കളമശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ
എറണാകുളം: കളമശേരിയിൽ ഓടുന്ന ബസിൽ കയറിയ കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. അസ്ത്ര ബസിലെ കണ്ടക്ടർ ആയ ഇടുക്കി സ്വദേശി അനീഷാണ് (34) കൊല്ലപ്പെട്ടത്. പെൺസുഹൃത്തിനെ കളിയാക്കിയതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്ന് സൂചന.
ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജങ്ഷനിൽ വെച്ച് മിനൂപ് ബസിൽ ചാടി കയറുകയായിരുന്നു. മാസ്ക് ധരിച്ചാണ് പ്രതിയെത്തിയത്. തുടർന്ന് കൈയ്യിൽ കരുതിയ കത്തി വെച്ച് അനീഷിനെ കുത്തി. വീണ്ടും കുത്താൻ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞു. അനീഷിന്റെ നെഞ്ചിലും കയ്യിലും കഴുത്തിലുമാണ് മുറിവേറ്റത്.

കുത്തിയ ശേഷം മിനൂപ് അടുത്ത കവലയിൽ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ജുമാ മസ്ജിദിന് സമീപത്ത് കൂടി ഓടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലാകുന്നത്.
അനീഷിനെ ഉടൻ തന്നെ എറണാകുളം ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications