34 വർഷത്തെ സർവ്വീസിനിടയില്‍ ഇതുപോലെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല: ദിവസവും ആറായിരത്തിലേറപ്പേർക്ക് ഭക്ഷണം
പട്ടാളവും നേവിയും പൊലീസുമൊക്കെ അടക്കുന്ന ഔദ്യോഗിക സേനാവിഭാഗങ്ങള്‍ക്കൊപ്പം വിവിധ സംഘടനകളുടെ കീഴിലായും അല്ലതെയും ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ്
ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. ഇവർക്കെല്ലാം ഏത് നേരവും മുടങ്ങാതെ ഭക്ഷണം അവർ തിരച്ചില്‍ നടത്തുന്ന ഇടത്തേക്ക് കൃത്യമായി തന്നെ എത്തിക്കുന്ന നിരവധി സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കെഎച്ച്ആർഎ (കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍).
ദുരന്തബാധിത മേഖലയില്‍ ഏറ്റവും കൂടുതല്‍ പേർക്ക് ഭക്ഷണം എത്തിക്കുന്നുവെന്നതാണ് കെഎച്ച്ആർഎയെ മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മൂന്ന് നേരമായി ഏകദേശം ആറായിരത്തിലേറെപ്പേർക്കുള്ള ഭക്ഷണം സംഘടന തയ്യാറാക്കി നല്‍കുന്നു. മേപ്പാടി പോളിടെക്നിക്കില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തയ്യാറാക്കിയാണ് ഭക്ഷണ വിതരണം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും വയനാട് ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തിലാണ് ഇത്തരമൊരു കിച്ചണ്‍ ഞങ്ങള്‍ ഇവിടെ ആരംഭിച്ചതെന്നാണ് കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറ് അനീഷ് ബി നായർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. ദുരന്തമുണ്ടായാല്‍ അന്ന് മുതല്‍ തന്നെ ഞങ്ങള്‍ പ്രവർത്തനം ആരംഭിച്ചിരുന്നു. ആദ്യ ദിവസം ഇവിടെ പാചകം ഉണ്ടായിരുന്നില്ല. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ നിന്നും മൂന്ന് നേരത്തെ ഭക്ഷണം പാചകം ചെയ്തുകൊണ്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പിറ്റേ ദിവസം മുതലാണ് ഇവിടെ കിച്ചണ്‍ ആരംഭിച്ചത്. കുറെ ആളുകള്‍ ദുരന്തമേഖലയിലേക്ക് ഭക്ഷണവുമായി വരുന്നുണ്ട്. എന്നാല്‍ രാവിലെ കൊണ്ടുവരുന്ന ഭക്ഷണം ഉച്ചയാകുന്നതോടെ കേടാകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടു. ഈ സാഹചര്യത്തില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതകൂടുതലാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ലൈവായി ഒരു കിച്ചണ്‍ ആരംഭിച്ചത്. കാര്യം അറിയിച്ചപ്പോള്‍ ജില്ലാ ഭരണകൂടത്തിനും പൂർണ്ണ സമ്മതമായിരുന്നു.

മൂന്ന് നേരത്തെ ഭക്ഷണം ഇവിടെ നിന്നും കൃത്യമായി നല്‍കുന്നു. ഹോട്ടലുകാർ എന്ന് പറയുന്നത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശീലനം ലഭിച്ചവരാണ് ഹോട്ടലുകാർ. ഞങ്ങള്‍ക്ക് വളരെ വൃത്തിയോടെ ഭക്ഷണം പാചകം ചെയ്ത് എത്തിക്കാന്‍ സാധിക്കും. ഹോട്ടല്‍ ഉടമകള്‍ തന്നെ പാചകം ചെയ്യുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. കെഎച്ച്ആർഎയുടെ വയനാട്, കോഴിക്കോട് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രധാനമായും കിച്ചണ്‍ പ്രവർത്തിക്കുന്നത്.
ഭക്ഷണം കൊണ്ടുകൊടുക്കാനും മറ്റും സന്നദ്ധപ്രവർത്തകരാണ് സഹായിക്കുന്നത്. എടുത്ത് പറയേണ്ടത് പൊലീസ് സേനയുടെ സഹായമാണ്. അവരൊക്കെ യൂണിഫോമില്‍ തന്നെ ഹോട്ടലുകാരെപ്പോലെ ഭക്ഷണം തയ്യാറാക്കാന്‍ കൂടെക്കൂടുന്നു. എവിടെയൊക്കെയാണോ ഭക്ഷണം വേണ്ടത് അവിടെയെല്ലാം കൃത്യമായി ഭക്ഷണം കൊണ്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്നും അനീഷ് വ്യക്തമാക്കുന്നു.

ഇന്ന് രാവിലെ 2500 പേർക്ക്, ഉച്ചക്ക് 3000, രാത്രി 2000 എന്നിങ്ങനെയാണ് ഇന്ന് ഭക്ഷണം നല്‍കിയത്. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ അസോസിയേഷന്‍ തന്നെ വാങ്ങിച്ചിട്ടാണ് കിച്ചണ്‍ പ്രവർത്തനം തുടങ്ങിയത്. അതിന് ശേഷം കുറേയാളുകള്‍ സഹായങ്ങള്‍ എത്തിച്ചു. ഇപ്പോള്‍ നമ്മള്‍ പ്രധാനമായും കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് സാധനങ്ങള്‍ എടുക്കുന്നത്. അവിടെ ഇല്ലാത്തത് ഞങ്ങള്‍ തന്നെ വാങ്ങിക്കും.
എത്ര ദിവസം ഈ തിരച്ചില്‍ നടക്കുന്നുണ്ടോ, അത്രയും ദിവസം ഈ കിച്ചണ്‍ ഇതേപോലെ ഇവിടെ പ്രവർത്തിക്കും. അതിന് വേണ്ടിയുള്ള ടീം ഞങ്ങള്‍ക്ക് ഇവിടെയുണ്ട്. വിഭവ സമൃദ്ധം അല്ലെങ്കിലും നല്ല രുചികരമായ ഭക്ഷണമാണ് കൊടുക്കുന്നത്. അതില്‍ വെജും നോണ്‍വെജുമൊക്കെയുണ്ട്. സംഘടനയുടെ വയനാട് ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, സെക്രട്ടറി യു സുബൈർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുഗുണന്‍, സംസ്ഥാന സെക്രട്ടറി സില്‍ഹാദ് തുടങ്ങിയ പ്രധാനപ്പെട്ട ഭാരവാഹികളെല്ലാം തന്നെ ഇവിടെയുണ്ടെന്നും അനീഷ് ബി നായർ കൂട്ടിച്ചേർക്കുന്നു.
കെഎച്ച്ആർഎയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയാന്‍ ഡിവൈഎസ്പി രാജേഷിന് പറയാനും നൂറുനാവാണ്. തന്റെ 34 വർഷത്തെ സർവ്വീസിനിടയ്ക്ക് ആദ്യമായിട്ടാണ് ഇത്തരമൊരു സംഘാടനത്തോടെ ദുരന്തമേഖലയില്‍ പ്രവർത്തിക്കുന്ന സംഘത്തെ കാണുന്നത്. തിരച്ചിലിനും മറ്റും നിരവധി ആളുകളുണ്ട്. അവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ച് കൊടുക്കുക എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. അത് ഇവർ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications