ബിജെപി ഇത്തവണയും കേരളത്തില്‍ നിലം തൊടില്ല: സംപൂജ്യരാകുമെന്ന് സർവ്വെ, 20 സീറ്റും ഇന്ത്യാ സഖ്യത്തിന്
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് ബി ജെ പി വെച്ച് പുലർത്തുന്നത്. കഴിഞ്ഞ കുറച്ച് തവണകളായി തിരുവനന്തപുരത്ത് ബി ജെ പി വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ അത് കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരത്തിന് പുറമെ തൃശ്ശൂരിലും ഇത്തവണ പാർട്ടി വിജയം ലക്ഷ്യം വെക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തവണയും ബി ജെ പി നിരാശരാകേണ്ടി വരുമെന്നാണ് ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നേഷന്‍ സർവ്വേ അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളും എല്‍ ഡി എഫും യു ഡി എഫും അടങ്ങുന്ന ഇന്ത്യാ സഖ്യം നേടുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. എന്നാല്‍ എല്‍ ഡി എഫ്, യൂ ഡി എഫ് കക്ഷികള്‍ എത്ര സീറ്റ് നേടുമെന്ന് സർവ്വേ പറയുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് കേരളത്തില്‍ 19 സീറ്റുകളായിരുന്നു നേടിയത്. ആലപ്പുഴയില്‍ മാത്രം എല്‍ ഡി എഫും വിജയിച്ചു.

കഴിഞ്ഞ തവണ എല്‍ ഡി എഫും യൂ ഡി എഫും കൂടി 83 ശതമാനം വോട്ടായിരുന്നു നേടിയത്. എന്നാല്‍ഇത്തവണ അത് നേരിയ തോതില്‍ ഇടിയും. ഇന്ത്യാ ബ്ലോക്കിന് 78 ശതമാനം വോട്ട് വിഹിതമായിരിക്കും നേടാനാകുകയെന്നാണ് സർവ്വേ പറയുന്നത്. മറുവശത്ത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) കേരളത്തിൽ സാന്നിധ്യമുറപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുന്നുഎങ്കിലും ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സർവ്വേ അവകാശപ്പെടുന്നത്.
ബി ജെ പിയുടെ വോട്ടി വിഹിതം ഇത്തവണ നേരിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. 2019 ല്‍ 15 ശതമാനം വോട്ടായിരുന്നു കേരളത്തില്‍ അവർക്ക് ആകെ ലഭിച്ചതെങ്കില്‍ ഇത്തവണ അത് 17 ശതമാനമായിരിക്കുമെന്നാണ് സർവ്വേ പറയുന്നത്. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമായി 35801 പേരെ സാമ്പിളായി എടുത്താണ് മൂഡ് ഓഫ് ദ നേഷന്‍ ഇത്തവണ സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. 2023 ഡിസംബർ 15-നും 2024 ജനുവരി 28-നും ഇടയിലായിരുന്നു സർവ്വേ ഏജന്‍സി ജനങ്ങളുടെ അഭിപ്രായം തേടിയത്.
അതേസമയം, ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ (MOTN) സർവേ പ്രകാരം, കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 24ലും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡി എ വിജയിക്കും. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക.
എന്നാല്‍ കേരളത്തിലേത് പോലെ തമിഴ്നാട്ടിലും ബി ജെ പിക്ക് ഇത്തവണ സീറ്റൊന്നും ലഭിക്കില്ല. ഡി എം കെ നയിക്കുന്ന ഇന്ത്യാസഖ്യം 39 ല്‍ 39 സീറ്റും നേടുമെന്നും സർവ്വെ അവകാശപ്പെടുന്നു. ഇന്ത്യൻ സഖ്യത്തിന് 47% വോട്ടും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് 38% വോട്ടും ലഭിക്കുമ്പോൾ എന്‍ ഡി എ 15% വോട്ട് മാത്രമേ നേടൂ.












Click it and Unblock the Notifications