സ്വർണ്ണം തേടി ഇന്ത്യയും ഇറങ്ങുന്നു: സൗദിയുമായി മാത്രമല്ല ഇസ്രായേലുമായും കരാർ; കണ്ണ് ആഫ്രിക്കയിലും
ധാതുമേഖലയില്‍ ഇസ്രയേലുമായും സൗദി അറേബ്യയുമായും ഇന്ത്യ നിർണ്ണായകമായ ധാരണ പത്രത്തില്‍ ഒപ്പുവെക്കുന്നു. ആഭ്യന്തര വിതരണം ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സ്വർണം ഉള്‍പ്പെടേയുള്ള ധാതുക്കൾ പര്യവേക്ഷണം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായിട്ടാണ് കരാർ. കേന്ദ്ര ഖനി മന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇത്തരമൊരു ധാരണപത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
സമുദ്രജലത്തിൽ നിന്ന് പൊട്ടാസ്യം വേർതിരിച്ചെടുക്കാൻ സാധ്യമാകുന്ന സാങ്കേതിക കൈമാറ്റവും ഖനന പ്രക്രിയകളിൽ കൃത്രിമബുദ്ധി ഉൾപ്പെടുത്തുന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങളാണ് ഇസ്രായേലുമായുള്ള കരാറിൽ അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കരാറിന് അംഗീകാരം നൽകിയതായും ഇത് സംബന്ധിച്ച നയരൂപീകരണ ചട്ടക്കൂട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മാസങ്ങളിൽ ഇത് അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം ജി കിഷൻ റെഡ്ഡിയും സൗദി അറേബ്യയുടെ വ്യവസായ, ധാതു വിഭവ മന്ത്രിയും തമ്മിൽ നടന്ന തന്ത്രപരമായ കൂടിക്കാഴ്ചയെ തുടർന്നാണ് സൗദി അറേബ്യയുമായുള്ള ധാരണാപത്രം നിലവില്‍ വന്നത്. നിർണായക ധാതു മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യലും കരാറിലൂടെ ലക്ഷ്യമിടുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സാംബിയ തുടങ്ങിയ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ആസൂത്രണം ചെയ്യുന്നുണ്ട്. നിർണായക ധാതുക്കൾക്ക് സാധ്യതയുള്ള അന്താരാഷ്ട്ര മേഖലകളില്‍ 20 നോഡൽ ഓഫീസർമാരെ വിന്യസിക്കുമെന്ന് റെഡ്ഡി വ്യക്തമാക്കി. ഇന്ത്യൻ എംബസികള്‍ വഴി നിയമിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ ഉത്തവാദിത്തം ധാതു പര്യവേക്ഷണത്തില്‍ വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പദ്ധതികള്‍ വികസിപ്പിക്കുന്നതിലും ആവിഷ്കരിക്കുന്നതിലുമായിരിക്കും.
നേരത്തെ ധാതുഖനവുമായി ബന്ധപ്പെട്ട ലേല പ്രക്രിയയിൽ പങ്കുചേരാൻ മടിച്ചിരുന്ന തെലങ്കാന, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ ലേല പ്രക്രിയയിൽ പങ്കുചേരുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ധാതു കർമ്മ പദ്ധതിയിൽ നിലവിൽ 14 സംസ്ഥാനങ്ങൾ പങ്കെടുക്കുന്നുണ്ട്, ചർച്ചകൾ പുരോഗമിക്കുന്നതിനാൽ അസം, ജമ്മു കശ്മീർ, കേരളം എന്നിവകൂടി ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കേരള തീരത്ത് നിന്നുള്‍പ്പെടെ കടല്‍ മണല്‍ ഖനനം ചെയ്ത് വില്‍പ്പന നടത്താനും കേന്ദ്രത്തിന് നീക്കമുണ്ട്. ആദ്യഘട്ടത്തില്‍ കൊല്ലം മേഖലയിലെ 3 ബ്ലോക്കുകളില്‍ ഖനനം നടത്താനാണ് തീരുമാനം. കേരളത്തിന് പുറമെ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കടലില്‍ നിന്നും മണലും ധാതുക്കളും ഉള്‍പ്പെടെ ഖനനം ചെയ്യാനാണ് കേന്ദ്ര ഖനി മന്ത്രാലയം ടെന്‍ഡർ ക്ഷണിച്ചു കഴിഞ്ഞു.
കേരള തീരത്ത് മാത്രം 74.5 കോടി ടണ്‍ മണല്‍ ശേഖരമുണ്ടെന്നാണ് ജിയോളിക്കള്‍ സർവ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. സംസ്ഥാനത്തിന് അധികാരമുള്ള 12 നോട്ടിക്കല്‍ മൈലിനും അകത്തും പുറത്തുമായിട്ടാണ് ഈ മണല്‍ ശേഖരമുള്ളത്. മണല്‍ വാരുന്നതിന് പിന്നാലെ ലോഹ ധാതുക്കളും ഖനനം ചെയ്തെടുക്കാന്‍ നീക്കമുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും ഖനനം ചെയ്തെടുക്കാവുന്ന ലോഹധാതുക്കളുടെ നിർണ്ണയവും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications