ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്യാനൊരുങ്ങി ഇന്‍ഫോപാര്‍ക്ക് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി: മുന്‍ മാനേജറെ മര്‍ദിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്യാനൊരുങ്ങി ഇന്‍ഫോപാര്‍ക്ക് പൊലീസ്. നടനെ നോട്ടീസ് അയച്ച് വിളിപ്പിക്കാനാണ് തീരുമാനം. പൊലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ കോടതിയിലാണ് നടന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചനയാണ് നടക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസ് വിശദമായി അന്വേഷിക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു. നടന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി നാളെ പരിഗണിക്കും. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വിപിന്‍ വ്യാജ പരാതി ഉന്നയിച്ചതെന്നാണ് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നത്.

ടൊവിനോ നായകനായ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്. എന്നാല്‍ കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മര്‍ദിച്ചെന്ന് വിപിന്‍ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഡാലോചനയുടെ ഭാഗമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിക്കുന്നു. വ്യക്തിവൈരാഗ്യമാണ് വിപിന്റെ പരാതിക്ക് കാരണം. തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള ശ്രമമാണ്. തനിക്കെതിരെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മാനേജര്‍ പദവിയില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണങ്ങളെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയിലും സമൂഹ മാധ്യമ കുറിപ്പിലൂടെയും നടന്‍ പറയുന്നു.
താന്‍ താമസിക്കുന്ന കാക്കനട്ടെ ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് ദേഹമാസകലം മര്‍ദ്ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന തുടങ്ങി. ഫ്‌ളാറ്റില്‍ നിന്ന് നിലവില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം വാക്കു തര്‍ക്കം നടന്നതിന്റെ തെളിവുകള്‍ മാത്രമാണ് പൊലീസിന് കിട്ടിയത്. ഉണ്ണിയും വിപിനും തര്‍ക്കിക്കുന്നതും നടന്‍ വിപിന്റെ കൂളിങ് ഗ്ലാസ് പൊട്ടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മര്‍ദിക്കുന്നതായി കാണിക്കുന്നില്ല.
എന്നാല്‍ സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് മനപൂര്‍വം മാറ്റി നിര്‍ത്തിയാണ് നടന്‍ തന്നെ മര്‍ദിച്ചതെന്നാണ് വിപിന്‍ വിശദീകരിക്കുന്നത്. സംഭവം നടന്ന ഫ്‌ളാറ്റിന്റെ പരിസരത്ത് കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. മര്‍ദനം നടന്നുവെന്നതില്‍ കൂടുതല്‍ വ്യക്തത വന്നാല്‍ പ്രതിയായ ഉണ്ണി മുകുന്ദനെ നോട്ടീസ് അയച്ച് വിളിപ്പിക്കും.
കുറ്റം ബോധ്യപ്പെട്ടാല്‍ കോടതിയില്‍ നടനെതിരെ റിപ്പോര്‍ട്ട് നല്‍കും. അതേസമയം കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തൊഴിലിടത്തില്‍ നടന്ന അതിക്രമത്തില്‍ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയും അന്വേഷണം തുടങ്ങി. ആദ്യഘട്ട റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി എടുക്കാനുമാണ് തീരുമാനം.
ഫെഫ്ക ഭാരവാഹികളുമായി ഉള്‍പ്പെടെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കുന്നുണ്ട്. മര്‍ദിച്ചെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കേസെടുത്തതിന് പിന്നാലെ തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദന്‍ ഉന്നയിക്കുന്നത് എന്നുമാണ് വിപിന്റെ പ്രതികരണം. ഉണ്ണി മുകുന്ദനെ മേജര്‍ രവി അടക്കമുള്ളവര്‍ പിന്തുണച്ചിരുന്നു. വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്നയാളാണ് വിപിന്‍ കുമാര്‍.












Click it and Unblock the Notifications