നര്‍മത്തിലൂടെ ഇന്നസെന്റ് തന്റെ ആഗ്രഹം പറഞ്ഞു, സിപിഎമ്മിലേക്ക് വരണം
കണ്ണൂര്‍: നര്‍മം ഇന്നസെന്റിന്റെ കൈമുതലാണ്. വേണമെങ്കില്‍ ജന്മസിദ്ധമായി കിട്ടിയ കഴിവ് എന്ന് പറഞ്ഞാലും കൂടിപ്പോകില്ല. ഒരു തരത്തില്‍ രാഷ്ട്രീയത്തിലേക്ക് കടന്നതും ഈ നര്‍മത്തിലൂടെയാണ്. എം പിയൊക്കെ ആയെങ്കിലും ഇന്നസെന്റിന്റെ രസികത്തരത്തിന് കുറവൊന്നുമില്ല. വേണ്ടയിടത്ത് അത് വേണ്ടപോലെ പ്രയോഗിക്കാനും ഇന്നസെന്റിന് അറിയാം.
ഇടതു ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് എം പിയായതിന് ശേഷം ആദ്യമായി സി പി എമ്മിന്റെ കോട്ടയായ കണ്ണൂരിലെത്തിയപ്പോള്‍ നര്‍മ്മത്തിലൂടെ ഇന്നച്ചന്റെ തന്റെ ആഗ്രഹം പറഞ്ഞു. മുതിര്‍ന്ന സി പി എം നേതാക്കളുടെ സാന്നിധ്യത്തില്‍ താന്‍ സി പി എമ്മിലേക്ക് വഴിതേടുന്നതായി ഇന്നസെന്റ് അവതരിപ്പിച്ചു.

സഖാവേ എന്ന വിളികേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. അതിന്റെ ഭാഗമായി മാറിയാലോ എന്നാണെന്റെ ചിന്ത. പക്ഷേ, അങ്ങനെയൊന്നും അങ്ങോട്ടടുക്കില്ലത്രെ. തറവാട് നോക്കും. അപ്പനാരെന്നു നോക്കും. പറയുമ്പോള്‍ അപ്പനും നല്ലൊരു കമ്യൂണിസ്റ്റായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്നസെന്റ് തുടങ്ങിയത്.
മുമ്പും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലരാവശ്യപ്പെട്ടിരുന്നു. അന്നത് സ്വീകരിച്ചില്ല. അര്‍ബുദരോഗത്തിനു ശേഷം ബോണസു കിട്ടിയതാണ് ഇപ്പോഴത്തെ ജീവിതം. അത് പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനാഗ്രഹിച്ചു. അത് തറവാടിത്തമുള്ള ഒരു പാര്‍ട്ടിക്കൊപ്പമാവണമെന്നതിനാലാണ് ഇടതുടിക്കറ്റില്‍ മത്സരിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.
താനും ഇനിയൊരു ജയരാജന്‍ ആകാന്‍ ശ്രമിക്കുകയാണെന്നും ഇന്നച്ചന്‍ പറയുന്നു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.












Click it and Unblock the Notifications