കുറ്റ്യാടിയും പേരാമ്പ്രയുമല്ലെങ്കിൽ കോഴിക്കോട്ട് എവിടെ? 13 സീറ്റിലും മത്സരിക്കുമോ? പ്രതീക്ഷയിൽ മാണി വിഭാഗം
കുറ്റ്യാടി, പേരാമ്പ്ര സീറ്റുകളിലൊന്ന് കിട്ടുമെന്ന പ്രതീക്ഷ കെട്ടടങ്ങിയെങ്കിലും കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും മത്സരിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം കേരള കോൺഗ്രസ് മാണി വിഭാഗം ഇനിയും കൈവിട്ടിട്ടില്ല. സി.പി.എം വിശ്വാസ വഞ്ചന കാട്ടില്ലെന്നും ഇത്തവണ 13 സീറ്റിൽ തന്നെ മത്സരിക്കാൻ കഴിയുമെന്നും തന്നെയാണ് മാണി വിഭാഗത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ കിട്ടിയ കുറ്റ്യാടി സീറ്റ് പ്രത്യേക സാഹചര്യത്തിൽ സി.പി.എമ്മിന് തന്നെ തിരിച്ചുനൽകിയപ്പോൾ ലഭിച്ച ഉറപ്പ് പാലിക്കപ്പെടുമെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ. കുറ്റ്യാടിയോ പേരാമ്പ്രയോ കിട്ടുമെന്ന് വിചാരിച്ചിരുന്നെങ്കിലും സിറ്റിങ് സീറ്റെന്ന നിലയിൽ ഇത്തവണയും കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെയാണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിലെ പരാജയത്തോടെ ടി.പി. രാമകൃഷ്ണന് പകരം മറ്റാരെയെങ്കിലും മത്സരിപ്പിച്ചാൽ മണ്ഡലം കൈവിട്ടുപോകുമോയെന്ന ഭീതി സി.പി.എമ്മിന് ഉണ്ടായതോടെ അവിടെ ഇത്തവണയും ടി.പിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മറ്റേതെങ്കിലും സീറ്റ് മാണി വിഭാഗത്തിന് കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അത് സാധിച്ചില്ലെങ്കിലും 13 സീറ്റ് എന്ന വാഗ്ദാനം എൽ.ഡി.എഫ് നിറവേറ്റുമെന്ന പ്രതീക്ഷ അവർ കൈവിട്ടിട്ടില്ല. ഇത് ജോസ് കെ. മാണി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'നേരത്തെ പറഞ്ഞ 13 സീറ്റ് കിട്ടും, കിട്ടണമല്ലോ' എന്നായിരുന്നു ഇതു സംബന്ധിച്ച ജോസ് കെ. മാണിയുടെ പ്രതികരണം.

പേരാമ്പ്രയിലോ കുറ്റ്യാടിയിലോ സീറ്റ് ലഭിക്കുകയാണെങ്കിൽ 2021ൽ എൽ.ഡി.എഫിന്റെ ഭാഗമായി കുറ്റ്യാടിയിൽ മത്സരിക്കാനെത്തി ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയ മുഹമ്മദ് ഇക്ബാലിനെ മത്സരിപ്പിക്കാനായിരുന്നു മാണി വിഭാഗത്തിന്റെ ആലോചന. കഴിഞ്ഞ തവണ പിൻവാങ്ങിയപ്പോൾ അടുത്ത തവണ സീറ്റ് നൽകാമെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നൽകിയ ഉറപ്പിന്റെ പുറത്താണ് ഇത്തരം ആലോചന നടന്നത്.
2011ലും 2016ലും യു.ഡി.എഫിന്റെ ഭാഗമായി രണ്ട് തവണ പേരാമ്പ്രയിൽ മത്സരിച്ച് തോറ്റയാളാണ് ഇക്ബാൽ. പേരാമ്പ്ര ലക്ഷ്യമിട്ട് ഇക്ബാൽ മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ കുടിയേറ്റ പഞ്ചായത്തുകളുള്ള മണ്ഡലം ആയതുകൊണ്ടും വർഷങ്ങളായി മണ്ഡലത്തിലെ പരിചിത മുഖം ആയതുകൊണ്ടും ഇക്ബാൽ മത്സരിച്ചാൽ ജയിക്കുമെന്ന് തന്നെയായിരുന്നു മാണി വിഭാഗത്തിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ സി.പി.എം പ്രതിഷേധത്തിന്റെ വികാരം മാനിച്ച് സ്വയം ഒഴിഞ്ഞുകൊടുത്തതിന്റെ പ്ലസ് പോയിന്റ് ഇത്തവണ ഇക്ബാലിന് ഗുണകരമാവുമെന്നും കരുതിയിരുന്നു. 1977-ൽ കേരള കോൺഗ്രസിൽ നിന്ന് ഡോ.കെ.സി ജോസഫ് വിജയിച്ച മണ്ഡലമാണ് പേരാമ്പ്ര.
1980 മുതൽ തുടർച്ചയായി സി.പി.എം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. എങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും ഭരിച്ചിരുന്നത് എൽ.ഡി.എഫ് ആണ്. ഇത്തവണ അത് നാലിലേക്ക് ഒതുങ്ങി. അഞ്ചു പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഇതിൽ ഇരുപത് വർഷത്തിലധികം എൽ.ഡി.എഫ് ഭരിച്ചിരുന്ന പേരാമ്പ്ര പഞ്ചായത്ത് വരെ ഉൾപ്പെടും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവമായിരിക്കില്ല നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാവുക എന്ന് ആശ്വസിക്കുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടി അവരുടെ ആത്മവിശ്വാസത്തിൽ വിള്ളലേൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ടി.പി. രാമകൃഷ്ണനെ പേരാമ്പ്രയിൽ വീണ്ടും ഗോദയിലിറക്കുന്നത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications