വിവാദമേളയായി ഐഎഫ്എഫ്‌കെ; റസൂല്‍ പൂക്കുട്ടിക്കെതിരേ കമല്‍: തിരക്കുള്ളയാള്‍ എന്തിന് ചുമതലയേറ്റു
തിരുവനന്തപുരം: ഈ വര്‍ഷം അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സിലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണമായിരുന്നു ആദ്യത്തെ വിവാദം. പാലസ്തീന്‍ സിനിമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതും വലിയ വാര്‍ത്തയായി. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ തന്നെ സ്ഥലത്തില്ലാത്തതില്‍ വലിയ പ്രതിഷേധമുയരുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത് സംവിധായകന്‍ കമലാണ്. ഉദ്ഘാടന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമാണെന്ന സൂചനകളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയുടെ അഭാവം ഇതിനകം തന്നെ സിനിമാ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ടിട്ടുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ഐഎഫ്എഫ്‌കെയാണെങ്കിലും വിദേശത്ത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു സിനിമയുടെ ഷൂട്ടിംഗ് ഉള്ളതിനാലാണ് റസൂല്‍ പൂക്കുട്ടിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തത്. മേളയുടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നും ചെയര്‍മാന്‍ ഉണ്ടാകില്ല. സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് റസൂല്‍ അറിയിച്ചിട്ടുള്ളതായി അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ അറിയിച്ചു. ഇതില്‍ അക്കാദമിക്കുള്ളില്‍ തന്നെ വലിയ അമര്‍ഷം ഉണ്ട്.

റസൂല്‍ പൂക്കുട്ടി പങ്കെടുക്കാത്തതില്‍ രൂക്ഷമായ വിമര്‍ശനമാണ് സംവിധായകന്‍ കമല്‍ ഉയര്‍ത്തിയത്. ഇതുവരെ ഒരു ഐഎഫ്എഫ്‌കെയിലും ചെയര്‍മാന്‍ ഇല്ലാതിരുന്നിട്ടില്ല. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ചെയര്‍മാനാണ്. ഇത്രയും തിരക്കുള്ള ആള്‍ ചെയര്‍മാന്‍ ആകേണ്ടിയിരുന്നോ എന്നും കമല്‍ ചോദിച്ചു.
കമലിന്റെ വാക്കുകള്‍: ചെയര്‍മാനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഡയറക്ടറുടെ അനുമതിയില്ലാതെ ഒരു സിനിമ കാണിക്കാന്‍ സാധിക്കില്ല. അങ്ങനെയാണ് അതിന്റെ നിയമം. അദ്ദേഹം ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നതിനു മുന്‍പ് തന്നെ മന്ത്രിയോട് തനിക്ക് ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞിരുന്നു. അസൗകര്യം അംഗീകരിച്ചാല്‍ ചാര്‍ജെടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. എങ്കിലും ഇത്രയും തിരക്കുള്ളയാള്‍ ചെയര്‍മാനായി വരേണ്ടതുണ്ടോ എന്നുള്ളതാണ് ചോദ്യം ചെയ്യേണ്ട കാര്യം.
അസാധാരണമായ സംഭവ വികാസങ്ങളാണ് ഇക്കുറി അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ളത്. മേള തുടങ്ങി അഞ്ചു ദിവസമായിട്ടും അക്കാദമിയുടെ ചെയര്‍മാന്‍ ഇവിടെ എത്തിയിട്ടില്ല എന്നുള്ളത് തന്നെയാണ് പ്രധാനമായും വിമര്‍ശനത്തിന് കാരണം. റസൂല്‍ പൂക്കുട്ടിക്കെതിരെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. ഐഎഫ്എഫ്‌കെ നടത്തിപ്പില്‍ പ്രധാന പങ്കു വഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ മേളയുടെ പരിസരത്ത് പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചലച്ചിത്ര മേളയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനില്ലാതെ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications