പിണറായിയെ തൊട്ടാല്‍ കേരളം കത്തും: ജയരാജന്‍
പത്തനംതിട്ട: പിണറായി വിജയനെ ആരും പോയി തൊടല്ലേ, കരളം കത്തും. പറഞ്ഞത് മാറ്റാരുമല്ല സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനാണ്. പിണറായി വിജയനെ തൊട്ടുകളിച്ചാല്‍ കേരളം കത്തുമെന്നാണ് ഇപി ജയരാജന്‍ പറഞ്ഞിരിക്കുന്നത്. പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള രക്ഷാമാര്‍ച്ചിന്റെ അടൂരിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയും ഇപി ജയരാജനും അറിയാതെ ചന്ദ്രശേഖരനെ വധിക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിധവ കെകെ രമ പൊലീസിന് മൊഴിനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം. രമയ്ക്ക് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തില്‍ മാനസികമായ അസ്വസ്ഥതകളുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകം ഉമ്മന്‍ ചാണ്ടി കാണിക്കണമെന്ന് ജയരാജന്‍ പറഞ്ഞു.

കളങ്കിതനായ ഒരു മുഖ്യമന്ത്രിയാണ് ഉമ്മാന്‍ ചാണ്ടി. നിങ്ങളുടെ മുമ്പില്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂവെന്നും യുഡിഎഫ് ഭരണം ഇനി ഉണ്ടാകില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയമായ ഒരു ധ്രുവീകരണം നടക്കുകയാണ്. കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരായി ഒരു ഇടതുപക്ഷ മതേതര ജനാധിപത്യശക്തി രൂപപ്പെടുകയാണ്- ഇപി ജയരാജന്‍ പറഞ്ഞു.
പിണറായിയും ഇപി ജയരാജനും അറിയാതെ ടിപി ചന്ദ്രശേഖരനെ വധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം രമ പൊലീസിന് മൊഴിനല്‍കിയത്. കേസില്‍ ഉന്നത തല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉന്നത സിപിഎം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും രമ ആരോപിച്ചിരുന്നു.












Click it and Unblock the Notifications