കെഎല്‍ രാഹുലിന് ഇന്ത്യന്‍ ടീം മാത്രം 3 കോടി നല്‍കും; ആകെ വരുമാനം എത്ര കോടിയെന്ന് അറിയുമോ
ഈ വർഷം ആദ്യം ബി സി സി ഐ പുറത്തുവിട്ട വാർഷിക കരാർ പട്ടിക പ്രകാരം കെഎൽ രാഹുലിന് ഗ്രേഡ് ബി കരാറാണുള്ളത്. ഇത് പ്രകാരം 3 കോടി രൂപ വാർഷിക ശമ്പളമായി ലഭിക്കും. നേരത്തെ എ ഗ്രേഡ് താരമായിരുന്ന രാഹുല്‍ ഈ വർഷമാണ് ബി ഗ്രേഡിലേക്ക് എത്തിയത്. ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര എന്നിവരാണ് ഇതേ കരാർ ലഭിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.
2013ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കെഎൽ രാഹുൽ അരങ്ങേറ്റം കുറിച്ചു. അടുത്ത സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഒരു കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. അടുത്ത വർഷം ആർസിബിയിലേക്ക് മടങ്ങിയ അദ്ദേഹം ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരവുമായി. നിർഭാഗ്യവശാൽ, തോളെല്ലിന് പരിക്കേറ്റതിനാൽ 2017 ലെ ഐപിഎൽ പത്താം പതിപ്പ് അദ്ദേഹത്തിന് നഷ്ടമാകുകയും ചെയ്തു.

2018 ൽ, കിംഗ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിംഗ്സ്) രാഹുലിനെ 11 കോടി രൂപയ്ക്കാണ് സ്വന്തമാക്കുന്നത്. 2022-ൽ കെഎൽ രാഹുലിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) 17 കോടിയുടെ റെക്കോർഡ് വിലയ്ക്ക് വാങ്ങി. ഇതോടെ വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാരനാക്കി അദ്ദേഹത്തെ മാറ്റി. 2023 സീസണിലും ലഖ്‌നൗ അദ്ദേഹത്തെ ക്യാപ്റ്റനായി നിലനിർത്തി.
സ്‌പോർട്‌സ്‌കീഡയുടെ റിപ്പോർട്ട് പ്രകാരം, അരങ്ങേറ്റം മുതൽ ഐപിഎല്ലിൽ നിന്ന് കെഎൽ രാഹുൽ നേടിയത് 82.1 കോടി രൂപയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ എന്ന നിലയില്‍ കെ എൽ രാഹുൽ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 യ്ക്ക് 3 ലക്ഷം രൂപയും സമ്പാദിക്കുന്നതായും സ്‌പോർട്‌സ്‌കീഡ റിപ്പോർട്ട് ചെയ്യുന്നു.
കെ എൽ രാഹുലിന്റെ ആസ്തി ഏകദേശം 12 മില്യൺ ഡോളറാണ് (ഏകദേശം 99.83 കോടി രൂപ). ബോട്ട്, പ്യൂമ, റെഡ് ബുൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുമായുള്ള കരാറിലൂടേയും അദ്ദേഹം വലിയ വരുമാനം നേടുന്നുണ്ട്. ബെംഗളൂരുവിൽ ഒരു ആഡംബര ഭവനം സ്വന്തമായുള്ള അദ്ദേഹത്തിന് ലംബോർഗിനി ഹുറാകാൻ സ്പൈഡർ, ആസ്റ്റൺ മാർട്ടിൻ ഡിബി11, ഔഡി ആർ8 തുടങ്ങിയ വിലകൂടിയ കാറുകളുമുണ്ട്. വിലകൂടിയ വാച്ചുകളുടെയും സ്റ്റൈലിഷ് സ്‌നീക്കറുകളുടെയും അസൂയാവഹമായ ശേഖരവും അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications