സുരേഷ് ഗോപി ചോദിച്ചാൽ കിഡ്നി കൊടുക്കും, സ്വരാജിന് നിലപാടില്ല, പുസ്തകം വിക്കിപീഡിയ നോക്കി എഴുതിയത്, ജോയ് മാത്യു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. സ്വരാജ് നല്ലൊരു പൊതുപ്രവർത്തകൻ അല്ലെന്നും അദ്ദേഹത്തിന് പൊതുവിഷയങ്ങളിൽ നിലപാട് ഇല്ലെന്നും ജോയ് മാത്യു ആരോപിച്ചു. അദ്ദേഹം എഴുതിയ പുസ്തകം വിക്കിപീഡിയ നോക്കി എഴുതിയതാണെന്ന് ആരോപണമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
സുരേഷ് ഗോപി ചോദിച്ചാൽ അദ്ദേഹത്തിന് ഹൃദയമോ കിഡ്നിയോ കൊടുക്കും. പക്ഷേ വോട്ട് കൊടുക്കില്ല. അത് പോലെ തന്നെയാണ് സ്വരാജ് സുഹൃത്ത് ആണെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനൊപ്പമല്ലെന്നും നിലമ്പൂർ കേരളത്തോട് പറയുന്നത് എന്ന പരിപാടിയിൽ സംസാരിക്കവെ ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ വാക്കുകൾ: '' ആര്യാടന്‍ ഷൗക്കത്ത് നാല് സിനിമകള്‍ക്ക് കഥയെഴുതി, നിര്‍മ്മിച്ചു. മറുവശത്ത് സ്വരാജ് നടത്തിയ സാംസ്‌ക്കാരിക പ്രവര്‍ത്തനം എന്താണ്. ഒരു പുസ്തകം എഴുതിയെന്ന് പറയുന്നു. ആ പുസ്തകത്തെ കുറിച്ച് തന്നെ പല ആരോപണങ്ങളും ഉണ്ട്. വിക്കിപീഡിയ നോക്കി എഴുതിയതാണെന്ന് പറയുന്നു. എന്തായാലും ആള് നല്ല കക്ഷിയാണ്, തന്റെ സുഹൃത്താണ്. ഈ തിരഞ്ഞെടുപ്പില്‍ സൗഹൃദത്തിലല്ല സ്ഥാനം.
സുരേഷ് ഗോപിയും താനും രണ്ടോ നാലോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുളളവരാണ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അദ്ദേഹം പ്രത്യക ക്ഷണിതാവാണ്. തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചപ്പോള്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയോ സിനിമാക്കാര്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്ന് പറയുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന്റെ മാന്യത.
ഒരു പത്രക്കാരന് അഭിമുഖം കൊടുത്തപ്പോള്‍ താന്‍ പറഞ്ഞു, സുരേഷ് ഗോപി എന്റെ സുഹൃത്താണ്. അദ്ദേഹം ചോദിച്ചാല്‍ ഞാന്‍ എന്റെ ഹൃദയം വേണമെങ്കില്‍ കൊടുക്കും. എന്നെ വിളിച്ച് പറയുകയാണ് തനിക്കൊരു കിഡ്‌നി മാറ്റി വെക്കണം എന്ന്, ഞാന്‍ കൊടുക്കും. പക്ഷേ വോട്ട് ചെയ്യണം എന്ന് പറഞ്ഞാല്‍ താന്‍ ചെയ്യില്ല. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ്. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാല്‍ പോയി വോട്ട് ചെയ്യും.
ഇന്ത്യയിലെ ജനങ്ങളെ എങ്ങനെ തമ്മിലടിപ്പിക്കാം, വര്‍ഗീയമായി വേര്‍തിരിക്കാം എന്ന് തീരുമാനിച്ച് ഇറങ്ങിയ ഒരു പാര്‍ട്ടിയുടെ വക്താവായി നില്‍ക്കുമ്പോള്‍ ഒരിക്കലും പിന്തുണയ്ക്കാന്‍ സാധിക്കില്ല. അത് പോലെ തന്നെയാണ്, സ്വരാജ് നല്ല മനുഷ്യനാണ്, നന്നായി പ്രസംഗിക്കും, പുസ്തകം വായിക്കും, നല്ല പാര്‍ട്ടിക്കാരനാണ്. പക്ഷേ നല്ല ഒരു പൊതുപ്രവര്‍ത്തകന്‍ അല്ല. ഏത് പൊതുകാര്യത്തിലാണ് സ്വരാജ് ഒരു നിലപാട് എടുത്തിട്ടുളളത്. 12 കാറിന്റെ അകമ്പടിയോടെ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല.
ആദിവാസി സമരങ്ങളായാലും ഭൂസമരങ്ങളായാലും ആശാ വര്‍ക്കര്‍മാരുടെ സമരമായാലും സ്വരാജിന്റെ നിലപാട് എന്തായിരുന്നു. പാര്‍ട്ടി പറഞ്ഞത് മാത്രം കേട്ട് ജീവിക്കുന്ന ഒരാളാണ് സ്വരാജ്. സൗഹൃദം വേറെ, തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം വേറെ. പ്രചാരണത്തിന് കോണ്‍ഗ്രസ് തന്നെ വിളിച്ചിട്ടില്ല. എന്നിട്ടും ഷൗക്കത്തിന്റെ പ്രചാരണത്തിന് പോയിരുന്നു. പോയപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു അദ്ദേഹം ജയിക്കുമെന്ന്.
നിലമ്പൂരില്‍ ഞാന്‍ കടന്നലാണ് എന്നൊക്കെ പറഞ്ഞ് കൊണ്ട് ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നുവെങ്കില്‍ താന്‍ ഇവിടെ പ്രസംഗിക്കാന്‍ പോലും വരില്ലായിരുന്നു. അക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സല്യൂട്ട് ചെയ്യുകയാണ്. വിഡി സതീശനെ നിലമ്പൂരില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു, തന്നെ വിളിച്ചിട്ട് വന്നതല്ല, മനസാക്ഷി പറഞ്ഞത് കൊണ്ട് വന്നതാണ് എന്ന്. അന്‍വറിനെ എടുക്കാത്ത നിലപാടിലെ കണിശതയാണ് നമ്മുടെ വിജയം എന്നും പ്രതിപക്ഷ നേതാവിനോട് പറഞ്ഞു'', ജോയ് മാത്യു വ്യക്തമാക്കി.












Click it and Unblock the Notifications