'ഇനി അളിയന്‍ പാലക്കാടേക്ക് അടിച്ചുകേറി വാ എന്നാകും, എന്നാൽ കുടുംബാധിപത്യം പൂർണം';കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപത്യം പൂർണമാവുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ളവർ തൻ്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായതെന്നും വെങ്ങാനൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വയനാട് എൻ്റെ കുടുംബത്തിനുള്ളതാണെന്നാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. എൻ്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നതുമായ പാർട്ടി ഭൂലോകത്ത് വേറെയില്ല. മുസ്ലിം സംഘടനകൾ വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിൻ്റെ കാര്യം വന്നപ്പോൾ കോൺഗ്രസിന് മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നു.

ഇപ്പോള്‍ ആളുകള്‍ പറയുന്നത് അടിച്ചു കേറിവാ അളിയാ എന്നാണ്. ഇനി അളിയന്‍ പാലക്കാടേക്ക് അടിച്ചുകേറി വാ എന്നായിരിക്കും. ഇതാണ് കോണ്‍ഗ്രസിന്റെ ദയനീയമായ അവസ്ഥ. ദേശീയ അദ്ധ്യക്ഷന് പോലും കാര്യങ്ങൾ തീരുമാനിക്കാനാവാത്ത പാർട്ടിയാണ് കോൺഗ്രസ്. ഖാര്‍ഗെജി തന്നെ അവിടെ വെറുതെ ഇരിക്കുകയല്ലേ. പിന്നെ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ കാര്യം എന്തിനാണ് പറയുന്നത്?.
അവിടെ എല്ലാം തീരുമാനിക്കുന്നത് ഒരു കുടുംബമാണ്. അങ്ങനെയുള്ള പാർട്ടിയിൽ കേരളത്തിലുള്ള നേതാക്കൾക്ക് എന്ത് വിലയാണുള്ളതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ഇൻഡി സഖ്യത്തിൻ്റെ നേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ജനങ്ങളെ കബളിപ്പിക്കാതെ എൽ ഡി എഫ് മത്സരത്തിൽ നിന്നും മാറിനിൽക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയംവയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്. വയനാട് ചരിത്രത്തിലേക്ക് നടന്നു കയറുകയാണെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.'ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ്സിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും. അതിൽ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ ആകരുതെന്ന് അദ്ദേഹത്തിനും കോൺഗ്രസ്സ് പാർട്ടിക്കും നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്റെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തന്റെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്.
വയനാടിന്റെ മണ്ണിലേക്ക് ഇന്ദിരയുടെ പിന്മുറക്കാരിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ പ്രിയങ്കരിയാക്കി മാറ്റും', സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications