ഇന്ത്യാവിഷന്‍ വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതം
കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചെങ്കിലും ചാനലിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനം ഇപ്പോഴും അവതാളത്തിലാണ്. സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന വിവരം. ഇതിനിടെ മാര്ർച്ച് 15 ശനിയാഴ്ച ഉച്ചയോടെ സൈറ്റ് താത്കാലിമായി ലഭ്യമായെങ്കിലും സംപ്രേഷണം നിർത്തിവച്ചത് സംബന്ധിച്ച് ജീവനക്കാർ കൊടുത്ത വിശദീകരണ കുറിപ്പ് തന്നെയാണ് പ്രധാന വാർത്തയായി ഉണ്ടായിരുന്നത്.
ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന എംപി ബഷീറിനേയും കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയിരുന്ന ഉണ്ണികൃഷ്ണനേയും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ പണിമുടക്കിയിരുന്നു. ചാനല്‍ സംപ്രേഷണം നിര്‍ത്തുന്നതായി വാര്‍ത്താ അവതാരകന്‍ പറഞ്ഞുകൊണ്ടായിരുന്നു സംപ്രേഷണം നിര്‍ത്തിയത്.

ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു സമരം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയാണെന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. പിന്നീട് 10 മിനിട്ടോളം ചാനല്‍ ശൂന്യമായിരുന്നു.
അല്‍പസമയത്തിന് ശേഷം പല പഴയ പരിപാടികളുടേയും പുന:സംപ്രേഷണം നടത്തിയാണ് മാനേജ്‌മെന്റ് ചാനല്‍ ഓടിച്ചത്. ഇതിനിടെ ഇന്ത്യാവിഷന്റെ വെബ്‌സൈറ്റില്‍ ജീവനക്കാരുടെ വിശദീകരണ കുറിപ്പും പ്രത്യക്ഷപ്പെട്ടു. പക്ഷേ അല്‍പം കഴിഞ്ഞപ്പോഴേക്കും വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായി. വെബ്‌സൈറ്റ് നിശ്ചലമായിട്ട് ഇപ്പോള്‍ മൂന്ന് ദിവസമാകുന്നു.
മാര്‍ച്ച് 13 ന് ഉച്ചക്ക് 11 മണിയോടെയാണ് ചാനല്‍ സംപ്രേഷണം തടസ്സപ്പെടുത്തിയത്. അന്ന് രാത്രി എട്ട് മണിയോടെ ചാനലിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിക്കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞിരുന്നു. എന്നാല്‍ വെബ്‌സൈറ്റ് ഇപ്പോഴും പ്രശ്‌നത്തിലാണ്.












Click it and Unblock the Notifications