ട്രെയിൻ യാത്രക്കാർ ഈ നിയമങ്ങൾ ശ്രദ്ധിക്കണേ, അല്ലെങ്കിൽ പണി കിട്ടും
ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. 177 വർഷം മുൻപാണ് ഇന്ത്യൻ റെയിൽവേ സ്ഥാപിക്കപ്പെട്ടത്. ഏകദേശം 68,000 കിലോ മീറ്ററാണ് ഇന്ത്യൻ റെയിൽവേയുടെ ദൈർഘ്യം. രാജ്യത്തുടനീളം ഏകദേശം 80 ശതമാനം സ്ഥലങ്ങൾക്കും ചേർന്ന് ഇന്ത്യൻ റെയിൽവേ സർവ്വീസ് നടത്തുന്നുണ്ട്. ഏകദേശം 23 ദശലക്ഷം യാത്രക്കാർ ഒരു ദിവസം ശരാശരി ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. അതു കൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല.
ഇത്രയും വലിയ, ഇത്രയും പേർ യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ കൃത്യമായ നടത്തിപ്പിന് ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി നിഷ്കർഷിക്കുന്ന ചില നിയമങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷയും പിഴയും അനുവദിക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്ക്ക് അധികാരമുണ്ട്. അപ്പോൾ യാത്രക്കാർ പാലിച്ചിരിക്കേണ്ട ചില അടിസ്ഥാന നിയമങ്ങൾ നോക്കാം.

ആദ്യത്തേത് അലാം ചെയിൻ (ALARM CHAIN) വലിക്കുന്നത് സംബന്ധിച്ചാണ്. മെഡിക്കൽ എമർജൻസി, യാത്രക്കാരുടെ സുരക്ഷ, അപകടങ്ങൾ തുടങ്ങിയ കാരണങ്ങൾക്ക് ചെയിൻ വലിക്കാം. അതേ സമയം കുട്ടികൾ , ഭിന്നശേഷിക്കാർ എന്നിവർക്ക് ട്രെയിനിൽ കേറുന്നതിന് വേണ്ടി പ്രത്യേക സാഹചര്യങ്ങളിലും ട്രെയിൻ ചെയിൻ വലിക്കാം. അതല്ലാതെ, സ്വകാര്യ ആവശ്യങ്ങൾക്കോ മറ്റോ ട്രെയിൻ ചെയിൻ വലിച്ച് പിടിക്കപ്പെട്ടാൽ തക്കതായ ശിക്ഷ ലഭിക്കും.
രാത്രി നിയമങ്ങളും ഇന്ത്യൻ റെയിൽവേയിൽ കർശനമാണ്. രാത്രി 10 മണിയ്ക്ക് ശേഷം ഉറങ്ങാൻ കിടക്കുന്ന യാത്രക്കാർക്ക് മറ്റു യാത്രക്കാർ യാതൊരു ശല്യവും ഉണ്ടാക്കരുത് എന്നാണ്. ഫോണിൽ പാട്ട് വയ്ക്കുക, ഉറക്കെ സംസാരിക്കുക തുടങ്ങിയവ പരാതിപ്പെട്ടാൽ നടപടിയെടുക്കാം. രാത്രി 10 മണിയ്ക്ക് ശേഷം ടി ടി ഇ ടിക്കറ്റ് ചെക്കിങ് പോലും നടത്തരുതെന്നാണ് നിയമം.
സ്ലീപ്പർ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് മിഡ് ബെർത്ത് കിട്ടാറുള്ളവർക്കുള്ളതാണ് അടുത്ത നിയമം. മിഡിൽ ബെർത്ത് ഓപ്പൺ ചെയ്ത് ഉപയോഗിക്കാനുള്ള സമയം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ്. മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തിൽ പകൽ സമയത്ത് ഇത് കിടക്കാനായി ഉപയോഗിക്കാൻ പാടുള്ളതല്ല.
ഇനിയുള്ള ഒരു നിയമം യാത്രക്കാർക്ക് ഉപകാരപ്രദമായതാണ്. നിങ്ങൾക്ക് യാത്രക്കിടയിൽ ഇറങ്ങേണ്ട സ്റ്റോപ്പ് മാറ്റാൻ സാധിക്കും. ഉദാഹരണത്തിന് കോഴിക്കോട് നിന്ന് ഒരാൾ എറണാകുളത്തേക്ക് ടിക്കറ്റ് എടുത്തുവെന്നിരിക്കട്ടെ. പെട്ടെന്ന് യാത്രാ സാഹചര്യം മാറി നിങ്ങൾക്ക് തിരുവനന്തപുരത്തേക്ക് പോകണമെന്ന് കരുതുക. ടിക്കറ്റ് ടി ടി ഇയെ കണ്ട് നിങ്ങൾക്ക് എക്സ്റ്റന്റ് ചെയ്യാം. അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്യാം. റീഫണ്ട് ലഭ്യമല്ല എന്നോർക്കണം.












Click it and Unblock the Notifications