നാട്ടിലെത്താൻ കൊതിക്കുന്ന മലയാളികള്‍ക്ക് ആശ്വാസം; ക്രിസ്മസിന് സ്‌പെഷ്യല്‍ ട്രെയിന്‍
കൊച്ചി: ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ക്രിസ്മസിന് നാട്ടിലെത്താൻ കേരളത്തിന് പുറത്ത് ഉള്ള മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
23, 25 തീയതികളിൽ രാത്രി 11.30ന് മൈസൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെടും. പിറ്റേന്ന് വൈകീട്ട് 7.20ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്.

അതേപോലെ തന്നെ തിരിച്ചും രണ്ടു സർവീസുണ്ട്. 24, 26 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകീട്ട് 10 മണിക്ക് ട്രെയിൻ പുറപ്പെടും. പിറ്റേന്ന് വൈകീട്ട് 7.15ന് മൈസൂരുവിൽ എത്തുന്ന നിലയിലാണ് ട്രെയിൻ സർവീസ്. ബംഗളൂരു വഴിയാണ് സർവീസ്. 06211, 06212 നമ്പറുകളിലുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക.
അതേസമയം, വിമാന ടിക്കറ്റ് വർധനവിനെതിരെ ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. വിമാന യാത്രാ നിരക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വിമാന കമ്പനികൾക്ക് തോന്നുന്ന പോലെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
ആഭ്യന്തര വിമാന സർവ്വീസിൽ തീവെട്ടി കൊള്ളയാണ് കമ്പനികൾ നടത്തുന്നത്. വ്യോമയാന മേഖലയാകെ കേന്ദ്ര സർക്കാർ സ്വകാര്യവത്കരിച്ചതിന്റെ കെടുതിയാണ്സെ ജനങ്ങൾ ഈ അനുഭവിക്കുന്നത് എന്നും അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ അടക്കം ഉള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണിതെന്നും ഡി വൈ എഫ് ഐ പറഞ്ഞിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ആരോപണം.
അവധിക്കാലത്തും ഉത്സവ സീസണിലും കേരളത്തിലേക്ക് ഇന്ത്യയിലെ വിവിധങ്ങളായ നഗരങ്ങളിൽ നിന്നും ഉള്ള സർവ്വീസുകൾക്ക് നാലും അഞ്ചും ഇരട്ടി ചാർജ് ഈടാക്കി അവസരം നോക്കി യാത്രക്കാരെ പിഴിഞ്ഞു ലാഭമുണ്ടാക്കുകയാണ് വിമാന കമ്പനികൾ. സപ്തംബർ ഒന്ന് മുതൽ വിമാന യാത്രാ ചാർജ് തീരുമാനിക്കുന്നതിൽ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ കേന്ദ്ര സർക്കാർ ഈ കൊള്ളയടി പാർലിമെന്റിൽ അടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടും ഇടപെടാതെ കൈ മലർത്തുകയാണ്.
അവധിയും ആഘോഷവും പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന മലയാളികൾ അടക്കം ഉള്ളവരെ ദുരിതത്തിലാക്കുന്ന നിലപാടാണിത്. യാതൊരു ന്യായവുമില്ലാതെ തോന്നുന്ന പോലെ ചാർജ് ഈടാക്കുകയും അത് കൊണ്ട് കീശവീർപ്പിക്കുകയുമാണ് കമ്പനികൾ ചെയ്യുന്നത് എന്നും ഡിവൈഎഫ്ഐ പറയുന്നു












Click it and Unblock the Notifications