ഐഎന്‍എല്‍; പുറത്താക്കലിനെ ശക്തമായി നേരിടാൻ തന്നെയാണ് തീരുമാനം: വഹാബ്
കോഴിക്കോട്: പിളർപ്പിന് ശേഷവും ഐഎന്‍എല്ലില്‍ നേതാക്കള്‍ തമ്മിലുള്ള വാഗ്വാദം അതിശക്തമായി തുടരുകയാണ്. 2018ൽ നിലവിലുള്ള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നത് മുതൽ പാർട്ടിയിലെ വിഭാഗീയത രൂക്ഷമായെന്നാണ് പ്രൊഫ. എപി അബ്ദുള്‍ വഹാബ് ആരോപിക്കുന്നത്. മെഹബൂബെമില്ലത്തിൻ്റെ സഹപ്രവർത്തകർ, പാർട്ടിയുടെ സ്ഥാപക നേതാക്കൾ പോലും, ഇതേ പ്രസിഡണ്ട്, സെക്രട്ടറിമാരാൽ പുറത്താക്കപ്പെട്ടിട്ടുണ്ട്.
അതിലും വലുതല്ല നമ്മളാരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പക്ഷെ വ്യാജ ദേശീയ കമ്മിറ്റിയുടെ പുറത്താക്കൽ നടപടികളെ ശക്തമായി നേരിടാൻ തന്നെയാണ് തീരുമാനം. മെഹബൂബെമില്ലത്തിന്റെ ആദർശ രാഷ്ട്രീയ നിലപാടുകൾ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

1994ൽ നാഷണൽ യൂത്ത് ലീഗിലൂടെയാണ് ഈയുള്ളവന്റെ ഐഎൻഎൽ പ്രവേശം, തിരുരങ്ങാടി നിയോജക മണ്ഡലം സെക്രട്ടറിയായി. തുടർന്ന് എൻവൈഎൽ മലപ്പുറം ജില്ലാ പ്രസിഡണ്ടും അതിനു ശേഷം സംസ്ഥാന പ്രസിഡണ്ടുമായി, പിന്നീട് ഐഎൻഎൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി. ഒമ്പത് വർഷം ആ സ്ഥാനത്തിരുന്നു, 2004ൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടറിമാരിലൊരാളായി. ഏഴു വർഷം സെക്രട്ടറിയായി തുടർന്നു. 2011ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു, 2018 വരെ ഇതേ സ്ഥാനത്ത് തുടർന്നു, 2018ൽ സംസ്ഥാന പ്രസിഡണ്ടായി.

1994ൽ മെയ് മാസത്തിൽ നടന്ന ഗുരുവായൂർ ഉപതെരഞ്ഞെടുപ്പ് സമയത്താണ് സേട്ടുസാഹിബിൻ്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്താനുള്ള നിയോഗമുണ്ടായത്.തുടർന്നു 2005 ൽ മെഹബൂബെ മില്ലത്തിൻ്റെ വിയോഗം വരെ ഇത് തുടരാനായി. മെഹബൂബെ മില്ലത്ത് എന്ന ഇതിഹാസ നായകനോടൊപ്പം ഇടപഴകാനും, ഒരുമിച്ച് യാത്ര ചെയ്യാനും ഒന്നിച്ചിരിക്കാനും പത്ത് വർഷത്തിലേറെക്കാലം കിട്ടിയ അസുലഭാവസരം ജീവിതത്തിലെ മഹാഭാഗ്യമാണ്.

1998ൽ മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ സേട്ടു സാഹിബാണ് എന്നെ സ്ഥാനാർത്ഥിയാക്കിയത്, മുഖ്യ പ്രചാരണ രംഗത്തും സേട്ടു സാഹിബായിരുന്നു. 2001ൽ തിരൂർ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതും സേട്ടു സാഹിബ് തന്നെ, 2006ൽ മഞ്ചേരി അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുമ്പോൾ സേട്ടു സാഹിബുണ്ടായിരുന്നില്ല. 2016ൽ കോഴിക്കോട് സൗത്തിലും 2021ൽ വള്ളിക്കുന്ന് മണ്ഡലത്തിലും LDF സ്ഥാനാർത്ഥിയായി. 2018 ഡിസംബർ മുതൽ LDF സംസ്ഥാന കമ്മിറ്റിയിലെ ഒരംഗമായി. 2016ൽ കോഴിക്കോട് സൗത്തിൽ ഞാൻ മത്സരിക്കുമ്പോൾ തന്നെ എനിക്കെതിരെ ചരടുവലികൾ നടന്നിരുന്നു, മത്സരാനന്തരം പക്ഷേ, ഞാനത് പ്രശ്നമാക്കിയിരുന്നില്ല, 2018ൽ നിലവിലുള്ള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നത് മുതൽ പാർട്ടിയിലെ വിഭാഗീയത രൂക്ഷമായി.

