'എനിക്ക് ഒരു നാണവുമില്ല': മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെക്കൊണ്ട് തല്ലിച്ചതില്‍ അധ്യാപിക തൃപ്ത ത്യാഗി
മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ തനിക്ക് 'നാണക്കേട്' തോന്നുന്നില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഞാന്‍ ഈ ഗ്രാമത്തിലെ ഒരുപാട് ആളുകളെ പഠിപ്പിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ട്. കുട്ടികളുടെ നല്ലതിന് വേണ്ടിയാണ് തല്ലുന്നതെന്നും തൃപ്ത ത്യാഗി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിലെ കുട്ടികളെ "നിയന്ത്രിക്കുന്നത്" പ്രധാനമാണെന്നും തന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് അധ്യാപിക പറഞ്ഞു.
"അവർ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത്," തൃപ്ത പറയുന്നു. "മറ്റൊന്നും എന്റെ ഉദ്ദേശ്യമായിരുന്നില്ല. എന്റെ തെറ്റ് ഞാൻ അംഗീകരിക്കുകയാണ്, പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി", എന്നും അവർ ന്യായീകരിക്കുന്നു.

"തങ്ങളുടെ വാർഡുകളില്‍ മുസ്ലീം കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കാത്ത നിരവധി അമ്മമാരുണ്ട്, അവരുടെ വിദ്യാഭ്യാസം പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു." എന്ന് അധ്യാപിക പറഞ്ഞതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും അവകാശപ്പെട്ടു. അധ്യാപികയ്ക്കെതിരെ എഫ്ഐഐർ രജിസ്റ്റർ് ചെയ്തിട്ടുണ്ടെന്ന് മുസാഫർനഗർ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരിയും വ്യക്തമാക്കി.
"ഞങ്ങൾ പൂർണ്ണമായ രീതിയില്‍ അന്വേഷണം നടത്തി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ, കുറ്റാരോപിതയായ അധ്യാപികയ്ക്കെതിരെ ഞങ്ങൾ കേസെടുത്തു, അധ്യാപികയ്ക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുന്നു," ശ്രീ ബംഗാരി പറഞ്ഞു. കുട്ടിയെ മണിക്കൂറുകളോളം നിൽക്കാൻ നിർബന്ധിക്കുകയും അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
"എന്റെ മകന് ഏഴ് വയസ്സ് മാത്രമാണ് പ്രായം. ടീച്ചർ എന്റെ കുട്ടിയെ വിദ്യാർത്ഥികളെ കൊണ്ട് തുടർച്ചയായി തല്ലിച്ചു. എന്റെ മരുമകനാണ് വീഡിയോ എടുത്തത്. അവൻ ചില ജോലികള്‍ക്കായി സ്കൂളില്‍ പോയതായിരുന്നു. മകനെ ഒന്നോ രണ്ടോ മണിക്കൂർ പീഡിപ്പിച്ചു. ഇത് ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല, നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," കുട്ടിയുടെ പിതാവ് പറഞ്ഞു.
മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ ത്രിപ്ത ത്യാഗി വർഗീയ പരാമർശങ്ങൾ നടത്തുന്നതും, കരഞ്ഞുകൊണ്ട് നിസ്സഹായനായി നില്‍ക്കുന്ന 7 വയസുകാരനെ തല്ലാൻ മറ്റ് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതുമായി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെ വലിയ വിമർശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയർന്നത്.












Click it and Unblock the Notifications