ഇനി 12 അല്ല 14 രൂപ വ്യത്യാസം, മാഹിയിലേക്ക് വേഗം വിട്ടോ; പെട്രോളിനും ഡീസലിനും ആളുകൂടും
കണ്ണൂര്‍: മാഹി വഴി യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടുണ്ട് കാര്യം. ഒന്ന വിലക്കുറവില്‍ മദ്യം ലഭിക്കും. മറ്റൊന്ന് വിലക്കുറവില്‍ വാഹനത്തില്‍ ഇന്ധനവും നിറയ്ക്കാം. മാഹി വഴി പോകുന്നവരാണെങ്കില്‍ തങ്ങളുടെ വാഹനത്തില്‍ ഒന്ന് ഫുള്‍ടാങ്ക് അടിക്കാന്‍ മറക്കുന്നവര്‍ കുറവാണ്. കാരണം, മാഹിയിലും കേരളത്തിലെയും തമ്മിലുള്ള ഇന്ധനവില വ്യത്യാസം ചില്ലറയല്ല. ഇപ്പോള്‍ തന്നെ മാഹിയില്‍ നിന്ന് ഇന്ധനം അടിക്കുന്നവരുടെ എണ്ണം ചില്ലറയല്ല.
ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ മാഹിയില്‍ നിന്ന് ഇന്ധനം അടിക്കുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ഇപ്പോള്‍ മാഹിയില്‍ കേരളവുമായുള്ള വില വ്യത്യാസം 12 രൂപയാണ്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ അത് ഇനിയും കൂടും. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് രൂപ സെസ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ മാഹിയിലെയും കേരളത്തിലെയും ഇന്ധനവില വ്യത്യാസം 14 രൂപ കടക്കും. ഈ ഒരു ഒറ്റക്കാരണമാണ് മാഹിയിലേക്ക് ഇന്ധനം അടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്. 2022 മേയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയില്‍ എക്‌സൈസ് തീരുവ കുറച്ചത്. ഇതിന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ കേരള സര്‍ക്കാര്‍ വില്‍പന നികുതിയില്‍ കുറവുണ്ടായിട്ടില്ല.

കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. ഇതോടെ മാഹിയും കേരളവും തമ്മിലുള്ള വില വ്യത്യാസം 12 രൂപയാളോമായി. ഏപ്രില്‍ 1 ആവുന്നതോടെ ഇത് 14 രൂപയിലേക്ക് എത്തും. ഇതാണ് മാഹിയില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നത്.
നിലവില്‍ മാഹിയില്‍ പെട്രോള്‍ വില 93.80 രൂപയും ഡിസലിന് 83.72 രൂപയുമാണ്. കണ്ണൂര്‍ ജില്ലയില്‍ പെട്രോളിന് 105.80 രൂപയും ഡീസലിന് 94.80 രൂപയുമാണ്. അധിക സെസ് ചുമത്തുന്നതോടെ കണ്ണൂരില്‍ പെട്രോള്‍ വില 108 രൂപയോളമാകും. അതേസമയം, മാഹിയില്‍ ഇന്ധന വില കുറയുന്നതോടെ അനധികൃത കടത്തും വര്‍ദ്ധിക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഇത് തടയണമെന്നാണ് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ബാരലുകളിലായി ആയിരക്കണക്കിന് ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്നിവയാണ് കടത്തുന്നത്. ഇത് സംസ്ഥാനത്തിന് വലിയ റവന്യു നഷ്ടത്തിന് ഇടയാക്കുന്നു. വ്യാപര നഷ്ടത്തിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മാത്രം 15 ഓളം പമ്പുകളാണ് അടച്ചുപൂട്ടിയത്. എന്നാല്‍ ഈ സാഹചര്യത്തില്‍ 40 പുതിയ പമ്പുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications