രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ പാക് അധീന കശ്മീർ തിരിച്ചുപിടിച്ചേനെ: രേവന്ത് റെഡ്ഡി
ഹൈദരബാദ്: രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ, പാക് അധീനി കശ്മീർ തിരിച്ചുപിടിക്കുമായിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പാകിസ്ഥാനെ രണ്ടായി വിഭജിച്ച് ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ 'ജയ് ഹിന്ദ് യാത്ര'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനവും ഉന്നയിച്ചു.
പാകിസ്ഥാനെതിരായ സമീപകാല സൈനിക നടപടികൾക്ക് ശേഷം മോദി സർക്കാർ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിനേയും രേവന്ത് റെഡ്ഡി ചോദ്യം ചെയ്തു. "സൈനിക നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ പാർട്ടികളുടെയും അഭിപ്രായം തേടി സർവകക്ഷി യോഗം വിളിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് അത്തരമൊരു യോഗം വിളിച്ചില്ല?" നിസാംപേട്ടിൽ നടന്ന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയതിനേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ തന്നെ വിമർശിച്ചു. ഇന്ത്യൻ സർക്കാർ രാജ്യത്തെ ജനങ്ങളെ ഇരുട്ടിൽ നിർത്തി. നാല് ദിവസത്തെ യുദ്ധത്തിന് ശേഷം എന്ത് സംഭവിച്ചു? ആര് സറണ്ടർ ചെയ്തു? നമുക്ക് ഒന്നും അറിയില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
'രാഹുൽ ഗാന്ധി ഇന്ദിര ഗാന്ധിയുടെ പൗത്രനാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിൽ, പാകിസ്ഥാനെ ഒരു വശത്തും ചൈനയെ മറുവശത്തും തോൽപ്പിച്ച് ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിയേനെ. കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സർവകക്ഷി യോഗത്തിൽ പങ്കെടുത്ത്, പാക് അധീന കശ്മീരില്‍ ഇന്ത്യയിൽ ലയിപ്പിക്കാൻ പാകിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു' തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.
നരേന്ദ്ര മോദിയെ കാലഹരണപ്പെട്ട പണം എന്നും 1000 രൂപയുടെ അസാധുവായ നോട്ട് എന്നും വിശേഷിപ്പിച്ച രേവന്ത് റെഡ്ഡി, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രത്തിന്റെയും ധൈര്യത്തിന്റെയും സുതാര്യതയുടെയും അഭാവത്തേയും വിമർശിച്ചു. കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകി റഫാൽ വിമാനങ്ങൾ വാങ്ങി, പക്ഷേ അവ എന്തുകൊണ്ട് തകർന്നു? ഇതിന് മോദി ഉത്തരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ചരിത്രമാണ് കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ഉള്ളത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ വിശ്രമിക്കാതെ ഓരോ പാർട്ടി പ്രവർത്തകരും കഠിനാധ്വാനം ചെയ്യണം. ബിജെപിയുടെ നീക്കങ്ങളിൽ നിരാശരായ ഇന്ത്യൻ സൈനികരിൽ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനാണ് കോൺഗ്രസ് ജയ് ഹിന്ദ് യാത്ര സംഘടിപ്പിക്കുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications