'കെസിയെ ചൊറിഞ്ഞാൽ മോദിയുടെ ഗുഡ് ബുക്കിൽ കയറാം, പിണറായിയുടെ ട്യൂഷനായിരിക്കുമല്ലേ';റിയാസിനെതിരെ രാഹുൽ
കെ സി വേണുഗോപാലിനെ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാജസ്ഥാനിലെ ബിജെപിക്കെതിരെ കോൺഗ്രസിന് വോട്ട് ചെയ്ത എംപിയെ സസ്പെന്റ് ചെയ്തവരാണ് സി പി എമ്മുകാരെന്ന് രാഹുൽ കുറിച്ചു. രാജസ്ഥാനിൽ തങ്ങളുടെ സീറ്റിൽ സിപിഎം നേതാവിനെ മത്സരിപ്പിച്ച് വിജയിപ്പിച്ചവരാണ് കെസിയും കോൺഗ്രസും എന്നത് മറക്കരുതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിക്ക് കേരളത്തിൽ കൊടുക്കാനിരുന്ന രണ്ടാം സിറ്റ് നഷ്ടമായതിൻ്റെ നിരാശയാണ് കെസി വേണുഗോപാലിനോട് സി പി എം കാണിക്കുന്നതെന്നും വേണുഗോപാലിനെ ഇത്തരത്തിൽ ചൊറിഞ്ഞോണ്ടിരുന്നാൽ മോദിയുടെ ഗുഡ്ബുക്കിൽ അങ്ങേയ്ക്കും കയറാമെന്നും രാഹുൽ പോസ്റ്റിൽ പറഞ്ഞു. പൂർണരൂപം വായിക്കാം

ശ്രീ മുഹമ്മദ് റിയാസ് , ആർ എസ് എസ് വിരുദ്ധതയെ പറ്റി അങ്ങയുടെ സ്പെഷ്യൽ ട്യൂഷൻ ശ്രീ കെ സി വേണുഗോപാലിനും കോൺഗ്രസിനും ആവശ്യമില്ല, അത് താങ്കൾ അങ്ങയുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് തന്നെ കൊടുത്താൽ മതിയാകും.
രാജസ്ഥാനെ പറ്റിയാണല്ലോ ചർച്ച. രാജസ്ഥാനിൽ ശ്രീ കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോൾ അവിടെ സി പി എമ്മിന് എം എൽ എ ഉണ്ടായിരുന്നു. ബി ജെ പിക്കെതിരെ ശ്രീ ബൽവാൻ പൂനിയ എന്ന സി പി എം പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയായ എം എൽ എ ശ്രീ കെ സി വേണുഗോപാലിനു വോട്ട് ചെയ്തു. അതിന്റെ പേരിൽ മാത്രം ബൽവാൻ പൂനിയയെ സി പി എം സസ്പെൻ്റ് ചെയ്തു. അപ്പോൾ ബി ജെ പിക്കെതിരെ വോട്ട് ചെയ്തതിനു നിങ്ങടെ എം എൽ എയെ സസ്പെൻ്റ് ചെയ്തതാണ് നിങ്ങളുടെ രാജസ്ഥാൻ മാഹാത്മ്യം!
ഇനി ഇതേ രാജസ്ഥാനിൽ സി പി എമ്മിന് ഇപ്പോൾ ഒരു എംപിയുണ്ട്, സീക്കർ മണ്ഡലത്തിൽ നിന്ന് അംറാ റാം. 2019ൽ കോൺഗ്രസ്സിന് നാലേമുക്കാൽ ലക്ഷം വോട്ടും സി പി എമ്മിന് ഇതേ അംറാ റാമിന് മുപ്പതിനായിരം വോട്ടും ആയിരുന്നു. ആ സീറ്റ് സി പി എമ്മിന് വിട്ട്കൊടുത്ത് വോട്ടും നല്കി വിജയിപ്പിച്ചത് കെസിയും കോൺഗ്രസ്സുമാണ്. അത് രാജസ്ഥാനിലെ സി പി എംകാരോട് ചോദിച്ചാൽ അവർ പറഞ്ഞ് തരും.
പിന്നെ കെ സി ആലപ്പുഴയിൽ മത്സരിച്ച് ബി ജെ പി കേരളത്തിൽ നിങ്ങൾ കൊടുക്കാനിരുന്ന രണ്ടാം സിറ്റ് നഷ്ടമായതിൻ്റെ നിരാശ നിങ്ങൾക്ക് നന്നായിട്ടുണ്ട്. മുഹമ്മയും കഞ്ഞിക്കുഴിയും പത്തിയൂരും കണ്ടല്ലൂരും അടക്കം പാർട്ടി കോട്ടകളിലെ വോട്ട് ശ്രീമതി ശോഭ സുരേന്ദ്രന് മറിച്ചു കൊടുത്തിട്ടും ശോഭിക്കാഞ്ഞതിന്റെ വിഷമം കൊണ്ടാണു ഇടക്ക് ഇങ്ങനെ കെ സി ബാധ അങ്ങയ്ക്ക് കയറുന്നത്. ശ്രീ കെ സി വേണുഗോപാലിനെ ചൊറിഞ്ഞോണ്ടിരുന്നാൽ മോദിയുടെ ഗുഡ്ബുക്കിൽ കയറാം എന്ന ശ്രി പിണറായി വിജയൻ്റെ ട്യൂഷനായിരിക്കും അങ്ങയ്ക്ക് കിട്ടിയത്. അത് ഇവിടെ ചിലവാകില്ല....












Click it and Unblock the Notifications