ബ്രിട്ടീഷ് ഓഫീസര്‍മാരെ വെടിവച്ചിട്ട മലപ്പുറത്തെ സമരക്കാര്‍; ചെമ്മാട്ടെ ആ കല്ലറ ആരുടേതാണ്?
മലപ്പുറം: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മറ്റെങ്ങും കണ്ടിട്ടില്ലാത്ത വെല്ലുവിളിയാണ് മലബാറില്‍ അവരെ എതിരേറ്റത്. ആയുധ ബലത്തില്‍ ലോകം അടക്കിവാണ ബ്രിട്ടീഷുകാരെ അടിച്ചോടിച്ച് പുതിയ ഭരണം നടത്തിയ ചരിത്രം പറയാനുണ്ട് മലപ്പുറത്തിന്. ധീര സമര നായകരുടെ ഓര്‍മ എന്നും ഇവിടത്തുകാര്‍ക്ക് ആവേശമാണ്.
1921 ആഗസ്റ്റില്‍ നടന്ന ഘോരമായ യുദ്ധത്തില്‍ മരിച്ചുവീണ ബ്രിട്ടീഷുകാരുടെ ഖബറടക്കം തിരൂരങ്ങാടിയില്‍ തന്നെ നടത്തുകയായിരുന്നു. മലബാര്‍ സമരത്തിന്റെ തുടക്കത്തിന് കാരണമായ ഒരു സംഭവം തിരൂരടങ്ങാടിയിലെ ചെമ്മാട് പട്ടണത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഹജൂര്‍ കച്ചേരി മന്ദിരത്തിലാണ് നടന്നത്. മൂന്ന് ഭരണത്തിന് കേന്ദ്രമായി പ്രവര്‍ത്തിച്ച ഈ മന്ദിരത്തിന് പതിറ്റാണ്ടുകളുടെ കഥ പറയാനുണ്ട്.

ചെമ്മാടുള്ള ടിപ്പു സുല്‍ത്താന്റെ കോട്ട പിടിച്ചടക്കി തകര്‍ക്കുകയും അവിടെ നിന്നുള്ള കല്ലുകള്‍ ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ ഹജൂര്‍ കച്ചേരി മന്ദിരം നിര്‍മിക്കുകയുമായിരുന്നു. എല്ലാ ഭാഗവും ഒരു പോലെ തോന്നിക്കുന്ന ഇന്തോ-യൂറോപ്യന്‍ മാതൃകയിലാണ് ഈ മന്ദിരം. ബ്രിട്ടീഷുകാരുടെ റവന്യൂ ഓഫീസ്, കോടതി, ജയില്‍, ഭരണകേന്ദ്രം എന്നിവയെല്ലാം ഈ മന്ദിരമായിരുന്നു. ഉന്നത ബ്രിട്ടീഷ് ഓഫീസര്‍മാര്‍ മലബാറിലെത്തിയാല്‍ ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങില്ല.
മന്ദിരം മോടിയോടെ
പഴമയുടെ പകിട്ട് ഒട്ടും കുറയാതെ ഇന്നും സംരക്ഷിച്ചു പോരുന്നു ഹജൂര്‍ കച്ചേരി മന്ദിരം. ബ്രിട്ടീഷ് ഭരണം, ആലി മുസ്ല്യാരും മാപ്പിള പോരാളികളും ചേര്‍ന്ന് സ്ഥാപിച്ച ഭരണം എന്നിവയെല്ലാം ഹജൂര്‍ കച്ചേരി കേന്ദ്രമായിട്ടാണ് നടന്നത്. സ്വാതന്ത്ര്യത്തിന് ശേഷം താലൂക്ക് ഓഫീസ് ആയിരുന്നു ഈ മന്ദിരം. അടുത്ത കാലത്താണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തതും നവീകരിച്ചതും. ജില്ലയിലെ പുരാവസ്തു വകുപ്പിന്റെ മ്യൂസിയം ആയിട്ടാണ് ഇപ്പോള്‍ ഹജൂര്‍ കച്ചേരി മന്ദിരം അറിയപ്പെടുന്നത്.
മലപ്പുറത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഈ മന്ദിരത്തില്‍ എത്തിയാല്‍ അറിയാന്‍ സാധിക്കും. ജില്ലയിലെ പുഴകള്‍, മലയോര-തീര പ്രദേശങ്ങള്‍, ഭൂ വിസ്തൃതി, ജില്ലയുടെ പ്രത്യേകതകള്‍, സ്വാതന്ത്ര്യ സമരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇപ്പോള്‍ മ്യൂസിയത്തില്‍ ലഭ്യമാണ്. ബ്രിട്ടീഷ് കാലത്തെ ജയില്‍ ഇപ്പോഴും അതുപോലെ നിലനിര്‍ത്തിയിരിക്കുന്നു. അതോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ഓട്ടുപാത്രങ്ങള്‍ ഉള്‍പ്പെടെ ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
ചരിത്ര സംഭവം ഇങ്ങനെ
മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍. ഈ മേഖലയിലെ ബ്രിട്ടീഷുകാരുടെ പ്രധാന ഓഫീസ് ആയിരുന്നു തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി. 1921 ആഗസ്റ്റ് 20നാണ് വലിയ യുദ്ധത്തിന് കാരണമായ സംഭവം ഈ മന്ദിരത്തില്‍ നടന്നത്. ഖിലാഫത്ത് സമരക്കാരില്‍ ചിലരെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് എത്തിയതായിരുന്നു ആലി മുസ്ല്യാരും സംഘവും.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ബ്രിട്ടീഷ് ഓഫീസര്‍ വെടിവയ്ക്കാന്‍ ആജ്ഞാപിച്ചു. കളക്ടര്‍ തോമസ് ആണ് വെടിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും, അതല്ല, റൗളിയാണ് ഉത്തരവിട്ടതെന്നും രണ്ട് അഭിപ്രായമുണ്ട്. ആദ്യം വെടിയേറ്റ് വീണത് കോട്ടയ്ക്കലിലെ സൈതാലി കോയ തങ്ങളാണ്. ആലി മുസ്ല്യാരെയും സംഘത്തെയും അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ട് മുതിര്‍ന്ന ബ്രിട്ടീഷ് ഓഫീസര്‍മാര്‍ അന്ന് തിരൂരങ്ങാടിയിലെത്തിയിരുന്നു.
വെടിവയ്പ്പില്‍ 18 സമരക്കാര്‍ കൊല്ലപ്പെട്ടു. ഇതോടെ സമരക്കാര്‍ പിന്തിരിഞ്ഞ് പോകുമെന്നാണ് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ കരുതിയത്. പക്ഷേ, അവര്‍ കൈയ്യില്‍ കിട്ടിയ വടിയും ആയുധങ്ങളും എടുത്ത് തിരിച്ചടിച്ചു. നിരവധി ബ്രിട്ടീഷ് ഓഫീസര്‍മാരും കൊല്ലപ്പെട്ടു. ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ശേഷം റെയില്‍പാളത്തിലൂടെ കോഴിക്കോട്ടേക്ക് മടങ്ങിയ ഓഫീസര്‍മാര്‍ കൂടുതല്‍ സൈനികരുമായി വന്നു എന്നത് മറ്റൊരു ചരിത്ര സംഭവം.
പാലക്കാട് എആര്‍ ക്യാമ്പിന്റെ കമാന്റര്‍ ആയിരുന്ന ലഫ്. വില്യം റൂഥര്‍ഫുഡ് ജോണ്‍സ്റ്റണ്‍, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള വില്യം ജോണ്‍ ഡങ്കണ്‍ റൗളി എന്നിവരുടെ കല്ലറയാണ് ഹജൂര്‍ കച്ചേരിയിലുള്ളത്. മറ്റു ബ്രിട്ടീഷ് ഓഫീസര്‍മാരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന ഓഫീസര്‍മാര്‍ നഷ്ടപ്പെട്ടത് ബ്രിട്ടീഷ് സൈന്യത്തിന് വലിയ തിരിച്ചടിയായി.












Click it and Unblock the Notifications