ടെക്നോസിറ്റിയില്‍ 100 ദിവസത്തിനുള്ളിൽ 900 പേർക്ക് തൊഴിൽ നല്‍കും; പിണറായി വിജയന്‍
തിരുവനന്തപുരം: ടെക്നോസിറ്റിയിലെ പുതിയ ഐടി ബിൽഡിംഗ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവിടെ 100 ദിവസത്തിനുള്ളിൽ 900 പേർക്ക് തൊഴിൽ. ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടങ്ങളിലുമായി 500 പേർക്കും സൈബർ പാർക്കിൽ100 പേർക്കും സ്റ്റാർട്ട്അപ്പിലൂടെ 1000 പേർക്കും തൊഴിൽ. 95,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന നൂറുദിനത്തിനുള്ളിൽ 50,000 തൊഴിലവസരം ഉറപ്പു വരുത്തുന്ന തൊഴിൽദാന പദ്ധതിയിൽ ഐ ടി മേഖലയുടെ പദ്ധതികൾക്ക് രൂപരേഖയായെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണ മേഖലയിലൂടെ 17,500 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുക. ഇതിൽ 13,000 സംഘങ്ങൾ സംരംഭകർക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന1569 സംരംഭങ്ങളും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളിൽ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങൾക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർഗറ്റ് നിശ്ചയിച്ചു നൽകും.

ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാൽ ഈ ലക്ഷ്യത്തിലെത്തും. ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കിൽ കേരള ബാങ്ക് വഴി റീ ഫിനാൻസ് ചെയ്യും. 100 നാളികേര സംസ്ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും 750 പച്ചക്കറി സംഭരണ വിൽപന കേന്ദ്രങ്ങളിലായി 1500 പേർക്കും തൊഴിൽ നൽകും.
ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു രൂപം നൽകുന്ന സംരംഭങ്ങളിലൂടെ 3000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്നു. അപ്പക്സ് സഹകരണ സംഘങ്ങളായ കൺസ്യൂമർ ഫെഡ് (1000), മാർക്കറ്റ് ഫെഡ് (12), വനിതാഫെഡ് (174), റബ്ബർ മാർക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മത്സ്യഫെഡിന്റെ മുൻകൈയ്യിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications