വിളിച്ചുവരുത്തി അപമാനിക്കരുത്; കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ സംഭവത്തിൽ മന്ത്രി ബിന്ദു
തിരുവനന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദുവും സജി ചെറിയാനും. കാലകാരന്മാരേയും സാംസ്ക്കാരിക നായകരേയും മറ്റും വിളിച്ച് വരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് ബിന്ദു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജാസി ഗിഫ്റ്റിന് ഉണ്ടായ അപമാനത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
അതേ സമയം, മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണെന്നും സജി ചെറിയാൻ പറഞ്ഞു.

ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ടെന്നും അദ്ദേഹം എഴുതി.
മന്ത്രി ബിന്ദു പങ്കുവെച്ച കുറിപ്പ്:
കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു.....
സജി ചെറിയാൻ പങ്കുവെച്ച കുറിപ്പ്:
മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.
കഴിഞ്ഞ ദിവസമാണ് കോളേജ് ഡേ പരിപാടിക്കിടെ പരിപാടി അവതരിപ്പിക്കുന്നതതിനിടെ ജാസി ഗിഫ്റ്റിന്റെ കയ്യിൽ നിന്ന് പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിച്ചത്. അദ്ദേഹത്തിന്റെ കൂടെ ഗായകൻ സജിൻ കോലഞ്ചേരിയും ഉണ്ടായിരുന്നു. ജാസി ഗിഫ്റ്റിന് മാത്രമെ പാടാൻ അനുവാദമുള്ളൂവെന്ന് പറഞ്ഞാണ് മൈക്ക് പിടിച്ച് വാങ്ങിയത്. ഇതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു.












Click it and Unblock the Notifications