ശശി തരൂർ യാഥാർത്ഥ്യം പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ എന്ത് പുകിലാണ്: പിന്തുണയുമായി മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് ശശി തരൂർ യാഥാർത്ഥ്യം പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പുരോഗതിയെക്കുറിച്ച് തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ്. സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺഗ്രസിലുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി വ്യവസായങ്ങളാലും നിക്ഷേപകരാലും കേരളം ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമായി ഉയർന്നു. കേരളത്തിന്റെ വികസനം ലോക മാതൃകയാണെന്ന് ഒരു ജനപ്രതിനിധി ലേഖനത്തിലൂടെ വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ വികസനത്തെ കുറിച്ച് അക്കമിട്ടാണ് ജനപ്രതിനിധി വിശദീകരിച്ചത്. പൊതുവായ ഒരു പ്രസംഗം നടത്താതെ കേരളം ഐടി രംഗത്തെ സ്റ്റാർട്ടപ്പുകളുടെ വികാസത്തിൽ ലോകമാതൃകയായി എന്ന് കണക്കുകൾ നിരത്തിയാണ് അദ്ദേഹം വ്യക്തമാക്കിയത്. നാടിന്റെ വികസനം ചില മേഖലകളിൽ വലിയതോതിൽ നടന്നിരിക്കുന്നു എന്നത് ലോക മാതൃകയാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം എഴുതിയത്.

വ്യത്യസ്തതകൾക്കിടയിലും നാടിനെ സ്നേഹിക്കുന്നവരും നാടിന്റെ ഭാവി നന്നാവണമെന്ന് ചിന്തിക്കുന്നവരുമാണ് നമ്മൾ. നാടിന്റെ ഭാവി വളർന്ന് വരുന്ന കുഞ്ഞുങ്ങളാണ്. നാളെയുടെ വക്താക്കളായ കുഞ്ഞുങ്ങൾക്ക് വേണ്ടി കാലാനുസൃതമായ വികസനം നാടിനുണ്ടാകണം. നിറഞ്ഞ് നിൽക്കുന്ന ഈ സദസ് നാടിന്റെ വികസനത്തിന് നാം ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ലോകത്തിന് മുന്നിൽ കേരളം ഇത്രയും തിളങ്ങിനിൽക്കുന്ന ഒരു ഘട്ടത്തിൽ കേരളം ഒന്നിനും കൊള്ളില്ല എന്നുപറയുന്നവർ കേരളത്തിന്റെ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പറഞ്ഞു. ഞങ്ങൾ 8 മാസത്തോളം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് 50ഓളം പ്രിപ്പറേറ്ററി പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്കെത്തി നിൽക്കുകയാണ്. ഈ ഘട്ടത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുത്. വികസനമാണ് വിഷയം. കേരളത്തിനാണ് നേട്ടം. നമുക്കൊന്നിച്ച് നിൽക്കാം. കേരളത്തെ മുന്നോട്ടുനയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളം മുന്നേറണമെന്ന നമ്മുടെ നാടിന്റെ പൊതുവായ താൽപര്യമാണ് ശ്രീ. ശശി തരൂർ എം പി കേരളത്തിന്റെ വ്യാവസായിക രംഗത്തെ മുന്നേറ്റത്തെ പ്രകീർത്തിക്കുന്ന ലേഖനത്തിലൂടെ മുന്നോട്ടുവെച്ചതെന്നും പി രാജീവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ ലഭിച്ച സംരംഭകവർഷം പദ്ധതിയെ ഉൾപ്പെടെ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. അദ്ദേഹം കേരളത്തിലെ സംരംഭകരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണം.
ഐബിഎം, കോങ്ങ്സ്ബെർഗ്, സ്ട്രാഡ ഗ്ലോബൽ, നോവ്.ഐഎൻസി അർമാഡ.എഐ, സാഫ്രാൻ, ഡി സ്പേസ്, അഗാപ്പെ, ഭാരത് ബയോടെക്, എച്ച് സി എൽ ടെക്, വിപ്രോ, ചോയിസ്, ലുലു, കല്യാൺ ഗ്രൂപ്പ് തുടങ്ങി കേരളത്തിൽ നിക്ഷേപം നടത്തുന്ന ഏതൊരാളും ഈ നാടിന്റെ മുന്നേറ്റത്തിനായി സർക്കാരിനൊപ്പം ഒന്നിച്ച് നിൽക്കുന്ന ഘട്ടത്തിൽ കേരളത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെങ്കിൽ അവർ ഒറ്റപ്പെടുകയാണുണ്ടാവുകയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications