പ്രതിഫലത്തില്‍ വ്യക്തത വേണം; ഫഹദ് ഫാസിലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്
മലയാള സിനിമയില്‍ നിന്ന് കോടികള്‍ ആദായ നികുതി വകുപ്പിന് ലഭിക്കാനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി

കൊച്ചി: മോഹന്‍ലാലിന് പിന്നാലെ നടന്‍ ഫഹദ് ഫാസിലിന്റേയും മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. നേരത്തെ ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട നിര്‍മാണ കമ്പനിയില്‍ പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിഫലം സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്താനാണ് വിളിപ്പിച്ചത് എന്ന് ഫഹദ് ഫാസില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് ഫഹദ് ഫാസില്‍ അഡ്വാന്‍സ് തുക വാങ്ങിയിരുന്നു. എന്നാല്‍ തിരക്കേറിയ ഷെഡ്യൂള്‍ കാരണം പല സിനിമകളിലും ഫഹദിന് അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല. ഈ തുക ഫഹദ് വരുമാനത്തില്‍ ചേര്‍ത്തിട്ടുമില്ല. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലില്‍ നിന്ന് ആദായ നികുതി വകുപ്പ് മൊഴി രേഖപ്പെടുത്തിയത്.

മോഹന്‍ലാലിനേയും പൃഥ്വിയേയും വിളിപ്പിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടടെ കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മോഹന്‍ലാലിന്റെ മൊഴിയും ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ പൃഥ്വിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ ബിസിനസില്‍ മോഹന്‍ലാലിന്റെ പങ്ക്
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളയാളാണ് ആന്റണി പെരുമ്പാവൂര്‍. ആന്റണിയുമായുള്ള ബിസിനസ് ഇടപാടുകളെക്കുറിച്ച് ചോദിച്ച് അറിയാനാണ് മോഹന്‍ലാലിനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ വിദേശ നിക്ഷേപത്തിന്റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പ് ആരാഞ്ഞിട്ടുണ്ട്.

മലയാളസിനിമയില്‍ നിന്ന് ലഭിക്കേണ്ടത് 70 കോടി
മലയാള സിനിമാ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വിദേശത്തെ സ്വത്തുവകകള്‍ സംബന്ധിച്ചാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. സിനിമകളുടെ വിദേശ വിതരണാവകാശത്തിന്റെ മറവില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. മലയാള സിനിമാ രംഗത്ത് നിന്ന് ഏകദേശം 70 കോടി രൂപ ലഭിക്കാനുണ്ട് എന്നാണ് ആദായ നികുതി വകുപ്പിന്റെ അനുമാനം.

ഇനിയും ചോദ്യം ചെയ്യലുണ്ടാകും
വരും ദിവസങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട് ക്രൂടുതല്‍ പേരെ വിളിച്ച് വരുത്തി മൊഴിയെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ പ്രമുഖരുടെ നിക്ഷേപവും വരുമാനവും വെളിപ്പെടുത്തിയ വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.












Click it and Unblock the Notifications