'സ്വർണം വാങ്ങിയാൽ ഒരു വെടിക്ക് രണ്ട് പക്ഷി, സ്ഥലം വാങ്ങുന്നത് പോലെയല്ല', സ്വർണ വില ഇനിയും കുറയുമോ?
ഇറാൻ-ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നതോടെ സ്വർണവില പവന് രണ്ട് ലക്ഷത്തിലേക്ക് വരെ ഉയരാം എന്നായിരുന്നു പല സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്. എന്നാൽ ഇത്തരം പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി സ്വർണവില കുറയുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളിൽ കണ്ടുവരുന്നത്.
സ്വർണവില ഇനി കൂടുമോ എന്ന സംശയത്തിന് കല്യാൺ ജ്വല്ലറി ഉടമയായ ടിഎസ് കല്യാണരാമൻ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഉത്തരം നൽകുന്നു. മാത്രമല്ല സ്വർണം വാങ്ങുന്നത് ഒരു വെടിക്ക് രണ്ട് പക്ഷി എന്നത് പോലെ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ടിഎസ് കല്യാണരാമന്റെ വാക്കുകൾ ഇങ്ങനെ: ''സ്വര്‍ണവില ഉയരുന്നത് അന്താരാഷ്ട്ര തലത്തിലെ വർധനവ് കാരണമാണ്. അമേരിക്കയിലെ വില പ്രകാരമാണ് അന്താരാഷ്ട്ര തലത്തില്‍ വില വരുന്നത്. അതനുസരിച്ച് വില കൂടിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ വില ഇനിയും ഉയരും. കാരണം 1993ല്‍ ഞങ്ങള്‍ കട ആരംഭിക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 382 രൂപയായിരുന്നു വില.

വില എത്ര കൂടിയാലും ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നില്ല ഞങ്ങള്‍ എന്ന് പറയുന്നില്ല. അവര്‍ എടുത്ത് കൊണ്ടേയിരിക്കുന്നുണ്ട്. കാരണം ഏറ്റവും വിശ്വസനീയമായ, നമുക്ക് എപ്പോള്‍ വേണമെങ്കിലും പണം കിട്ടുന്ന ഒരു നിക്ഷേപം എന്ന് പറയുന്നത് സ്വര്‍ണം ആണ്. എപ്പോള്‍ വിറ്റാലും നമുക്ക് പണം കിട്ടും.
അതേസമയം ഒരു പ്രോപ്പര്‍ട്ടിയോ സ്ഥലമോ വാങ്ങിച്ച് കഴിഞ്ഞാല്‍ അത് വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഷെയറില്‍ പണം നിക്ഷേപിച്ചാല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ചാഞ്ചാട്ടമാണ്. ബാങ്കില്‍ നിക്ഷേപിക്കാമെന്ന് വെച്ചാല്‍ ചെറിയ പൈസ മാത്രമേ കിട്ടുകയുളളൂ. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെയാണ്.
സ്വര്‍ണം ആഭരണമായിട്ട് സന്തോഷിക്കാം. അത് മാത്രമല്ല എപ്പോള്‍ നമുക്ക് ആവശ്യം വന്നാലും അത് വില്‍ക്കുകയും ചെയ്യാം. മുഴുവന്‍ മൂല്യവും കിട്ടുകയും ചെയ്യും. 382 രൂപയ്ക്ക് 1992ല്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങിയ ആള്‍ക്ക് ഇന്ന് പതിമൂവായിരം രൂപ ഗ്രാമിന് കിട്ടുക എന്ന് പറഞ്ഞാല്‍, വേറെ ഏതില്‍ നിക്ഷേപിച്ചാല്‍ ആണ് ഇത്ര അധികം തുക കിട്ടുക. മാത്രമല്ല ഇത് കേട് വന്ന് പോവുകയൊന്നും ഇല്ലല്ലോ. എല്ലാവരും ഇപ്പോള്‍ സ്വര്‍ണത്തിലാണ് അത് കൊണ്ട് നിക്ഷേപം നടത്തുന്നത്. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ട് തന്നെയിരിക്കും. ചില സമയത്ത് കുറച്ച് കുറയും. പിന്നെ വീണ്ടും കൂടും. അതിന് ഒരു അവസാനം ഉണ്ടാകും ഇപ്പോഴെന്ന് തോന്നുന്നില്ല''.












Click it and Unblock the Notifications