'ബാബ്‌റി തകര്‍ത്ത സമയം, അച്ഛന്‍ പറഞ്ഞു കരീം പൂജാമുറിയില്‍ നമസ്‌ക്കരിക്കട്ടെ..' ഫാദേഴ്‌സ് ഡേ കുറിപ്പുമായി ഐജി
കൊച്ചി: ഫാദേഴ്‌സ് ഡേയില്‍ ഹൃദയം തൊടുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഐ ജി പി വിജയന്‍ ഐ പി എസ്. പിതാവ് വലിയ ഭക്തനായിരുന്നു എന്നും എന്നാല്‍ മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെ അതൊന്നും ബാധിച്ചിരുന്നില്ല എന്നും പി വിജയന്‍ പറയുന്നു. ഇതിന് ഉദാഹരണമായി ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തെ ഒരു സംഭവവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തെ സംഘര്‍ഷാവസ്ഥ മനസിലാക്കി തന്റെ മുസ്ലീം സുഹൃത്തിന് നിസ്‌കരിക്കാന്‍ തങ്ങളുടെ പൂജാ മുറി അച്ഛന്‍ ഒഴിച്ചു കൊടുത്തു എന്നാണ് വിജയന്‍ ഐ പി എസ് പറയുന്നത്. പത്ത് ദിവസത്തോളം തങ്ങളുടെ പൂജാ മുറിയിലാണ് കരീം എന്ന സുഹൃത്ത് നിസ്‌കരിച്ചത് എന്ന് ഐ ജി വിജയന്‍ പറയുന്നു. ഐ ജി പി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:

ഞങ്ങളുടെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് മൂന്ന് വര്‍ഷത്തോളമായി. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. Father's Dayക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓര്‍ക്കേണ്ട കാര്യമില്ല എങ്കിലും, ഇന്ന് ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എന്താണ് അദ്ദേഹം എന്നില്‍ ബാക്കി വച്ച് പോയത് എന്നാണ്. അതില്‍ പ്രധാനം, വിശ്വാസം എന്നും വ്യക്തിപരമാണ്, അതിന്റെ അടിസ്ഥാനത്തില്‍ ആരെയും വകതിരിച്ചു കാണേണ്ടതില്ല.

അച്ഛന്‍ രണ്ടു നേരം പ്രാര്‍ത്ഥിക്കുന്ന വലിയ ഒരു ഭക്തനായിരുന്നു. പക്ഷേ അതൊരിക്കലും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെ ബാധിച്ചിരുന്നില്ല. എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്, 1992-ല്‍ ബാബറി മസ്ജിദ് പൊളിക്കപ്പെട്ട ദിവസം രാജ്യമെമ്പാടും എന്നപോലെ എന്റെ നാടും ജാഗ്രതയിലായിരുന്നു. ആ സമയത്ത് UGC പരീക്ഷയുടെ തയ്യാറെടുപ്പിനായി എന്റെ സുഹൃത്ത് ആലുവക്കാരനായ അബ്ദുല്‍ കരീം എന്റെ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു.

കരീം അടുത്തുള്ള ഒരു പള്ളിയില്‍ പോയി അഞ്ചു നേരം നമസ്‌കരിക്കുന്ന ആളായിരുന്നു. ആ സമയത്ത് പൂജ മുറി ഒഴിച്ച് വീടിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പണികള്‍ നടക്കുന്നുണ്ട്. ആ ഡിസംബര്‍ ആറിന്, വൈകുന്നേരത്തോടെ വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം, കരീം പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു, അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്‌കരിക്കും?

അച്ഛന്‍ പറഞ്ഞു കരീം പൂജ മുറിയില്‍ നമസ്‌ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജ മുറിയിലാണ് നമസ്‌കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിന്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ എല്ലാവരും ഈശ്വരന്റെ ശക്തിയില്‍ വിശ്വസിക്കുന്ന ആള്‍ക്കാരാണ്. എന്നാല്‍ അത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും സഹപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിലും ഒരു ഘടകം ആകാതിരുന്നതിന് കാരണം അന്ന് അച്ഛന്‍ കാണിച്ചു തന്ന മാതൃകയാണ്.

മറ്റൊന്ന്, അച്ഛന്‍ ഒരിക്കലൂം ധനികനായിരുന്നില്ല. എന്നാല്‍ ഒരു സാമ്പത്തിക പ്രതിസന്ധിയിലും അച്ഛന്‍ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാന്‍ അനുവദിക്കുമായിരുന്നില്ല, അച്ഛന്‍ ചെയ്യാറുമില്ലായിരുന്നു. ഇന്നും പ്രതിസന്ധികള്‍ വരുമ്പോള്‍ ശരിയുടെ പക്ഷത്തു ഉറച്ചു നില്ക്കാന്‍ ഞങ്ങള്‍ക്ക് ശക്തി തരുന്നത് അച്ഛന്റെ ചിന്തകളാണ്. ഇനിയൊന്ന്, അച്ഛന്‍ ഒന്നിലും അക്ഷമനായിരുന്നില്ല, അതിയായ വ്യാകുലതയും അച്ഛനുണ്ടായിരുന്നില്ല. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ പോലും ഒരുപാട് അന്വേഷണങ്ങള്‍ അച്ഛന്‍ ചെയ്യുമായിരുന്നില്ല.

ഞങ്ങള്‍ എന്ത് പഠിക്കുന്നു, എവിടെ പോകുന്നു എന്നൊന്നും അച്ഛന്‍ അധികം ചിന്തിച്ചു വിഷമിച്ചിരുന്നില്ല. അച്ഛന്‍ തന്റെ സ്‌നേഹം അങ്ങനെ പ്രകടിപ്പിക്കാറും ഉണ്ടായിരുന്നില്ല. എന്നാലും 88-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ അച്ഛന്‍ എന്നത് വളരെ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമായി ഞങ്ങളുടെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. എന്നും ധ്യാനിക്കുന്ന അച്ഛനെ ഇന്നത്തെ ഈ വിശേഷ ദിവസത്തില്‍ ഞാന്‍ ഓര്‍ക്കുന്നത് ഭൗതികമായ സമ്പത്തിന് അപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചു കൊണ്ട് എല്ലാവരോടും ഇടപഴകി ജീവിക്കാന്‍ എന്നെ സജ്ജമാക്കി എന്ന നിലയിലാണ്. ആ ഓര്‍മ്മകള്‍ ഇനിയും ഇതേ പാതയില്‍ മുന്നോട്ട് പോകാന്‍ ശക്തി തരട്ടെ!
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍












Click it and Unblock the Notifications