'ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കിൽ 9 മാസം എടുക്കില്ല', മടങ്ങി വന്നത് ആ ശക്തിയുടെ കൃപയെന്ന് ലക്ഷ്മിപ്രിയ
9 മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസമാണ് ഭൂമിയിലേക്ക് മടങ്ങി എത്തിയത്. 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും വില്‍മോറും 8 ദിവസത്തെ യാത്രയ്ക്കായി ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തീരുമാനിച്ച സമയത്ത് ഇവര്‍ക്ക് മടക്കയാത്ര സാധ്യമായില്ല.
ഇതോടെ ലോകം ആശങ്കയിലായി. സുനിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തി. ഒടുവില്‍ നീണ്ട 9 മാസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ ചിലവിട്ട ശേഷം നാസയുടെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇരുവരേയും ഭൂമിയില്‍ തിരിച്ചെത്തിച്ചു. ശാസ്ത്രത്തിന്റെ വലിയ വിജയങ്ങളിലൊന്നായി ഈ മടക്കം ആഘോഷിക്കപ്പെടുകയാണ്. അതിനിടെ ബഹിരാകാശ യാത്രികര്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചത് ദൈവകൃപ മൂലമാണെന്ന് അവകാശപ്പെടുന്നവരും ഉണ്ട്.

നടിയും ബിഗ് ബോസ് താരവും ആയ ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കിൽ ബഹിരാകാശത്ത് നിന്നുളള തിരിച്ച് വരവിന് 9 മാസം എടുക്കില്ലായിരുന്നു എന്നാണ് ലക്മിപ്രിയ അഭിപ്രായപ്പെടുന്നത്. ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം:
''സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കിൽ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.! അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപിൽ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാൽ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാൽ അവർ ഭൂമിയിലെത്തി.
മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തിൽ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര IVF ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങൾ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ!. ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്പരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും.
എത്ര ഉയരത്തിൽ എത്തുമ്പോഴും അതിനും ഉയരെ നോക്കി എന്നെയും നയിക്കുന്ന എനിക്കും മുകളിൽ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് നാം എളിമയുള്ളവരാകുന്നതും പ്രകൃതി കൂടുതൽ കൃപ നമ്മോടു ചൊരിയുന്നതും. ഉന്നതിയിലും ശാസ്ത്രത്തിലും വിരാജിക്കുമ്പോഴും അചഞ്ചലമായ ഈശ്വര ഭക്തിയും വിശ്വാസവും മുറുകെ പിടിച്ച സുനിത വില്യംസിനും ബൂച്ചിനും ആശംസകൾ. ഇതാണ് നാം നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്''.












Click it and Unblock the Notifications