92.14 കോടി രൂപ അനുവദിച്ചു. ഇതിന്റെ തറക്കല്ലിടല്‍ ഈ മാസം 21ന് മന്ത്രി നിര്‍വഹിക്കും. പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്, റാംപ് എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും.

പുതിയവ നിര്‍മ്മിക്കുന്നതുവരെ എം.സി.ഐ. അനുശാസിക്കുന്ന പരീക്ഷാഹാള്‍, ഓഡിറ്റോറിയം എന്നിവ താത്ക്കാലിക കെട്ടിടത്തില്‍ സജ്ജമാക്കും. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള കളിസ്ഥലം ഉപയോഗിക്കും.

മെഡിക്കല്‍ കോളേജ് പുനരാരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന ചുമതല കിറ്റ്‌കോയ്ക്ക് നല്‍കുകയും ഈ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

English summary
Idukki medical college-class will start for next academic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X