പേളി മാണി, സെബിന്‍, സജു; സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളില്‍ ആദായ നികുതി റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബ് വ്ളോഗർമാരുടെ വീടുകളില്‍ ആദായാനനികുതി വകുപ്പിന്റെ റെയ്ഡ്. ചില വ്ളോഗർമാരുടെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. നടിയും അവതാരകയുമായ പേളി മാണി അടക്കമുള്ള പത്തോളം പേരുടെ വീട്ടിലാണ് പരിശോധന നടക്കുന്നതെന്നത് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സെബിന്‍, സജു മുഹമ്മദ് തുടങ്ങിയവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയോടെയാണ് പരിശോധന തുടങ്ങിയത്. പല യുട്യൂബ് വ്ളോഗർമാർക്കും രണ്ട് കോടി രൂപ വരെ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നികുതി അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഒരു കോടിക്ക് മുകളില്‍ പ്രതിവർഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളത്.
വ്ളോഗർമാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വ്ളോഗർമാരെ കേന്ദ്രീകരിച്ചുള്ള ആദായനികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ഇവർക്കെതിരെ ലഭിച്ചതായും സൂചനയുണ്ട്.
അതേസമയം, തന്റെ വീട്ടില്‍ റെയിഡ് നടക്കുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് വ്ളോഗർ സുജിത് ഭക്തന്‍ രംഗത്ത് വന്നു. തന്റെ വീട്ടില്‍ ഇതുവരെ ഒരു റെയ്ഡും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. 'റെയിഡ് സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടു. എന്റെ വീട്ടിൽ ഇതുവരെ റെയിഡ് ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും ജിഎസ്ടിയുമെല്ലാം അടക്കുന്നുണ്ട്. ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്' സുജിത് ഭക്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications