ഇന്ത്യ അംഗീകരിച്ചത് പലസ്തീനെ മാത്രം; നിലപാട് മാറ്റിയത് അമേരിക്കക്ക് വേണ്ടിയെന്ന് പിണറായി
കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് സിപിഎമ്മിന്റെ റാലി. സ്വപ്നനഗരി ട്രേഡ് സെന്ററിലെ യാസര്‍ അറാഫത്ത് നഗറില്‍ നടന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ലോകത്തെ സാമ്രാജ്യത്വ ശകതികള്‍ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതില്‍ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഈ സമ്മേളനം കോഴിക്കോട് നടത്തുന്നതില്‍ ഔചിത്വ ഭംഗിയുണ്ട് എന്നും ഇന്നത്തെ സാമ്രാജത്വവത്കരണത്തിനെതിരെ ഒരു ഐക്യനിര ഇവിടെ വെച്ച് തന്നെ രൂപപ്പെടുകയാണെന്നും പിണറായി പറഞ്ഞു. ലോകത്താകെ പലസ്തീന് നേരെ നടക്കുന്ന കൊടും ക്രൂരതയാര്‍ന്ന ആക്രമണങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധിക്കുന്നത് എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയും ബ്രിട്ടനുമടക്കം ഇസ്രയേലിന് ശക്തി പകരുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ പലസ്തീനൊപ്പമാണ് എന്നും ലണ്ടനില്‍ ലക്ഷക്കണക്കിനാളുകളാണ് പലസ്തീന് വേണ്ടി ഇറങ്ങിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഇടതുപക്ഷമാണ് മുന്നിലെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു. പലസ്തീനില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് അമേരിക്കയ്ക്ക് വേണ്ടി ഇസ്രായേല്‍ അനുകൂല നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മുസ്ലീം ലീഗിനെ റാലിക്ക് ക്ഷണിച്ചതിലും പിണറായി പ്രതികരിച്ചു. 'സി പി എം പലസ്തീന്‍ റാലിയിലേക്ക് വിളിച്ചാല്‍ വരുമെന്ന് ചിലര്‍ പറഞ്ഞു. അതിനാലാണ് ക്ഷണിച്ചത്. എന്നാല്‍ അവര്‍ വരില്ലെന്ന് അറിയാമായിരുന്നു. മണിപ്പൂര്‍ ജനതയോട് ഒപ്പമുണ്ട് എന്ന് പറയാതിരുന്നവര്‍ ഇസ്രായേലിന് ഒപ്പമുണ്ടെന്നു പ്രഖ്യാപിക്കുന്നത് കണ്ടു. ഇന്ത്യയില്‍ ഇസ്രായേലിന് നയതന്ത്ര ഓഫീസ് തുറക്കാന്‍ അനുവദിച്ചത് ആരാണ്?', പിണറായി ചോദിച്ചു.
ഇസ്രായേല്‍ ചാരസംഘടനയുമായി സഹകരിക്കാമെന്ന് നിശ്ചയിച്ചത് ആരാണ് എന്നും ഇതെല്ലാം ഇഴ കീറി പരിശോധിക്കണം എന്നും പിണറായി പറഞ്ഞു. സി പി എം എന്നും പലസ്തീന് ഒപ്പമാണ്. ഇതില്‍ നിലപാട് സ്വീകരിക്കാന്‍ പറ്റാത്ത ചിലരുണ്ടെന്നും ആരുടെയും പേരെടുത്തു പറയുന്നില്ല എന്നും പിണറായി പരിഹസിച്ചു. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോള്‍ ഇടതുപക്ഷത്തിനു നിഷ്പക്ഷ നിലപാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു
ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നെഹ്‌റുവിന്റെ നയമാണ് ഇന്ത്യ ഏറെക്കാലം പിന്തുടര്‍ന്നത്. എന്നാല്‍ നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത് എന്നും അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരക്കാരെ തിരുത്തുന്നതിന് ഇത് പോലെയുള്ള പരിപാടികള്‍ക്ക് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിലൂടെ ലോകത്തിന് മുന്നില്‍ ഇന്ത്യ അപമാനിതയായെന്നും കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇസ്രായേലുമായി സഹകരണത്തില്‍ അഭിമാനിക്കുന്ന നിലപാടാണ് ബി ജെ പിക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി ജെ പി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications