നടി ആരെന്നും എന്തെന്നും എല്ലാവർക്കുമറിയാം...! ഇരയെന്നേ വിളിക്കാനാവൂ..?? പരിഹാസവുമായി ഇന്നസെന്റും..!
കൊച്ചി: തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ നടി ആക്രമിക്കപ്പെട്ട സംഭവം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചര്‍ച്ചകളിലും വിവാദങ്ങളിലും മുങ്ങി നില്‍ക്കുന്നത്. പണത്തിന് വേണ്ടി നടന്ന അതിക്രമം എന്നെഴുതി സീല്‍ വെച്ച കുറ്റപത്രം, പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അപ്രസക്തമായിരിക്കുന്നത്. തുടക്കം മുതല്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുടെ സംശയമുന നീണ്ടത് നടന്‍ ദിലീപിലേക്കാണ്. താരസംഘടനയായ അമ്മ ആദ്യ ഘട്ടത്തില്‍ പ്രത്യക്ഷ പിന്തുണ നടന് നല്‍കിയെങ്കിലും രണ്ടാം ഘട്ടത്തില്‍ പ്രത്യക്ഷത്തില്‍ അതുണ്ടായില്ല. അതിനിടെ ആക്രമിക്കപ്പെട്ട നടിയെ പരിഹസിക്കുന്ന തരത്തില്‍ നടനും എംപിയും അമ്മ പ്രസിഡണ്ടുമായ ഇന്നസെന്റ് രംഗത്ത് വന്നത് വിവാദത്തിലായിരിക്കുകയാണ്.

അമ്മ ഇടപെട്ടില്ല
നടി ആക്രമിക്കപ്പെട്ടപ്പോള്‍ താരസംഘടനയായ അമ്മ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. അമ്മയുടെ പിന്തുണ ഒരു യോഗത്തില്‍ ഒതുങ്ങി. ഈ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മ പോലും രൂപപ്പെട്ടതും.

ഒറ്റപ്പെട്ട നിലയിൽ
നടിയോട് സഹതാപം പ്രകടിപ്പിച്ചവര്‍ ആരോപണ വിധേയനായ നടനെ പ്രതിരോധിക്കുന്ന തരത്തിലും പ്രതികരിക്കുകയുണ്ടായി. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ നടന്‍ സിനിമാ രംഗത്ത് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പ്രതികരണവുമായി ഇന്നസെന്റ്
താരരാജാക്കന്മാര്‍ ഭരിക്കുന്ന അമ്മയുടെ നിലപാട് വിഷയത്തില്‍ എന്തായിരിക്കുമെന്നതിന് ഇതുവരെ വ്യക്തതയില്ല. അമ്മയുടെ ഭാഗത്ത് നിന്നും ആദ്യത്തെ പ്രതികരണം ഇപ്പോള്‍ നടത്തിയിരിക്കുന്നത് ഇന്നസെന്റ് ആണ്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അമ്മ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് നടന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അമ്മയിലെ ചർച്ച
അതേസമയം വിഷയം ചര്‍ച്ച ചെയ്യണം എന്ന ആവശ്യം ഉയര്‍ന്നാല്‍ അത് ചര്‍ച്ചയാവും എന്നും ഇന്നസെന്റ് പറഞ്ഞു. അന്വേഷണം നടക്കുന്ന അമ്മയില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
സംഭവത്തിന് പിന്നിലെ കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുമുണ്ടെന്നും നടന്‍ മനോരമയോട് പറഞ്ഞു.

ഇരയെന്നേ വിളിക്കാനാവൂ?
നടിയുടെ പേര് ഫേസ്ബുക്കില്‍ കുറിച്ച് അജു വര്‍ഗീസ് വിവാദത്തില്‍പ്പെട്ടിരുന്നു.ഇതേക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത് നടിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് അഭിപ്രായം ഉയരുന്നത്. ആ നടിയെ നമ്മള്‍ എല്ലാവര്‍ക്കും അറിയാം. ആരാണ് എന്താണ് എന്നെല്ലാം. ഇര എന്നേ ഇനി അവരെ വിളിക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യം.

കുറ്റക്കാരുടെ കൂടെ നിൽക്കില്ല
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു. കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കില്ല. സത്യം പോലീസ് ഉദ്യോഗസ്ഥര്‍ പുറത്ത് കൊണ്ടുവരുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.












Click it and Unblock the Notifications