'ലോറിയുടെ കാബിൻ തകർന്നില്ലെങ്കിൽ അർജുൻ രക്ഷപ്പെടും; കേരള സംഘത്തിന് രക്ഷാപ്രവർത്തന ചുമതല നൽകണം'; ലോറി ഉടമ മനാഫ്
ലോറിയുടെ കാബിൻ തകർന്നില്ലെങ്കിൽ അർജുൻ രക്ഷപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ലോറി ഉടമ മനാഫ്. ലോറി ലൊക്കേറ്റ് ചെയ്യാൻ സാധിച്ചത് ആശ്വാസമാണ്.ലോറി കണ്ടെത്തിയ ഭാഗത്ത് മണ്ണ് മാറ്റാനുള്ള ശ്രമമാണ് ഉപ്പോൾ നടക്കുന്നത്. കേരളത്തിൽ നിന്നുള്ള ദൗത്യസംഘത്തിന് രക്ഷാപ്രവർത്തനത്തിൻറെ ചുമതല നൽകിയാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് വൺ ഇന്ത്യ മലയാളത്തോട് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നല്ല കാലാവസ്ഥയാണ്, മഴ മാറി. രക്ഷാപ്രവർത്തനം നടത്താൻ പറ്റിയ സമയമാണ്. കേരളത്തിൽ നിന്ന് വരുന്ന ദൗത്യസംഘത്തിന് രക്ഷാപ്രവർത്തനങ്ങളുടെ ചുമതല നൽകണമെന്നാണ് അഭ്യർത്ഥന. മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ലോറി ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ആ ഭാഗത്ത് അധികം മണ്ണില്ല. കേരളത്തിൽ നിന്ന് വരുന്ന രക്ഷാസംഘത്തിന്റെ നിർദ്ദേശങ്ങൾ കർണാടക ഉദ്യോഗസ്ഥരും കൂടി അംഗീകരിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനാകു. ഇരു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരും തമ്മിൽ ആദ്യമേ ഒരു വടംവലിയുണ്ട്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകണം.

കാബിൻ തകർന്നില്ലെങ്കിൽ അർജുനെ രക്ഷിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. വെള്ളം കാബിന്റെ ഉള്ളിൽ കയറില്ല. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയല്ലല്ലോ. മണ്ണിനൊപ്പം വലിയ കല്ലുകളൊന്നും ഉടഞ്ഞില്ലെങ്കിൽ കാബിൻ സുരക്ഷിതമായിരിക്കും. അങ്ങനെയെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. പ്ലാൻ എ മാത്രം പോര, പ്ലാൻ ബിയും വേണം. ഇപ്പോൾ മണ്ണ് എടുത്തുകൊണ്ടിരിക്കുന്നിടത്ത് കണ്ടെത്താൻ ആയില്ലെങ്കിൽ മണ്ണിടിഞ്ഞ മറ്റ് ഭാഗങ്ങളിലും പരിശോധിക്കണം. അതിന് വേഗത്തിൽ തന്നെ ആ ', മനാഫ് പറഞ്ഞു.
കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മനാഫിന്റെയും മുനീബിന്റെയും ലോറിയിൽ എട്ടുവർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് അർജുൻ. സ്ഥിരമായി തടി കയറ്റാനായി ബെലാഗവിയിലേക്ക് പോകാറുണ്ട്. അങ്ങനെയൊരു യാത്രയിലാണ് അർജുൻ അപകടത്തിൽ പെട്ടത്. അപകടമുണ്ടായി മൂന്നുദിവസത്തോളം അനങ്ങാതിരുന്ന കര്‍ണാടക അധികൃതര്‍ മണ്ണിലകപ്പെട്ടവരെ തിരയുന്നതിന് പകരം ഗതാഗതം പുനഃസ്ഥാപിക്കാനാണ് ആദ്യം മുൻഗണന നൽകിയതെന്ന് മനാഫ് നേരത്തേ ആരോപിച്ചിരുന്നു. ആവർത്തിച്ച് അപേക്ഷിച്ചിട്ടും നടപടിയെടുക്കാതിരുന്നതോടെയാണ് കേരള സർക്കാരിന്റെ ഇടപെടൽ തേടിയതെന്നാണ് കുടുംബവും മനാഫും വ്യക്തമാക്കിയത്.
അതേസമയം സൂറത്കൽ എൻ ഐ ടി സംഘത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ പോലും കണ്ടെത്താൻ സാധിക്കുന്ന റഡാർ ആണ് ഉപയോഗിക്കുന്നത്. ലോറിയുള്ള സ്ഥലം കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. വൻപാറക്കല്ലുകൾ മണ്ണിനൊപ്പം ഉള്ളതിനാൽ റഡാറിൽ സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നാണ് ദൗത്യ സംഘം അറിയിച്ചത്. പുഴയിലും പരിശോധന നടത്താനാണ് തീരുമാനം. നിലവിൽ നാവികസേന, എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് എന്നിവർ ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്.












Click it and Unblock the Notifications