തുടക്കം കെപി ഇസ്മായീലിനെ പുറത്താക്കിക്കൊണ്ടായിരുന്നു, തുടർന്നു പുറത്താക്കൽ പരമ്പര തന്നെയുണ്ടായി. പാർട്ടിയെ ശിഥിലമാക്കാൻ മറ്റാർക്കോ വാക്ക് കൊടുത്തത് പോലെയാണ് മൂവർ സംഘത്തിൻ്റെ പെരുമാറ്റം തുടക്കം തൊട്ടിന്നോളം. നിഗൂഢമായൊരു അന്തർധാര പ്രവർത്തിക്കുന്നുണ്ടെന്ന് വേണം കരുതാൻ. ഈ കൊടും ചതി മറ നീങ്ങിവരാൻ ഇനിയും സമയമെടുത്തേക്കും. അപ്പോഴെക്കും അനേകം മടങ്ങ് പേർ പാർട്ടിയിൽ നിന്ന് പുറത്താവും, പുറത്താക്കപ്പെടും. ദേശീയദ്ധ്യക്ഷനെ ആയുധമാക്കി നടത്തിയ ഈ പുറത്താക്കൽ നേരത്തെ പ്ലാൻ ചെയ്യപ്പെട്ടതാണ്. 2021 സെപ്തംമ്പറിൽ കണ്ണൂരിൽ നടന്ന സംസ്ഥാന കൗൺസിലിൽ വഹാബ് പുറത്താക്കപ്പെടുമെന്ന് കണക്ക് കൂട്ടിയവരുണ്ടായിരുന്നു, അന്നത് ചീറ്റിപ്പോവുകയാണുണ്ടായത്

മെഹബൂബെമില്ലത്തിൻ്റെ സഹപ്രവർത്തകർ, പാർട്ടിയുടെ സ്ഥാപക നേതാക്കൾ പോലും, ഇതേ പ്രസിഡണ്ട്, സെക്രട്ടറിമാരാൽ പുറത്താക്കപ്പെട്ടിട്ടുണ്ട്. അതിലും വലുതല്ല നമ്മളാരും, പക്ഷെ വ്യാജ ദേശീയ കമ്മിറ്റിയുടെ പുറത്താക്കൽ നടപടികളെ ശക്തമായി നേരിടാൻ തന്നെയാണ് തീരുമാനം. മെഹബൂബെമില്ലത്തിന്റെ ആദർശ രാഷ്ട്രീയ നിലപാടുകൾ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്.

സേട്ടു സാഹിബിൻ്റെ വിയോഗത്തോടെ പാർട്ടിയുടെ ദേശീയ സ്വഭാവവും ഘടനയും അവസാനിച്ചു. കേരളത്തിന് വെളിയിൽ ഒരൊറ്റ സംസ്ഥാനത്തും പാർട്ടിക്ക് മെംബർഷിപ്പു പോലുമില്ല, പിന്നെ എവിടെ നിന്നാണ് 25000 പേർക്ക് ഒരാളെന്ന തോതിൽ ദേശീയ കൗൺസിൽ? ദേശീയ കൗൺസിലിൽ നിന്നാണ് ദേശീയ എക്സിക്യൂട്ടീവ് തെരഞ്ഞെടുക്കപ്പെടേണ്ടത്. സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട ദേശീയ കമ്മറ്റിയിൽ ആരൊക്കെയാണെന്നറിയുമോ? പറയാം: അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ, ഹംസ ഹാജി, മാഹിൻ, ഡോ. അമീൻ, കുഞ്ഞാവുട്ടി, മന്ത്രി ദേവർകോവിലിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അൻവർ സാദത്ത്... ദേശീയ കമ്മിറ്റി നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്കാരും ആദ്യ ആറു പേരുകാർ തന്നെ, ഇതേ ആളുകൾ വീണ്ടും യോഗം ചേർന്നു അവരോട് തന്നെ ആവശ്യപ്പെടുന്നു അബ്ദുൽ വഹാബിനെയും, നാസർ കോയ തങ്ങളെയും പുറത്താക്കണമെന്ന്. എന്നിട്ട് അതേ ആളുകൾ തന്നെ യോഗം ചേർന്നു അവരെ പുറത്താക്കുന്നു! പാർട്ടിയും ഘടനയും മെംബർഷിപ്പും സംവിധാനവുമുള്ള ഒരു പാർട്ടിക്ക് അംഗീകരിക്കാനാവുമോ ഈ കിട്ടുണ്ണി സർക്കസ്സ് ?

ഒരു പ്രാർത്ഥനയുണ്ട്, പാർട്ടിയുടെ കാവലാളുകളായി നടക്കുന്ന മൂവർ സംഘത്തിന്, പ്രത്യേകിച്ചും 'മുതിർന്നമാധ്യമ പ്രവർത്തകന്' സത്യം പറയാനുള്ള ഒരു യോഗം പടച്ചവൻ നൽകട്ടെ. നാവെടുത്താലും പേനയെടുത്താലും അയാൾ കളവേ പറയുന്നുള്ളൂ. ഒരാദർശ പ്രസ്ഥാനത്തിന്, പോകട്ടെ, ഏതൊരു രാഷ്ടീയ പാർട്ടിക്ക് പോലും ഇത് പോലെ കളവ് പറയുന്നവർ ബാധ്യതയാവും. എന്ത് തന്നെയാണെങ്കിലും പിന്നോട്ടില്ല. ഈ പ്രസ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല. പാർട്ടിക്കൊപ്പം മുന്നോട്ട് തന്നെ, എന്നും ഇടത് പക്ഷത്തോടൊപ്പം തന്നെ.












Click it and Unblock the Notifications