Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടന്‍ മാറും: യുഎസ് കോണ്‍ഗ്രസില്‍ നരേന്ദ്ര മോദി

വാഷിംഗ്ടൺ ഡിസി: അടുത്ത കാലത്ത് തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ സൗന്ദര്യം ആളുകളുമായി നിരന്തരം ബന്ധപ്പെടുന്നതും അവരെ ശ്രദ്ധിക്കുന്നതും അവരുടെ സ്പന്ദനം അനുഭവിച്ചറിയുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് കോണ്‍ഗ്രസിന്റെ (പാർലമെന്റ്) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.

 modi

പാർലമെന്റില്‍ പാകിസ്ഥാനെതിരേയും പരോക്ഷമായി മോദി വിമർശനം ഉന്നയിച്ചു. ഭീകരവാദം മനുഷ്യരാശിയുടെ ശത്രുവാണെന്നും അതിനെ കൈകാര്യം ചെയ്യുന്നതിൽ തെറ്റുകളില്ലെന്നും പാകിസ്ഥാന്റെ പേര് എടുത്ത് പറയാതെ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ വിമർശനം. "9/11 ന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയും മുംബൈയിൽ 26/11 ന് ശേഷവും ഒരു ദശകത്തിലേറെയുമായി തീവ്രവാദവും വിഘടനവാദവും ഇപ്പോഴും ലോകത്തിന് മുഴുവൻ അപകടമായി തുടരുന്നു," യുഎസിൽ തന്റെ ആദ്യ സ്റ്റേറ്റ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി പറഞ്ഞു.

"തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പുതിയ ഐഡന്റിറ്റികളും രൂപങ്ങളും സ്വീകരിക്കുന്നു, പക്ഷേ ഉദ്ദേശ്യങ്ങൾ ഒന്നുതന്നെയാണ്. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അത് കൈകാര്യം ചെയ്യുന്നതിൽ തെറ്റും ബദലുകളും ഉണ്ടാകില്ല. ഭീകരതയെ സ്‌പോൺസർ ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന അത്തരം എല്ലാ ശക്തികളെയും നമ്മൾ മറികടക്കണം," അദ്ദേഹം യുഎസ് കോൺഗ്രസിനോടായി വ്യക്തമാക്കി.

അതേസമയം, യുഎൻ ചാർട്ടറിന്റെ തത്വങ്ങളോടുള്ള ബഹുമാനം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ, പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആഗോള ക്രമം രൂപപ്പെടുത്തുന്നതെന്ന് ചൈനയേയും സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ആഘോഷിക്കാൻ നിങ്ങൾ ഇന്ന് ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയാണ്. രണ്ടു പ്രാവശ്യം അത് ലഭിക്കുന്നത് അസാധാരണമായ ഒരു അംഗീകാരമാണ്. ഈ ബഹുമതിക്ക്, ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്ക് ഞാൻ എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. മഹാത്മാഗാന്ധിക്കും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനും നമ്മള്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ച മറ്റു പലരെയും നമ്മള്‍ ഓർക്കുന്നു. ജനാധിപത്യം നമ്മുടെ പവിത്രമായ മൂല്യങ്ങളിൽ ഒന്നാണ്. സമത്വത്തെയും അന്തസ്സിനെയും പിന്തുണയ്ക്കുന്ന ആത്മാവാണ് ജനാധിപത്യമെന്നും മോദി കോണ്‍ഗ്രസില്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇത് രണ്ടാം തവണയാണ് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. രണ്ടുതവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രത്തലവനുമാണ് നരേന്ദ്ര മോദി. 2016ൽ ബരാക് ഒബാമയുടെ ഭരണകാലത്തായിരുന്നു പ്രധാനമന്ത്രി മോദി യുഎസ് കോൺഗ്രസിനെ ഇതിന് മുമ്പ് അഭിസംബോധന ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+