അനധികൃത സ്വത്ത് സമ്പാദനം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോമെന്റ് ഡയറക്ടറേറ്റ് ആണ് ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടിയത്. ടി ഒ സൂരജിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്.
ടി ഒ സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി വന്‍തോതില്‍ അനധികൃത സ്വത്ത് ആണ് ടി ഒ സൂരജ് സമ്പാദിച്ചത് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

നേരത്തെ ടി ഒ സൂരജിന് എതിരായ അനധികൃത സ്വത്ത് സാമ്പദന കേസില്‍ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്എന്‍ഫോമെന്റ് ഡയറക്ടറേറ്റ് ടി ഒ സൂരജിന് എതിരെ കള്ളപ്പണ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 2014 ല്‍ ആണ് ടി ഒ സൂരജിന് എതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം വരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ടി ഒ സൂരജിന്റെ 8 കോടി രൂപയുടെ സ്വത്തുകള്‍ ഇ ഡി നേരെത്തെ കണ്ടുകെട്ടിയിരുന്നു. അനധികൃതമായി കൈക്കലാക്കിയ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കള്‍, ബിനാമികള്‍ എന്നിവര്‍ അടക്കമുള്ളവരുടെ പേരില്‍ ടി ഒ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കള്‍ സ്വന്തമാക്കി എന്നാണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ടി ഒ സൂരജിന്റെ മകള്‍ക്ക് എതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തിരുന്നു. ടി ഒ സൂരജിന്റെ മകള്‍ ഡോ എസ് റിസാന ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് മാറാട് പൊലീസ് കേസെടുത്തിട്ടുള്ളത്. എസ് റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വില്‍ക്കാം എന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്‍കി വഞ്ചിച്ചു എന്നായിരുന്നു ഈ കേസ്. ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് ടി ഒ സൂരജിന്റെ മകള്‍ ഡോ എസ് റിസാനയ്ക്ക് എതിരെ പരാതി നല്‍കിയത്.












Click it and Unblock the Notifications