'നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം, തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കണം', ആറാട്ടണ്ണനെതിരെ നടി
നടിമാരുടെ പരാതിയെ തുടർന്ന് സോഷ്യൽ മീഡിയാ താരമായ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സോഷ്യൽ മീഡിയ വഴി നിരന്തരം സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്നു എന്നാണ് ഇയാൾക്കെതിരെയുളള പരാതി. സ്ത്രീകളോടുളള പെരുമാറ്റത്തിന്റെ പേരിലും നടിമാരെ പിന്തുടർന്ന് ശല്യം ചെയ്യുന്നതിന്റെ പേരിലും നേരത്തെ പല തവണ സന്തോഷ് വർക്കി വിവാദത്തിലായിട്ടുളളതാണ്.
നടി ഉഷ ഹസീന, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അടക്കമുളളവരാണ് സന്തോഷ് വർക്കിക്ക് എതിരെ പരാതി നൽകിയത്. ഇയാൾക്ക് നല്ല തല്ല് കിട്ടാത്തതിന്റെ കുഴപ്പമാണെന്നും ഇത് അംഗീകരിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും നടി ഉഷ തുറന്നടിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ഉഷയുടെ രൂക്ഷ വിമർശനം.

ഉഷയുടെ വാക്കുകൾ ഇങ്ങനെ: ''ചില സഹപ്രവര്‍ത്തകരും പരിചയക്കാരും ഒരു ഫേസ്ബുക്ക് പേജിന്റെ ലിങ്ക് അയച്ച് തന്നിരുന്നു. ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സിനിമാ നടികളൊക്കെ വേശ്യകളാണ് എന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ആ പോസ്റ്റിട്ടത് എന്ന് അറിയില്ല. ഞാന്‍ 40 വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്ന ആളാണ്. എനിക്ക് മുന്‍പും ശേഷവും ആയിട്ട് ആയിരക്കണക്കിന് സത്രീകള്‍ ജോലി ചെയ്യുന്ന ഇടമാണ്.
എല്ലാവരും വേശ്യകളാണെന്ന് പറയാന്‍ ഇയാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഇയാളോട് എന്താണ് മറുപടി പറയുക. നേരത്തെയും ഇത്തരത്തിലുളള പോസ്റ്റുകള്‍ കണ്ടിട്ടുളളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും ഇയാള്‍ക്ക് തലയ്ക്ക് സുഖമില്ല, മാനസിക രോഗിയാണ് എന്നൊക്കെ. ഞാനും വിചാരിക്കും, അയ്യോ പാവം സുഖമില്ലാത്ത ആളായിരിക്കും എന്ന്. പിറ്റേ ദിവസം അയാള്‍ നേരെ വിപരീതമായിട്ട് പറയും. അങ്ങനെ ഓരോ ദിവസവും മാറി മാറി പറഞ്ഞ് കൊണ്ടിരിക്കും.
അതൊക്കെ പോട്ടെ, ഞങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലല്ലേ അയാള്‍ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ പറ്റില്ല. തലയ്ക്ക് സുഖമില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ അയാളെ കൊണ്ട് പോയി ചികിത്സിക്കണം. വല്ല മെന്റല്‍ ഹോസ്പിറ്റലിലും കൊണ്ട് പോയി പൂട്ടിയിട്ട്, അവിടുത്തെ ചികിത്സ കഴിഞ്ഞ് നേരെ ആയിട്ട് അയാളെ പുറത്ത് കൊണ്ട് വരൂ. അല്ലെങ്കില്‍ ഞങ്ങളെ പോലുളള സ്ത്രീകളെ അയാള്‍ അപമാനിച്ച് കൊണ്ടിരിക്കും.
ഭ്രാന്തനാണെന്ന് പറഞ്ഞ് ഇയാള്‍ക്കെതിരെ ആരും നടപടി എടുക്കില്ല എന്നൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ക്കറിയാം നിയമപരമായി നടപടിയെടുക്കാനും കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനും. നല്ല ചുട്ടഅടി കിട്ടാത്തതിന്റെ കുഴപ്പമാണ്. അയാള്‍ക്ക് വീട്ടില്‍ അമ്മയും പെങ്ങള്‍മാരും ഒന്നും ഇല്ലേ. എല്ലാ സ്ത്രീകളേയും പോലെ സിനിമയില്‍ ഞങ്ങള്‍ ജോലി ചെയ്യുന്നവരാണ്. എന്ത് പ്രശ്‌നം വന്നാലും സിനിമാ നടിമാര്‍ മോശക്കാരാണ് എന്ന് പറയുന്ന ഒരു പ്രവണത ഉണ്ട്.
സിനിമ എന്നതൊരു പബ്ലിക് ഇടമായത് കൊണ്ട് ഞങ്ങളെ കുറിച്ച് ആര്‍ക്കും എന്തും പറയാം എന്നൊരു തോന്നലുണ്ട്. ഈ വ്യക്തിക്കെതിരെ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി കൊടുത്തു. നമ്മള്‍ ഇതങ്ങനെ വിട്ടുകൊടുക്കരുത് എന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളോട് പറയാനുളളത്. ഇയാള്‍ ഭ്രാന്തനല്ലേ എന്നും പറഞ്ഞ് ഇന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ നാളെ ഇയാള്‍ ഇതിനപ്പുറം പറയും. മറ്റുളള ആളുകള്‍ക്ക് ഇത് പറയാനുളള ഒരു പ്രചോദനവും ആകും. ഈ വ്യക്തിയെ വെറുതെ വിടരുത്. ഈ കാര്യത്തില്‍ പ്രേക്ഷകരും ഞങ്ങളോട് ഒപ്പമുണ്ടാകണം. അമ്മ അസോസിയേഷനില്‍ നിന്ന് അന്‍സിബയുടെ നേതൃത്വത്തില്‍ പരാതിയുമായി പോയിട്ടുണ്ട്. നാളെ ഇത്തരമൊരു പോസ്റ്റ് ഇടാനുളള ധൈര്യം ആര്‍ക്കും ഉണ്ടാകരുത്'', ഉഷ പറഞ്ഞു.


Click it and Unblock the Notifications