അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന്‍
തൃശൂര്‍: ഫുട്‌ബോള്‍ താരം ഐഎം വിജയനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടികളുടെ തള്ളിക്കയറ്റം. സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടു എന്ന് ഐഎം വിജയന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ചിലര്‍ ബന്ധപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുവിട്ടത് വലിയ ഉദ്യോഗസ്ഥനെയാണ്. സുരേഷ് ഗോപിയും സംസാരിച്ചു.
എല്ലാവരോടും മല്‍സരിക്കാനില്ല എന്ന് സ്‌നേഹത്തോടെ മറുപടി നല്‍കി. അതേസമയം, രാജ്യസഭയിലേക്ക് സീറ്റ് നല്‍കിയാല്‍ സ്വീകരിക്കും. ഏത് പാര്‍ട്ടി നല്‍കിയാലും സ്വീകരിക്കുമെന്നും എല്ലാ പാര്‍ട്ടികളുമായും സൗഹൃദമാണ് ഉള്ളതെന്നും ഐഎം വിജയന്‍ പറഞ്ഞു. നമ്മുടെ ഉള്ളില്‍ ഒരുപാര്‍ട്ടിയുണ്ടെന്നും ആര്‍ക്കുവേണ്ടിയും മല്‍സരിക്കാനില്ലെന്നും ഇങ്ങനെ പോയാല്‍ മതിയെന്നും ഐഎം വിജയന്‍ പറഞ്ഞു.

കെ കരുണാകരന്‍ ഇടപെട്ടാണ് ജോലി വാങ്ങി തന്നത്. ആ നന്ദി അദ്ദേഹത്തോട് എപ്പോഴുമുണ്ടാകും. അതുകൊണ്ടാണ് ഡിഐസിയില്‍ ചേര്‍ന്നത്. ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുമില്ല. എങ്കിലും രാജ്യസഭാ സീറ്റ് ഏത് പാര്‍ട്ടി നല്‍കിയാലും സ്വീകരിക്കും. കായിക മേഖലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ അതുവഴി സാധിച്ചാല്‍ ചെയ്യുമെന്നും ഐഎം വിജയന്‍ പറഞ്ഞു.
അമിത് ഷാ ഓഫീസറെ അയച്ചു
അമിത് ഷാ ഡല്‍ഹിയില്‍ നിന്ന് ഒരു ഓഫീസറെ അയച്ചിരുന്നു. മല്‍സരിക്കാമോ എന്ന് ചോദിച്ചു. തനിക്ക് ഒരു പാര്‍ട്ടിയുമായും കമ്മിറ്റ്‌മെന്റില്ല എന്ന് മറുപടി നല്‍കി. രാജ്യസഭാ എംപി സ്ഥാനം തന്നാല്‍ കുഴപ്പമില്ലെന്നും മറുപടി നല്‍കിയെന്ന് ഐഎം വിജയന്‍ പറഞ്ഞു. ദാസ്മുന്‍ഷിയുടെ ഭാര്യ കൊല്‍ക്കത്തയില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി വിളിച്ചു. സിപിഎം നേതാക്കളും ബന്ധപ്പെട്ടെന്നും ഐഎം വിജയന്‍ പറഞ്ഞു.
സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിക്കാന്‍ പറഞ്ഞിരുന്നു. തടസം പറഞ്ഞപ്പോള്‍ നല്ല രീതിയിലാണ് പിരിഞ്ഞത്. ഡല്‍ഹിയില്‍ വരുമ്പോള്‍ വിളിക്കാന്‍ പറഞ്ഞു. സൗഹൃദം നിലനിര്‍ത്തണമെന്നും സുരേഷ് ഗോപി പറഞ്ഞുവെന്ന് ഐഎം വിജയന്‍ വിശദീകരിച്ചു. പിടി ഉഷയ്ക്കും സച്ചിന്‍ തെണ്ടുല്‍ക്കറിനും നല്‍കിയ പോലെ രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്നും വിജയന്‍ പ്രതികരിച്ചു.
ഡിഐസിയില്‍ മാത്രമേ ഞാന്‍ ഇതുവരെ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുള്ളൂ. അത് മുരളീധരന്‍ പറഞ്ഞതുകൊണ്ടാണ്. ഇനി ഒരു പാര്‍ട്ടിയിലേക്കുമില്ല. ഫുട്‌ബോള്‍ കളിച്ചതിനാല്‍ ഒരു നല്ല പേരുണ്ട്. അതുമായി മുന്നോട്ട് പോയാല്‍ മതി. നിയമസഭാ സീറ്റില്‍ മല്‍സരിക്കാനില്ല. എല്ലാ പാര്‍ട്ടികളുമായും സൗഹൃദം തുടരും. രാജ്യസഭാ സീറ്റ് തന്നാല്‍ സ്വീകരിക്കും- ഇതാണ് ഐഎം വിജയന്റെ നിലപാട്.












Click it and Unblock the Notifications