ഒന്നിച്ച് നിന്നില്ലെങ്കില്‍ പിടിച്ചുപുറത്താക്കും; ഐഎന്‍എല്ലിന് സിപിഎമ്മിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: ഐ എന്‍ എല്ലിലെ തര്‍ക്കങ്ങളില്‍ നിലപാട് വ്യക്തമാക്കി കര്‍ശന മുന്നറിയിപ്പുമായി സി പി ഐ എം. തര്‍ക്കങ്ങള്‍ പരിഹരിച്ച് യോജിച്ച് പോയില്ലെങ്കില്‍ ഐ എന്‍ എല്‍ ഇടത് മുന്നണിയിലുണ്ടാകില്ല എന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് പാര്‍ട്ടിയുടെ ചുമതലയല്ലെന്നും ചെറിയ പാര്‍ട്ടികള്‍ ഭിന്നിച്ച് വന്നാല്‍ എല്‍ ഡി എഫ് സ്വീകരിക്കില്ലെന്നും സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ എന്‍ എല്‍ പോലെ ചെറിയ പാര്‍ട്ടികള്‍ക്കകത്ത് പ്രത്യയശാസ്ത്രപരമല്ലാത്ത വ്യക്തിപരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് പരിഹരിക്കേണ്ടത് എല്‍ ഡി എഫിന്റെ ചുമതലയും ബാധ്യതയുമല്ല.
തങ്ങള്‍ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ആ പാര്‍ട്ടികള്‍ തന്നെ പരിഹരിച്ച് കൊള്ളുക. അത് പരിഹരിച്ച് ഇടതുപക്ഷ മുന്നണിയില്‍ വരണം. അല്ലാതെ ഈ പ്രശ്നങ്ങളെല്ലാം ഏറ്റെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പറ്റില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.നേരത്തെ പലതവണ സി പി ഐ എം മുന്നറിയിപ്പ് നല്‍കിയിട്ടും ഐ എന്‍ എല്‍ തര്‍ക്കം തുടരുകയായിരുന്നു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം അഹമ്മദ് ദേവര്‍ കോവില്‍ ഇടതുമുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്ന് എ പി അബ്ദുള്‍ വഹാബും വ്യക്തമാക്കി.

ഐ എന്‍ എല്ലിന്റെ രണ്ട് വിഭാഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നാണ് കഴിഞ്ഞ ദിവസം നിലപാട് കടുപ്പിച്ചത്. അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ഔദ്യോഗിക പക്ഷം വിളിച്ച യോഗത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉള്‍പ്പെടെ 45 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ ഭിന്നിച്ച് നില്‍ക്കരുതെന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശം അവഗണിക്കുന്നതാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നടപടിയെന്ന് എ പി അബ്ദുള്‍ വഹാബ് കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സി പി ഐ എം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അബ്ദുല്‍ വഹാബിനെ ഐ എന്‍ എല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നു നടപടി. ദേശീയ കമ്മിറ്റിയാണ് എ പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയത്. മുന്നണി നിര്‍ദ്ദേശം അവഗണിച്ച് മുന്നോട്ട് പോകുന്നതില്‍ സി പി ഐ എം കടുത്ത അതൃപ്തിയിലാണ്. അടുത്ത ഇടതുമുന്നണി യോഗത്തിലേക്ക് ഐ എന്‍ എല്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല.

അതേസമയം ചൊവ്വാഴ്ചത്തെ ഇടതുമുന്നണി യോഗത്തിലേക്ക് പാര്‍ട്ടിക്ക് ക്ഷണമില്ലെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിലും രംഗത്തെത്തി. എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭിന്നിച്ചു നിന്നാല്‍ അഹമ്മദ് ദേവര്‍കോവിന്റെ മന്ത്രിസ്ഥാനം വരെ നഷ്ടമായേക്കാമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം നേതാക്കളെ മാറ്റി നിര്‍ത്തി എല്‍ ഡി എഫ് യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാത്രം പങ്കെടുക്കട്ടെ എന്നാണ് മുന്നണി നിലപാട്. വര്‍ഷങ്ങളായി ഇടതുമുന്നണിയ്ക്ക് പുറത്തായിരുന്നു ഐ എന്‍ എല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടിയെ മുന്നണിയിലെടുത്തത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരില്‍ മന്ത്രി സ്ഥാനവും ടേം വ്യവസ്ഥയില്‍ ഐ എന്‍ എല്ലിന് നല്‍കിയിരുന്നു.












Click it and Unblock the Notifications