ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി
ഒറ്റപ്പാലം മണ്ഡലത്തിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥിയും സംവിധായകനുമായ മേജർ രവി. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നിരവധി സീറ്റുകൾ നഷ്ടപ്പെടുമെന്ന് മനോരമ ന്യൂസിനോട് മേജർ രവി പ്രതികരിച്ചു.
ഒറ്റപ്പാലത്ത് താൻ വിജയിച്ച് കഴിഞ്ഞാൽ പാർട്ടി നോക്കാതെ എല്ലാവരുടേയും എംഎൽഎയായിരിക്കും. മാത്രമല്ല മണ്ഡലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിനെ കാത്തിരിക്കില്ലെന്നും നേരെ മോദിയുടെ അടുത്തേക്ക് പോകുമെന്നും മേജർ രവി പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ: '' ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. സംസ്ഥാനത്ത് ഒരു വ്യക്തി സ്വേച്ഛാധിപതിയായിരിക്കുന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ടത്. അതാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷേ അവരത് ചോദിക്കുകയോ പറയുകയോ ഇല്ല. ഇടതുപക്ഷത്തിന് നിരവധി സീറ്റുകള്‍ നഷ്ടപ്പെടും.

ഒറ്റപ്പാലത്ത് മത്സരിക്കുമ്പോള്‍ വലിയ പിന്തുണയാണ് ബിജെപിക്കാരില്‍ നിന്ന് ലഭിച്ചത്. ഒരു വ്യത്യാസം പ്രതീക്ഷിക്കുന്നു. ജയിക്കുമോ തോല്‍ക്കുമോ എന്ന് അറിയില്ല. ജയിച്ചാല്‍ അതൊരു സര്‍പ്രൈസ് ആകും. ഇപ്പോഴാണ് ജനങ്ങള്‍ക്ക് നമ്മളോടുളള ഇഷ്ടം മനസ്സിലാകുന്നത്.
ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്നൊരു തോന്നല്‍ ഈ പതിനഞ്ച് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൊണ്ട് കിട്ടിയിട്ടുണ്ട്. ഇനി വിജയിക്കുകയാണെങ്കില്‍ അതൊരു വലിയ ഉത്തരവാദിത്തം ആയിരിക്കും. ജയിച്ച് കഴിഞ്ഞിട്ട് മുങ്ങിയാല്‍ തന്നോടുളള വിശ്വാസം മുഴുവന്‍ പോകും. ഭാരതപ്പുഴയില്‍ നിന്ന് തുടങ്ങും എന്നാണ് താന്‍ പറഞ്ഞിട്ടുളളത്. മോദിജിയുടെ പിന്തുണ ഇല്ലാതെ ഒന്നും നടക്കില്ല.
ജയിച്ചാല്‍ തനിക്ക് നേരിട്ട് മോദിജിയുടെ അടുത്ത് പോയി കാര്യങ്ങള്‍ പറയാം. ഒറ്റപ്പാലം എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ, ഇപ്പോള്‍ ഞാന്‍ കേള്‍പ്പിച്ചില്ലേ, അവിടുത്തെ എംഎല്‍എയാണ്, ഇതൊന്ന് പെട്ടെന്ന് അനുവദിച്ച് തരണം എന്ന് പറയണം. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയൊന്നും കാത്ത് നില്‍ക്കില്ല.
ജയിച്ചാല്‍ അത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് തുടക്കമായിരിക്കും. ഇത്തവണ എത്രത്തോളം എന്‍ഡിഎ എംഎല്‍എമാര്‍ വരുന്നോ, അവര്‍ നന്നായി പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ അടുത്ത പ്രാവശ്യം ഒരു പാര്‍ട്ടിക്കും ഇവിടെ നില്‍ക്കാന്‍ സാധിക്കില്ല.
ജയിച്ച് കഴിഞ്ഞാല്‍ സിനിമാ സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. ഓപറേഷന്‍ സിന്ദൂര്‍ എന്ന സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അനുവാദം വാങ്ങി അത് തീര്‍ക്കും. അഭിനയം തുടരാന്‍ കുഴപ്പമുണ്ടാകില്ല. രണ്ടോ മൂന്നോ ദിവസം പോയി ചെയ്യുന്നത് വലിയ പ്രശ്‌നമുളള കാര്യമല്ല. അതല്ലാതെ ഒറ്റപ്പാലത്ത് വളരെ അധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനുളള ലിസ്റ്റുണ്ട്. പഞ്ചായത്ത് പ്രതിനിധികളെ അടക്കം എല്ലാവരേയും വിളിച്ച് സംസാരിക്കും. വികസനമാണ് പ്രധാനം. ഞാന്‍ ഒറ്റപ്പാലത്തിന്റെ എംഎല്‍എയാണ്. പാര്‍ട്ടി ചോദിക്കില്ല''.












Click it and Unblock the Notifications