ഐഎഫ്എഫ്‌കെ; 5 ചിത്രങ്ങള്‍ വിലക്കിയത് വിദേശകാര്യ മന്ത്രാലയം; സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പും
കേരള രാജ്യാന്തര ചലച്ചിത്ര മേളയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മേളയുടെ നടത്തിപ്പിന് ചുമതലയുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ അഭാവമാണ് ആദ്യം വിവാദമായത്. ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതുകൂടാതെ 19 ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. വിലക്കേര്‍പ്പെടുത്തിയ 19 ചിത്രങ്ങളില്‍ 15 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും നാല് ചിത്രങ്ങള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
19 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അഞ്ചു സിനിമകള്‍ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചത് വിദേശകാര്യ മന്ത്രാലയം ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സിനിമയില്‍ പരാമര്‍ശിക്കുന്ന രാജ്യവുമായുള്ള നയതന്ത്ര ബന്ധം വഷളാകും എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്ലാഷ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു, യെസ്, എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി എന്നിവയാണ് വിദേശകാര്യ മന്ത്രാലയം വിലക്കിയ ചിത്രങ്ങള്‍. ഈ സിനിമകള്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒരു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുമായി നയതന്ത്ര ബന്ധമുള്ള ഏതെങ്കിലും രാജ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നത് പരിഗണിക്കണം എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. മറ്റൊരു രാജ്യത്തെ വിമത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിനിമയാണെങ്കില്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കും. ഇത് ആ രാജ്യത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രശ്‌നം സൃഷ്ടിക്കും. അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നാണ് മുന്നറിയിപ്പായി വിദേശകാര്യ മന്ത്രാലയം പറയുന്നത്.
200 ലേറെ ചിത്രങ്ങള്‍ അയച്ചതില്‍ 19 സിനിമകള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനമാണ് കേന്ദ്രത്തില്‍ നിന്ന് ആദ്യം ഉണ്ടായത്. പിന്നീട് നിലപാട് മയപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നാല് സിനിമകളിലേക്കു വിലക്ക് ചുരുക്കി. വലിയ വിവാദം സൃഷ്ടിച്ച ബീഫ്, പാലസ്തീന്‍ 36, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പാലസ്തീന്‍ പ്രമേയമായുള്ള ഒരു ചിത്രത്തിനും കൂടിയാണ് ഇനി പ്രദര്‍ശനാനുമതി ലഭിക്കാനുള്ളത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പാലസ്തീനില്‍ നിന്നുള്ള ചിത്രങ്ങള്‍ അടക്കം 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചലച്ചിത്ര മേളയെ പ്രതിസന്ധിയിലാക്കിയിരുന്നു. മേളയിലെ സിനിമകളുടെ പ്രദര്‍ശനത്തിന്റെ സമയക്രമത്തെയും വിലക്ക് ബാധിച്ചു. ബീഫ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നാളെ പ്രദര്‍ശിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കാന്‍ വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്.
വിദേശ മന്ത്രാലയം അനുമതി നിരസിച്ച സിനിമകള്‍ ഏകപക്ഷീയമായി പ്രദര്‍ശിപ്പിച്ചാല്‍ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന മുന്നറിയിപ്പു കൂടി വന്നതോടെ ചലച്ചിത്ര മേള സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതയും രൂക്ഷമായി.












Click it and Unblock the Notifications