കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ദരിദ്രരുടെ ശതമാനം 0.71 ആയി കുറഞ്ഞു; കാരണം ഇതാണ്; വിശദീകരിച്ച് തോമസ് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ കേരളത്തില്‍ പൊതു സംവിധാനം വഴി ജനങ്ങള്‍ക്കു ലഭ്യമാക്കുകയാണു ചെയ്യുന്നത്. അതിന്റെ ഗുണഫലമാണ് ദരിദ്രരുടെ ശതമാനം 0.71 ആയി കുറഞ്ഞതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ദരിദ്രരായി തുടരുന്ന ഈ ചെറുവിഭാഗത്തെ കൃത്യമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് അതിദാരിദ്ര്യ സര്‍വ്വേ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

kerala

ദാരിദ്ര്യം സാധാരണ അളക്കുക വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ദരിദ്രരെ എണ്ണുന്നതിന് ആദ്യം മിനിമം വേണ്ട വരുമാനം കണക്കാക്കണം. സുരേഷ് ടെണ്ടുല്‍ക്കര്‍ എന്ന വിദ്വാനാണ് നിലവിലുള്ള ദാരിദ്ര്യരേഖയെ നിര്‍വ്വചിച്ചത്. കേരളത്തില്‍ 2020-ല്‍ തുക ഗ്രാമങ്ങളില്‍ 1018 രൂപയും നഗരങ്ങളില്‍ 987 രൂപയുമാണ്. അടുത്തതായി ഈ വരുമാനം ഇല്ലാത്ത ജനസംഖ്യയെ കണക്കാക്കും. ഇതിനു ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ ഉപഭോഗ സര്‍വ്വേയാണ് ഉപയോഗപ്പെടുത്തുക.

ഇങ്ങനെ കണക്കാക്കുമ്പോള്‍ കേരളത്തില്‍ ദരിദ്രരുടെ ശതമാനം 7.05 ശതമാനമാണ്.
എന്നാല്‍ വരുമാനം എന്തിനാണ്? ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, മരുന്ന്, പാര്‍പ്പിടം തുടങ്ങിയ ചെലവുകള്‍ക്കാണല്ലോ. അതുകൊണ്ടു വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യം കണക്കുകൂട്ടുന്നതിനേക്കാള്‍ ഫലപ്രദം മിനിമം വേണ്ടുന്ന ആരോഗ്യവും വിദ്യാഭ്യാസവും ജീവിതനിലവാരവും ഉണ്ടോയെന്നു പരിശോധിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. അവര്‍ അങ്ങനെ വരുമാനം എന്ന ഏകമാന സൂചിക വിട്ടു വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ സൂചകങ്ങളെ കൂട്ടിച്ചേര്‍ത്ത് മള്‍ട്ടിഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് ഉണ്ടാക്കി.

അതുപ്രകാരം 2020-ല്‍ 107 രാജ്യങ്ങളെ പരിശോധിച്ചതില്‍ ഇന്ത്യയുടെ സ്ഥാനം 62 ആയിരുന്നു. വികസിത രാജ്യങ്ങളെ ഈ കണക്കുകൂട്ടതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ. ഈ മാതൃകയില്‍ നീതി ആയോഗും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നില താരതമ്യപ്പെടുത്തിക്കൊണ്ട് സൂചികകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 2021-ലെ പഠനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുപ്രകാരം കേരളത്തില്‍ ദരിദ്രരുടെ എണ്ണം ജനസംഖ്യയുടെ 0.71 ശതമാനമേ വരൂ. ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് ബീഹാറിലാണ്. 51.9 ശതമാനം.

എന്നുവച്ചാല്‍ മള്‍ട്ടിഡയമന്‍ഷണല്‍ സൂചിക എടുത്താല്‍ കേരളത്തിലെ ദരിദ്രരുടെ എണ്ണം ശതമാന അടിസ്ഥാനത്തില്‍ 7.05 ശതമാനമായിരുന്നത് 0.71 ശതമാനമായി കുറയുന്നു. എന്നാല്‍ ബീഹാറിലാവട്ടെ ദാരിദ്ര്യത്തിന്റെ തോത് 33.74 ശതമാനത്തില്‍ നിന്ന് 51.9 ശതമാനമായി ഉയരുന്നു.

എന്തുകൊണ്ട് ഈ കടകവിരുദ്ധ പ്രവണത? ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും സ്ഥിതി ബീഹാറു പോലെയാണ്. കാരണം ലളിതമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ കേരളത്തില്‍ പൊതു സംവിധാനം വഴി ജനങ്ങള്‍ക്കു ലഭ്യമാക്കുകയാണു ചെയ്യുന്നത്. അതിന്റെ ഗുണഫലമാണ് ദരിദ്രരുടെ ശതമാനം 0.71 ആയി കുറഞ്ഞത്.

ഇങ്ങനെ ദരിദ്രരായി തുടരുന്ന ഈ ചെറുവിഭാഗത്തെ കൃത്യമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് അതിദാരിദ്ര്യ സര്‍വ്വേ. ഈ കുടുംബങ്ങള്‍ക്കു മൈക്രോ കുടുംബ പ്ലാന്‍ ഉണ്ടാക്കി അവരുടെ കുറവുകള്‍ പരിഹരിച്ചാല്‍ കേരളം ദാരിദ്ര്യമുക്ത സംസ്ഥാനമാകും.

English summary
In Kerala, the poverty rate has come down to 0.71; reason Explained by Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X